Asianet News MalayalamAsianet News Malayalam

യുദ്ധം കുഞ്ഞുങ്ങളോട് ചെയ്യുന്നത്... ആ കുഞ്ഞുങ്ങളെ പരിചരിക്കേണ്ടതെങ്ങനെ; ആദ്യമായി പുസ്തകമിറങ്ങുന്നു

സേവ് ദി ചിൽഡ്രൻ എന്ന ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനങ്ങൾ പ്രകാരം യുദ്ധബാധിതമായ പ്രദേശങ്ങളിൽ മരിക്കുന്ന നാലിൽ മൂന്നു കുഞ്ഞുങ്ങളും മരിച്ചുപോവുന്നത് സ്ഫോടനാന്തരം വേണ്ട വിധത്തിലുള്ള പരിചരണം കിട്ടാതെ പോവുന്നതുകൊണ്ടുള്ള സങ്കീർണ്ണതകൾ കൊണ്ടാണ്. 

war children treatment book
Author
UK, First Published May 16, 2019, 7:07 PM IST

കുട്ടികളെ ആർക്കാണിഷ്ടമില്ലാത്തത്..? ഏതൊരു പരുക്കനായ വ്യക്തിയ്ക്കും കുഞ്ഞുങ്ങളുടെ നിറഞ്ഞ പുഞ്ചിരിയും കുസൃതിയും ഒക്കെ കണ്ടാൽ ചിരിവരും. ഏതൊരു കഠിനഹൃദയനും താങ്ങാനാവാത്തതും കൊച്ചു കുഞ്ഞുങ്ങളുടെ മുള ചീന്തും പോലുള്ള നിലവിളികൾ തന്നെയാവും. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അവർക്ക് ഒരു പനിവന്നാലോ, കളിക്കുന്നതിനിടെ കയ്യോ കാലോ തൊലിപോയി ചോരയൊലിച്ചാലോ ഒക്കെ പല അച്ഛനമ്മമാരും കണ്ണീർ വാർക്കും.  

war children treatment book

അബദ്ധവശാൽ പറ്റുന്ന പരിക്കുകൾ തന്നെ കണ്ടുനിൽക്കുക കഷ്ടമാണ്. അപ്പോൾ പിന്നെ മറ്റുള്ളവരുടെ പ്രവൃത്തികളാൽ കുഞ്ഞുങ്ങൾക്കുണ്ടാവുന്ന പരിക്കുകളോ..? യുദ്ധങ്ങൾ എല്ലാക്കാലത്തും ഏറ്റവുമധികം ജീവനെടുത്തിട്ടുള്ളത് കൊച്ചു കുഞ്ഞുങ്ങളുടേതാവും.  ആകാശത്ത് ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്നും തൊടുത്തുവിടുന്ന ബോംബുകൾക്ക് താഴെ സ്‌കൂളാണോ, വീടാണോ എന്നൊന്നും അറിഞ്ഞുകൂടല്ലോ. അവയ്ക്ക് താഴോട്ട് പാഞ്ഞുവരാനും പൊട്ടിത്തെറിക്കാനും കെട്ടിടങ്ങൾ തകർത്തു തരിപ്പണമാക്കാനുമല്ലേ അറിയൂ.. അതിർത്തി ഭേദിച്ചുകൊണ്ടു നടത്തുന്ന ഷെല്ലിങ്ങും അങ്ങനെ തന്നെ. യുദ്ധ മുഖത്ത് ക്രോസ് ഫയറിങ്ങ് നടക്കുമ്പോൾ പലപ്പോഴും ഇടയിൽ വല്ല കളിപ്പാട്ടമോ മറ്റോ എടുക്കാൻ പോവുന്ന കുഞ്ഞുങ്ങൾക്കും ഏൽക്കാറുണ്ട് വെടിയുണ്ടകൾ. അങ്ങനെ വെടികൊണ്ടും, ബോംബ് പൊട്ടിത്തെറിച്ചും, കെട്ടിടങ്ങൾ തകർന്നുവീണുമൊക്കെ യുദ്ധമുഖങ്ങളിൽ പരിക്കേൽക്കുന്ന കുട്ടികളെ പരിചരിക്കാൻ മുതിർന്നവരെ പരിചരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ മതിയാവില്ല. 

യുകെയിലെ ഒരു കൂട്ടം ഡോക്ടർമാർ ചേർന്ന് അത്തരത്തിലുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഒരു  വൈദ്യശാസ്‌ത്ര പുസ്തകം എഴുതിയിരിക്കുന്നു. ഈ വിഷയത്തിൽ  ഒരു പുസ്തകം ലോകത്തുതന്നെ ആദ്യമായിട്ടാണ്. The Paediatric Blast Injury Field Manual എന്നാണ് ഇതിന്റെ തലക്കെട്ട്. അതായത് യുദ്ധമുഖങ്ങളിലെ സ്‌ഫോടനങ്ങളിൽ പെട്ട് പരിക്കേൽക്കുന്ന കുട്ടികളെ പരിചരിക്കേണ്ടുന്നതിന്റെ സമഗ്രമായ ചികിത്സാവിധികളടങ്ങിയ ലോകത്തിലെ ആദ്യത്തെ പുസ്തകം. 

സേവ് ദി ചിൽഡ്രൻ എന്ന ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനങ്ങൾ പ്രകാരം യുദ്ധബാധിതമായ പ്രദേശങ്ങളിൽ മരിക്കുന്ന നാലിൽ മൂന്നു കുഞ്ഞുങ്ങളും മരിച്ചുപോവുന്നത് സ്ഫോടനാന്തരം വേണ്ട വിധത്തിലുള്ള പരിചരണം കിട്ടാതെ പോവുന്നതുകൊണ്ടുള്ള സങ്കീർണ്ണതകൾ കൊണ്ടാണ്. സ്‌ഫോടനങ്ങൾ അതിജീവിക്കുന്ന കുട്ടികളാവട്ടെ പിന്നീടങ്ങോട്ട് പോസ്റ്റ് ട്രോമാ സ്‌ട്രെസ് ഡിസോർഡർ അഥവാ സ്ഫോടനം നൽകിയ നടുക്കം കൊണ്ടുള്ള മാനസിക അസ്വാസ്ഥ്യങ്ങൾക്ക് അടിപ്പെടുന്നുണ്ട്. 

ഈ പഠനം നടത്തപ്പെട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ യുദ്ധമുഖങ്ങളായ നൈജീരിയ, അഫ്‌ഗാനിസ്ഥാൻ, യമൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ്. ഈ ഹാൻഡ് ബുക്കിൽ സ്‌ഫോടനത്തിൽ പരിക്കേൽക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താനുള്ള പ്രത്യേക ടെക്നിക്കുകളെപ്പറ്റിയും, അവരെ ചികിത്സിക്കുമ്പോൾ എടുക്കേണ്ട പ്രത്യേക മുൻ കരുതലുകളെപ്പറ്റിയും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വീകരിക്കേണ്ട മാർഗങ്ങളെപ്പറ്റിയും ഒക്കെ വിശദമായ പരാമർശങ്ങളുണ്ട്. യുദ്ധം സാരമായി ഉലച്ച പ്രദേശങ്ങളിൽ നിരവധി വർഷം  ജോലി ചെയ്ത് ഒരു കൂട്ടം പരിചയസമ്പന്നരായ ഡോക്ടർമാരാണ് ഇങ്ങനെ ഒരു ഹാൻഡ് ബുക്കിനു പിന്നിൽ.  

ഇതോടൊപ്പം, അന്തമില്ലാത്ത യുദ്ധം കുട്ടികളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെപ്പറ്റി പല ഞെട്ടിക്കുന്ന വിവരങ്ങളും ഈ ഹാൻഡ് ബുക്ക് തരുന്നുണ്ട്. 

2017-ൽ യമൻ, ഇറാഖ്, നൈജീരിയ, സിറിയ എന്നിവിടങ്ങളിൽ മാത്രം കൊല്ലപ്പെടുകയോ അംഗഭംഗം വരികയോ ചെയ്ത കുഞ്ഞുങ്ങളുടെ എണ്ണം 7,364  ആണ്. അതിൽ 5,322 എണ്ണവും സ്ഫോടനങ്ങളിലാണ്. 

war children treatment book

അഫ്‌ഗാനിസ്ഥാനിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ നടന്ന ശിശുമരണങ്ങളിൽ  84  ശതമാനവും സ്ഫോടകവസ്തുക്കൾ കാരണമാണ്. പ്രായപൂർത്തിയായവരുടെ മരണത്തിൽ സ്ഫോടകവസ്തുക്കൾക്കുള്ള പങ്ക് 56  ശതമാനം മാത്രമേ ഉള്ളൂ എന്നറിയുമ്പോഴാണ് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ യുദ്ധം എത്രകണ്ട് ബാധിക്കുന്നുണ്ട് എന്ന് നമ്മൾ തിരിച്ചറിയുന്നുള്ളൂ. പലപ്പോഴും മോർട്ടറുകളും, റോക്കറ്റുകളം, ഗ്രനേഡുകളും ഏറ്റു മരണപ്പെടുന്നത് പുറത്ത് കളിക്കാനും മറ്റും ഇറങ്ങുന്ന കുഞ്ഞുങ്ങളാണ്.  
 
2017-ൽ നൈജീരിയയിൽ നടന്ന ശിശുമരണങ്ങളിൽ പാതിയും ചാവേർ ആക്രമണങ്ങളിൽ IED ബോംബുകൾ പൊട്ടിയാണ്.  

കുഞ്ഞുങ്ങളുടെ അസ്ഥികൾക്ക് മുതിർന്നവരുടെ അസ്ഥിയെക്കാള്‍ വളയാനും ഒടിയാനും ഒക്കെയുള്ള പ്രവണതയുണ്ട്. അതുകൊണ്ടുതന്നെ ദീർഘകാലം നീണ്ടു നിൽക്കുന്ന പരിക്കുകൾ സംഭവിക്കാനുള്ള സാധ്യതയും അവർക്കുതന്നെ. ഒരു കുഞ്ഞിന്റെ തലയോട്ടി, മുതിർന്നയാളിന്റെയത്ര പരുക്കനല്ല. അതുകൊണ്ടുതന്നെ തലച്ചോറിന് തകരാറുപറ്റാനുള്ള സാധ്യതയും കുഞ്ഞുങ്ങൾക്ക് തന്നെയാണ് അധികം. 

കുട്ടികളുടെ ഉള്ളിലെ കൗതുകം യുദ്ധം കൊണ്ട് ഇല്ലാതാവുന്നില്ല. പലപ്പോഴും യുദ്ധഭൂമിയിൽ വന്നു വീണിട്ടും പൊട്ടാതെ പോവുന്ന ഗ്രനേഡും മറ്റും കാണാൻ നല്ല ചന്തമാവും. അവർ കളിപ്പാട്ടമെന്നു കരുതി ചെന്നെടുക്കുകയും ചെയ്യും. 

ഗാസയെപ്പോലുള്ള ചിലയിടങ്ങളിലാവട്ടെ, സ്‌ഫോടനങ്ങൾ കുഞ്ഞുങ്ങളെ മറ്റൊന്നിനും വിട്ടുകൊടുക്കാറില്ല. രോഗങ്ങളൊക്കെ ബാധിക്കാനുള്ള പ്രായമാവുമ്പോഴേക്കും അവർ സ്‌ഫോടനത്തിൽ മരിച്ചിട്ടുണ്ടാവും.  

ഗാസയിലെ മഹ്മൂദ് എന്ന ബാലൻ തെരുവിൽ കളിച്ചുകൊണ്ടിരിക്കെയാണ് ഒരു സ്ഫോടകവസ്തുവിൽ നിന്നും തിരിച്ചുവന്ന ചീള് അവന്റെ കണ്ണെടുത്തത്. 

കഴിഞ്ഞ ഒരു നൂറ്റാണ്ടായി യുദ്ധത്തിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് 'സേവ് ദി ചിൽഡ്രൻ' എന്ന സംഘടന. യുദ്ധമുഖത്തെ കാഷ്വാലിറ്റിയിൽ സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടറുടെ മുന്നിൽ പെട്ടെന്ന് പരിക്കേറ്റ ഒരു  കുഞ്ഞു വന്നുപെട്ടാൽ വേണ്ട പരിചയമില്ലെന്നുണ്ടെങ്കിൽ ആകെ പതറും. കാരണം അത്രയ്ക്കും ഭീകരമായ മുറിവുകളാണ് സ്‌ഫോടനത്തിൽ കുഞ്ഞുങ്ങൾക്ക് പറ്റുന്നത്. ഒപ്പം കുഞ്ഞുങ്ങളുടെ ചീറിപ്പൊളിച്ചുള്ള നിലവിളിയും ബഹളവും, അച്ഛനമ്മമാരുടെ കരച്ചിലും ഒക്കെയായി ആകെ സംഘർഷഭരിതമായ സാഹചര്യമാവും അവിടെ.

war children treatment book

ഈ ഹാൻഡ് ബുക്കിനു പിന്നിൽ പ്രവർത്തിച്ച ഡോ. പോൾ റീവ്ലി തന്റെ യുദ്ധാനുഭവങ്ങൾ വിവരിക്കുന്നു. "ഒരിക്കൽ എന്റെ മുന്നിൽ ഒരു പെൺകുട്ടി വന്നു. സ്‌ഫോടനത്തിൽ അവളുടെ രണ്ടു കാലുകളും ഒരു കയ്യും പൊടിഞ്ഞ് ഇല്ലാതെയായിരിക്കുന്നു. എന്റെ മോളുടെ പ്രായം കാണും കഷ്ടി. ഇങ്ങനെയുള്ള എത്രയോ പേരെ ചികിത്സിച്ചപ്പോൾ താൻ കടന്നു പോയ മാനസിക സമ്മർദ്ദങ്ങളാണ് അത്തരത്തിലുള്ള സാഹചര്യങ്ങളിൽ എത്തിപ്പെടുന്ന അത്ര പരിചയമില്ലാത്ത ചികിത്സകരുടെ സഹായത്തിനായി ഇങ്ങനെ ഒരു മാനുവൽ എഴുതുന്നതിനെപ്പറ്റി ഡോ. ചിന്തിക്കുന്നതും സർക്കാർ തലത്തിൽ ആലോചിച്ചുറപ്പിക്കുന്നതും. യുദ്ധം നടക്കുന്നിടങ്ങളിലേക്ക് എളുപ്പം കൊണ്ടുപോകാവുന്ന രീതിയിൽ കാണാം കുറഞ്ഞ ഡിസൈനാണ് പുസ്തകത്തിന്. 

യുദ്ധങ്ങളിൽ കുഞ്ഞുങ്ങൾക്ക് പറ്റുന്ന മുറിവുകൾ സാധാരണ വീണും മറ്റും ഉണ്ടാവുന്ന മുറിവുകളേക്കാൾ നാലിരട്ടി ബുദ്ധിമുട്ടാണ് ചികിത്സിക്കാൻ. വേണ്ടത്ര പരിചയമില്ലാത്ത ഒരാളാണ് ചെയുന്നതെങ്കിൽ അത്ര എളുപ്പമാവില്ല പണി. കുഞ്ഞുങ്ങൾ ചികിത്സയ്‌ക്കിടയിലും ശേഷവും വളർന്നുകൊണ്ടിരിക്കും എന്ന കാര്യം പരിഗണിക്കാതെ ചികിത്സിച്ചാൽ ഗുണത്തേക്കാളുപരി ദോഷമാവും സംഭവിക്കുക. അത് ഒടിഞ്ഞ എല്ലുകൾ ചേർക്കുന്ന കാര്യത്തിലായാലും, കൈ കാലുകൾ മുറിച്ചു മാറ്റുന്ന കാര്യത്തിലായാലും. സാധാരണ സംഭവിക്കാൻ സാധ്യതയുള്ള അബദ്ധങ്ങളെപ്പറ്റിയെല്ലാം ഈ മനുവലിൽ വിശദീകരണങ്ങളുണ്ട്. കുഞ്ഞുങ്ങൾ നിരന്തരം മരണാസന്നരാവുന്ന സിറിയയിലെ ഡോക്ടർമാരുടെ നിരന്തരമുള്ള ആവശ്യമാണ് ഒടുവിൽ ഈ ഒരു മനുവലിന്റെ രൂപത്തിൽ യാഥാർഥ്യമായിരിക്കുന്നത്. 

war children treatment book

ഒന്നുകൂടി പരിഷ്ക്കരിച്ച ശേഷം ഈ ഹാൻഡ് ബുക്കുകൾ അഫ്ഗാനിസ്ഥാനിലേക്കും യമനിലേക്കും, ഇതുപോലെ നിരന്തരം ബോംബുവർഷം നടക്കുന്ന, കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുന്ന ഇടങ്ങളിലേക്കും കൊടുത്തയക്കും. 

പല യുദ്ധങ്ങളും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് അതിൽ പരിക്കേറ്റ് നിസ്സഹായരായി കരഞ്ഞു കണ്ണീർ വാർത്തു നിൽക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളുടെ പേരിലാണ്. അങ്ങനെയുള്ള എത്രയോ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പും, അവരുടെ ജീവൻ കാക്കും, ഈ കുഞ്ഞു ഹാൻഡ് ബുക്ക്..!
 

Follow Us:
Download App:
  • android
  • ios