ജവഹർലാൽ നെഹ്‌റു - അടൽ ബിഹാരി വാജ്‌പേയി. ഇരുവർക്കുമിടയിൽ പൊതുവായ ഒന്നുണ്ട്. രണ്ടുപേരും അവരവരുടെ പാർട്ടികളിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ നേതാക്കളായിരുന്നു. 

പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കും മുമ്പ് വാജ്‌പേയി ഒരു പത്രപ്രവർത്തകനായിരുന്നു. രാഷ്ട്ര ധർമ്മ, പാഞ്ചജന്യം തുടങ്ങിയ സംഘപരിവാർ പത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ കശ്മീർ സമരങ്ങളുടെ കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു വാജ്‌പേയി. അക്കാലത്ത് കശ്മീരിൽ പ്രവേശിക്കാൻ പെർമിറ്റ് വേണം എന്നൊരു നിബന്ധന കൊണ്ടുവന്നപ്പോൾ അതിനെ നേരിട്ടു ചെന്ന് ലംഘിക്കാൻ മുഖർജി തീരുമാനിച്ചു. അദ്ദേഹത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് വാജ്‌പേയി ആയിരുന്നു അന്ന്. 1953 -ൽ മുഖർജിയുടെ മരണശേഷമാണ് വാജ്‌പേയി സജീവമായി ജനസംഘത്തിന്റെ പ്രവർത്തനത്തിന് ഇറങ്ങുന്നത്. 

ജനസംഘത്തിലെ വാജ്‌പേയിയുടെ അസാമാന്യമായ ജനപ്രീതി അദ്ദേഹത്തിന് അധികം താമസിയാതെ തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ഒരു അവസരം നൽകി. 1955 -ൽ നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് രാജിവെച്ച ഒഴിവിൽ ലക്‌നൗ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം ജനസംഘത്തിനുവേണ്ടി മത്സരിച്ചു. പ്രഭാഷണത്തിലുള്ള അപാരമായ കഴിവുകൊണ്ട്  വാജ്‌പേയിയുടെ പ്രചാരണയോഗങ്ങൾ ശ്രദ്ധേയമായെങ്കിലും, ഫലം വന്നപ്പോൾ  അദ്ദേഹം മൂന്നാം സ്ഥാനത്തായിപ്പോയി. രണ്ടുവർഷത്തിനുശേഷം 1957 -ൽ ജനസംഘം രണ്ടാമത്തെ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വാജ്‌പേയി മൂന്നിടത്തു നിന്ന് നാമനിർദ്ദേശപത്രിക നൽകി. ബൽറാംപൂരിൽ നിന്നും ജയിച്ചുകേറി. ലക്‌നൗവിൽ രണ്ടാമതായി. മഥുരയിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി. 

കോൺഗ്രസിന് ഭൂരിപക്ഷമുണ്ടായിരുന്ന ആ ലോക്‌സഭയുടെ അകത്തളത്തിൽ തന്റെ ശബ്ദം കേൾപ്പിക്കുക തന്നെ ചെയ്തു വാജ്‌പേയി എന്ന യുവനേതാവ്. പ്രമേയങ്ങൾ, ചർച്ചകളിന്മേൽ നടത്തിയ മറുവാദങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രഭാഷണകലയിലെ പാടവത്താൽ രസകരമായി. നെഹ്‌റു, വാജ്‌പേയിയുടെ പ്രസംഗങ്ങളാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. 1957 -ൽ ചില വിദേശ പ്രതിനിധികൾക്ക് വാജ്‌പേയിയെ പരിചയപ്പെടുത്തികൊണ്ട് നെഹ്‌റു പറഞ്ഞു, "ദിസ് യങ്ങ് മാൻ വിൽ ബികം ദ പ്രൈം മിനിസ്റ്റർ ഓഫ് ദിസ് കൺട്രി വൺ ഡേ..." പിന്നെയും പത്തുനാല്പതു വർഷമെടുത്തെങ്കിലും, നെഹ്‌റുവിന്റെ നാക്ക് പൊന്നായി. 1995 -ൽ വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

1977 -ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യവകുപ്പു മന്ത്രിയായി വാജ്‌പേയി. പ്രധാനമന്ത്രിയുടെയും പ്രതിരോധം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെയുമൊക്കെ ഓഫീസുകൾ സ്ഥിതിചെയ്തിരുന്നത് പാർലമെന്റ് മന്ദിരത്തിന്റെ സൗത്ത് ബ്ലോക്കിൽ ആയിരുന്നു. മന്ത്രിയായി സ്ഥാനമേറ്റെടുത്ത് സൗത്ത് ബ്ലോക്കിലേക്ക് വന്നുകേറിയപ്പോൾ, വാജ്‌പേയിക്ക് ചുവരിൽ എന്തോ 'മിസ്സിങ്ങ്' ആയി തോന്നി. അവിടെ മുമ്പ് പലവട്ടം വന്നുപോയിട്ടുള്ളപ്പോഴൊക്കെ കണ്ടിട്ടുള്ള എന്തോ ഒന്ന് ചുവരിൽ ഇപ്പോൾ കാണുന്നില്ല എന്നൊരു തോന്നൽ. അത് നെഹ്‌റുവിന്റെ ഒരു ചില്ലിട്ട ഛായാചിത്രമായിരുന്നു എന്ന് അദ്ദേഹത്തിന് ഓർമ്മവന്നു. അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വാജ്‌പേയി ചോദിച്ചു, "ഇവിടിരുന്ന നെഹ്‌റുവിന്റെ ചിത്രം എവിടെ..?" സത്യം പറഞ്ഞാൽ, ആ ചിത്രം ഇനി അവിടെ ഇരിക്കുന്നത് വാജ്‌പേയിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുകരുതി കോൺഗ്രസ് ചിഹ്നങ്ങളൊക്കെ തുടച്ചുമാറ്റുന്ന കൂട്ടത്തിൽ,  അവരിൽ ആരോ തന്നെ എടുത്ത് മാറ്റിയതായിരുന്നു. അപ്പോൾ ആരും തന്നെ മറുപടിയൊന്നും കൊടുത്തില്ലെങ്കിലും, അടുത്ത ദിവസം രാവിലെ വാജ്‌പേയി ആ വഴി നടന്നു പോകുമ്പോൾ ചുവരിൽ ചിരിച്ചുകൊണ്ട് നെഹ്‌റു ഇരിപ്പുണ്ടായിരുന്നു. ഇതേപ്പറ്റി വാജ്‌പേയി തന്നെയാണ് തന്റെ ഒരു പാർലമെന്റ് പ്രസംഗത്തിൽ സൂചിപ്പിച്ചത്. 

മതേതരമല്ലാത്ത ഇന്ത്യ ഇന്ത്യയേ അല്ല എന്ന് ഒരിക്കൽ പറഞ്ഞിട്ടുള്ള വാജ്‌പേയി ജനസംഘത്തിന്റെ സഹിഷ്ണുതയുടെ മുഖങ്ങളിൽ ഒന്നായിരുന്നു. സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും പതാകാവാഹകനായിരുന്നു  നെഹ്‌റുവും. കാർഗിൽ യുദ്ധത്തിന് തൊട്ടുമുമ്പുവരെയും അയൽരാജ്യങ്ങൾക്കിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കാൻ നെഹ്‌റുവിനെപ്പോലെ വാജ്‌പേയിയും  പരമാവധി ശ്രമിച്ചിരുന്നു. 'സദാ-എ-സർഹദ്‌ ' എന്ന ദില്ലി-ലാഹോർ ബസ്സ് സർവീസ് ആദ്യത്തെ ട്രിപ്പ് നടത്തിയപ്പോൾ അതിലിരുന്നു പാകിസ്ഥാനിൽ ചെന്ന് നവാസ് ഷെരീഫിനെ കാണാൻ വാജ്‌പേയി തയ്യാറായി. അന്ന് അവിടെ നടന്ന സൗഹൃദസമ്മേളനത്തിൽ വാജ്‌പേയി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട തന്റെ പ്രസിദ്ധമായ പ്രസ്താവന നടത്തി. "ശത്രുതയ്ക്ക് നമ്മൾ ഏറെ സമയം നല്കിക്കഴിഞ്ഞല്ലോ, ഇനി ഒരല്പനേരം സൗഹൃദത്തിനും നൽകാം..!" അന്ന് അത്രമേൽ സമാധാനവും സൗഹൃദവും ആഗ്രഹിച്ച അദ്ദേഹത്തെ പാകിസ്ഥാൻ സൈനിക മേധാവി പർവേസ് മുഷാറഫ്  വഞ്ചിച്ചുകൊണ്ട് കശ്‍മീരിൽ നുഴഞ്ഞുകയറ്റം നടത്തിയതും, തുടർന്ന് കാർഗിൽ യുദ്ധമുണ്ടായതും ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ്. 

ഇന്ത്യ കണ്ട ഏറ്റവും കർമ്മനിപുണരായ പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്ന വാജ്‌പേയി മരിച്ചിട്ട്  ഒരു വർഷം തികയുന്ന ഈ വേളയിൽ, അദ്ദേഹത്തിന് സ്മരണാഞ്ജലികൾ..!