മുന്നണി സംവിധാനങ്ങളെ നിലംപരിശാക്കി എങ്ങനെയാണ് ട്വന്റി 20 പോലെ കോര്‍പറേറ്റ് കമ്പനിയുടെ മുന്‍കൈയിലുള്ള ഒരു കൂട്ടായ്മ നാലു പഞ്ചായത്തുകളിലെ ജനങ്ങളെ ഒപ്പം നിര്‍ത്തിയത്? വിചിത്രമായ ഈ കൂട്ടായ്മ കേരള രാഷ്ട്രീയത്തിന് നല്കുന്ന സന്ദേശം എന്താണ്?
എല്ലാ പ്രവചനങ്ങളെയും നിലംപരിശാക്കി, നാലു പഞ്ചായത്തുകളിലാണ് അവര്‍ ഇത്തവണ ഭരണം പിടിച്ചത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട പഞ്ചായത്തുകള്‍. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനില്‍നിന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. എല്‍ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ ഈ മുന്നേറ്റം എന്നതാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്.
''2020-ല്‍ ട്വന്റി 20 എന്ന പാര്‍ട്ടി തന്നെ ഇല്ലാതാവും''-കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിനു പിന്നാലെ മുന്‍ ട്വന്റി 20 നേതാവ് കെ.വി ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഈ വാചകം. 2020 വര്‍ഷത്തില്‍ കിഴക്കമ്പലത്തെ വികസന നെറുകയിലെത്തിക്കുക എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ട്വന്റി 20 കൂട്ടായ്മ അതേ വര്‍ഷം തന്നെ ഇല്ലാതാവും എന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്. എന്നാല്‍, എല്ലാ പ്രവചനങ്ങളെയും നിലംപരിശാക്കി, നാലു പഞ്ചായത്തുകളിലാണ് അവര്‍ ഇത്തവണ ഭരണം പിടിച്ചത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട പഞ്ചായത്തുകള്‍. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനില്‍നിന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. എല്‍ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ ഈ മുന്നേറ്റം എന്നതാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്. മുന്നണി സംവിധാനങ്ങളെ നിലംപരിശാക്കി എങ്ങനെയാണ് ട്വന്റി 20 പോലെ കോര്‍പറേറ്റ് കമ്പനിയുടെ മുന്‍കൈയിലുള്ള ഒരു കൂട്ടായ്മ നാലു പഞ്ചായത്തുകളിലെ ജനങ്ങളെ ഒപ്പം നിര്‍ത്തിയത്? വിചിത്രമായ ഈ കൂട്ടായ്മ കേരള രാഷ്ട്രീയത്തിന് നല്കുന്ന സന്ദേശം എന്താണ്?
വികസന അജണ്ട
വികസനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഇതാണ് ട്വന്റി 20 മുന്നോട്ടുവെയ്ക്കുന്ന മുഖ്യ വാഗ്ദാനം. കിഴക്കമ്പലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പരിപാടികളും മുന്‍നിര്‍ത്തിയാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് അവര്‍ വ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ തങ്ങളെ സ്വീകരിച്ചത് എന്നാണ് ഈ കൂട്ടായ്മ സ്വയം വിലയിരുത്തുന്നത്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയും മൂന്ന് മുന്നണികളുടെയും എതിര്‍പ്പും അരാഷ്ട്രീയ കോര്‍പ്പറേറ്റ് ഗൂഢാലോചന എന്ന വിമര്‍ശനവും കിറ്റെക്സിനെതിരായി ഉയര്‍ന്ന ആരോപണങ്ങളും എല്ലാം നിലനില്‍ക്കെയാണ് മൂന്ന് പഞ്ചായത്തുകളില്‍ അവര്‍ വെന്നിക്കൊടി നാട്ടിയത്. കിറ്റക്സ് ഫാക്റിയുടെ മലിനീകരണ പ്രശ്നത്തിനെതിരെ സമരം നടന്ന കിഴക്കമ്പലത്തെ രണ്ട് വാര്‍ഡുകളില്‍ കഴിഞ്ഞ തവണ അവര്‍ പരാജയം സമ്മതിച്ചിരുന്നു.
ട്വന്റി 20 പിറന്ന കഥ
കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 -ക്ക് രൂപം നല്‍കിയത്.
2013ലാണ് ട്വന്റി 20 ചാരിറ്റബിള്‍ സൊസൈറ്റി രൂപവല്‍കരിക്കുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയര്മാന് സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നല്കിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവര്‍ജ്ജനം അടക്കമുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചാണ് അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അവര്‍ മല്‍സര രംഗത്തിറങ്ങുകയായിരുന്നു.
ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അതിനകം ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിപ്രവര്‍ത്തിച്ചിരുന്നു ഈ കൂട്ടായ്മ. കമ്പനി നിയമിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഓരോ വീടുകളും കയറിയിറങ്ങി അവരുടെ ജീവിതനിലവാരവും ആവശ്യങ്ങളും രേഖപ്പെടുത്തി. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ താഴെ തട്ടിലുള്ളവര്‍, മധ്യവര്‍ഗക്കാര്‍, അതിനും മുകളില്‍ നില്ക്കുന്നവര് എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ചു. ഇവര്‍ക്കെല്ലാം വെവ്വേറെ കാര്‍ഡുകള്‍ നല്കി. ഈ കാര്‍ഡുള്ളവര്‍ക്ക് പച്ചക്കറി-പലചരക്ക് സാധനങ്ങള്‍ തൊട്ട് ഗൃഹോപകരണ ഉത്പന്നങ്ങള്‍ വരെ പകുതി വിലയ്ക്കു ലഭ്യമാക്കി. പാടങ്ങള്‍ സൗജന്യമായി ഉഴുതു കൊടുത്തു. വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായിച്ചു. ലക്ഷംവീടു കോളനികളില്‍ ഉള്‍പ്പെടെ സൗജന്യ കുടിവെള്ള ടാപ്പുകള്‍ നല്കി. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി. തങ്ങളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള രാഷ്ട്രീയക്കാര്‍ എതിരു നില്ക്കുന്നതിനാല്, പഞ്ചായത്തില്‍ അധികാരത്തില്‍ എത്തണം എന്നൊരാവശ്യം ഈ കൂട്ടായ്മ പിന്നീട് ജനങ്ങള്‍ക്കു മുന്നിലേക്കു വെച്ചു. അങ്ങനെയാണ്, ട്വന്റി 20 2015-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ആ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി 19-ല്‍ 17 വാര്‍ഡിലും ട്വന്റി 20 ജയിച്ചു.
ട്വന്റി 20 രൂപീകരിക്കുന്ന സമയത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 15 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍, 2015-ല്‍ ട്വന്റി 20 കളം പിടിക്കുകയായിരുന്നു. ട്വന്റി 20 ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് കേവലം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ട്വന്റി 20 പഞ്ചായത്ത് ഭരണമേറ്റെടുത്തത്. പതിനഞ്ച് സീറ്റുകള്‍ ഉണ്ടായിരുന്നിടത്തു നിന്ന് കോണ്‍ഗ്രസ് ഒരു സീറ്റിലേക്കു ചുരുങ്ങുകയാവയിരുന്നു ഇവിടെ. സി.പി.ഐ.എം ചിത്രത്തിലില്ലാതായി. എസ് ഡി പി ഐയ്ക്കാണ് അന്ന് ഒരു സീറ്റ് ലഭിച്ചത്. കമ്പനിയുടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണമുള്ള രണ്ട് വാര്‍ഡുകളാണ് അന്ന് ട്വന്റി 20ക്ക് നഷ്ടമായത്.
കമ്പനി ഭരണമെന്ന ആരോപണം
കേരളത്തിലെ മറ്റൊരു പഞ്ചായത്തിലും നിലവിലില്ലാത്ത വിധം കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചത്. പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടിനു പുറമേ, കമ്പനിയുടെ സി എസ് ആര് ഫണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഓണറേറിയത്തിനു പുറമേ 15,000 രൂപ കമ്പനിയുടെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടില്‍നിന്നും ശമ്പളമായി നല്കി. പ്രസിഡന്റിനു 25,000 രൂപയും വൈസ് പ്രസിഡന്റിനു 20,000 രൂപയും ശമ്പളം നല്കി. ഓരോ വാര്‍ഡിലെയും മെമ്പര്‍മാരെ സഹായിക്കാന്‍ ഓരോ സോഷ്യല്‍ വര്‍ക്കറെയും കമ്പനി ചെലവില്‍ നിയമിച്ചു.
ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒരു ജനപ്രതിനിധി മറ്റെവിടെ നിന്നും പാരിതോഷികം കൈപ്പറ്റാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് മറികടന്നാണ് സ്വകാര്യ കമ്പനിയുടെ ശമ്പളം അംഗങ്ങള്‍ പറ്റുന്നത് എന്നാണ് ആരോപണം. മാത്രമല്ല, വാര്‍ഡ് മെമ്പര്‍മാര്‍ക്കു മേല്‍ കമ്പനി ശമ്പളം പറ്റുന്ന സോഷ്യല്‍ വര്‍ക്കാര്‍മാരെ വെയ്ക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ട്വന്റി 20 ഭരണത്തിനെതിരെ അന്ന് മുതല്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സി.എസ്.ആര് നടപ്പിലാക്കാന്‍ നിയോഗിച്ച ട്രസ്റ്റിനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി, ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ മുഴുവന്‍ ഘടനയും കുത്തകവത്കരണത്തിലൂടെ തകര്‍ക്കുകയാണ് കിറ്റക്സ് ചെയ്തത് എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.
വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍
അതിനിടെയാണ് പഞ്ചായത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കു മേല്‍ കമ്പനി ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ.വി ജേക്കബ് രാജിവെച്ചത്. കമ്പനി കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ട്വന്റി 20 നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. റോഡ് വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കിറ്റക്സ് കമ്പനിയേയും സ്വന്തം പ്രോപ്പര്‍ട്ടിയേയും മാത്രം അടിസ്ഥാനമാക്കിയാണ് നടത്തുന്നതെന്നും കെ.വി ജേക്കബ് ആരോപിച്ചിരുന്നു. കമ്പനി മുതലാളിക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ട്വന്റി 20 വിജയിക്കാത്ത രണ്ട് വാര്‍ഡുകളിലെയും ജനങ്ങളോട് വിവേചനപരമായി പെരുമാറുന്നുവെന്നും കൂടി അദ്ദേഹം ആരോപണം ഉന്നയിച്ചു.
ഇതിനു പിന്നാലെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊക്കെ ഇടയിലാണ് ട്വന്റി 20 മറ്റ് പഞ്ചായത്തുകള്‍ കൂടി പിടിച്ചത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 16, 2020, 7:43 PM IST
Post your Comments