തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾക്കിടയിൽ കോമ്രേഡ് സ്റ്റാലിൻ അത്രമേൽ വിശ്വസിച്ച അഞ്ചു പാർട്ടി സഖാക്കൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായ അഞ്ചു പേർ. അവരായിരുന്നു സ്റ്റാലിനെ ചുറ്റിപ്പറ്റി അന്നുണ്ടായിരുന്ന ഉപജാപകവൃന്ദത്തിന്റെ നടത്തിപ്പുകാർ. അവരോട് മോസ്‌കോ ചെയ്തത് എന്താണ് എന്നുള്ള അന്വേഷണം നമ്മളെ കൊണ്ടെത്തിക്കുക ഞെട്ടിക്കുന്ന ചില തിരിച്ചറിവുകളിലേക്കാണ്.

 ലാസർ കഗാനോവിച്ച് (1893-1991)

ലാസർ കഗാനോവിച്ചിനെ ആദ്യം വിശ്വാസത്തിൽ എടുത്തത് കോമ്രേഡ് ലെനിൻ ആയിരുന്നു. സ്റ്റാലിൻ ലാസറിനെ വളരെ സുപ്രധാനമായ പല ദൗത്യങ്ങളും ഏൽപ്പിച്ചു. കലക്ടിവൈസേഷൻ, മോസ്കോയുടെ പുനർ നിർമാണം, റെയിൽവേ ലൈനുകൾ സ്ഥാപിക്കൽ തുടങ്ങി പലതും. 1955 വരെ മോസ്‌കോ മെട്രോ അറിയപ്പെട്ടിരുന്നത് കഗാനോവിച്ചിന്റെ പേർക്കായിരുന്നു. പിന്നീട് അത് ലെനിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്നതുവരെ. 

 

 

പാർട്ടി നിയോഗിച്ച ഒരു മേൽനോട്ടക്കാരൻ എന്ന നിലയിൽ കഗാനോവിച്ചിന്റെ പ്രിയ ആയുധം 'ഭയം' ജനിപ്പിക്കൽ ആയിരുന്നു. ആ പേര് കേട്ടാൽ തന്നെ താഴെയുള്ളവർ വിറയ്ക്കണം എന്ന് അദ്ദേഹത്തിന് നിര്ബന്ധമുണ്ടായിരുന്നു.'ഗ്രേറ്റ് ടെറർ' കാലത്ത് നടന്ന പല നിർമാർജനങ്ങളുടയും ഉന്മൂലനങ്ങളുടെയും പിന്നിലെ ഗൂഢാലോചന കഗാനോവിച്ചിന്റെ തലച്ചോറിൽ നിന്നും ഉത്ഭവിച്ചതായിരുന്നു. സംശയ ദൃഷ്ടിയോടെയാണ് അദ്ദേഹം ലോക്കോ പൈലറ്റുമാരെപ്പോലും കണ്ടിരുന്നത്. 

ക്രൂഷ്‌ചേവിന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ട ഇന്ധനം തുടക്കത്തിൽ കഗാനോവിച്ച് തന്നെയാണ് പകർന്നുകൊടുത്തത് എങ്കിലും, ക്രൂഷ്ചേവ് സോവിയറ്റ് റഷ്യയുടെ അധിപനാകുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു. ഒടുവിൽ ക്രൂഷ്ചേവ് ആ സ്ഥാനത്ത് എത്തുക തന്നെ ചെയ്തപ്പോൾ, ആദ്യം തൂക്കിയെടുത്ത് വെളിയിലിട്ടത് കഗാനോവിച്ചിനെ തന്നെയായിരുന്നു. സ്റ്റാലിന്റെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് എന്ന പേരിൽ കഗാനോവിച്ചിനെ ആദ്യം സ്റ്റേറ്റിന്റെ സ്‌ഥാനമാനങ്ങളിൽ നിന്നും പിന്നീട് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുവരെ പുറത്താക്കുന്ന സാഹചര്യമുണ്ടായി. 

തന്റെ ജീവിതത്തിലെ അടുത്ത മൂന്നു ദശാബ്ദങ്ങൾ തികഞ്ഞ ഒരു അജ്‌ഞാതവാസം നയിക്കുക എന്ന ശിക്ഷയാണ് കഗാനോവിച്ചിനു കിട്ടിയത്. ഒരുകാലത്ത് അധികാരത്തിന്റെ കൊടുമുടിയിൽ വിരാജിച്ചിരുന്ന ഈ സർവശക്തനായ പാർട്ടി വക്താവിനെ, അവസാന നാളുകളിൽ സകലരും അവഗണിച്ചു. എന്നാൽ, അവസാന ശ്വാസം വരെയും തന്റെ സ്റ്റാലിനിസ്റ്റിക് ബോധ്യങ്ങളോട് കൂറുപുലർത്തി ലാസർ കഗാനോവിച്ച് എന്ന ഈ സോവിയറ്റ് കമ്യൂണിസ്റ്റ് നേതാവ്.

വ്യാഷേസ്ളാവ് മോളോട്ടോവ് (1890-1986)

മോളോട്ടോവ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യം പരിചയിച്ച ബോൾഷെവിക്ക് ജോസഫ് സ്റ്റാലിൻ ആയിരുന്നു. അതുകൊണ്ടുതന്നെ സ്റ്റാലിനോട് തികഞ്ഞ കൂറുപുലർത്തി അദ്ദേഹം. തന്നെ വിശ്വസിച്ചേല്പിച്ച പ്രതിരോധം, വ്യവസായ വൽക്കരണം, സാമ്പത്തിക വളർച്ച എന്നിങ്ങനെയുള്ള മേഖലകളിൽ മോളോട്ടോവ് തികഞ്ഞ നിഷ്ഠയോടെ പ്രവർത്തിച്ചു. ദീർഘവീക്ഷണത്തോടുള്ള സോവിയറ്റ് റഷ്യയിലെ പഞ്ചവത്സര പദ്ധതികളെ നടപ്പിലാക്കുന്നത് മോളോട്ടോവ് ആണ്. പാർട്ടിക്കും, രാഷ്ട്രത്തിനും ഏനക്കേടുണ്ടാക്കും എന്ന് തോന്നിയ കരിങ്കാലികളെ ഉന്മൂലനം ചെയ്യാനുള്ള ഉത്തരവുകളിൽ അക്കാലത്ത് ഒപ്പിട്ടിരുന്നതും മോളോട്ടോവ് നേരിട്ടായിരുന്നു. 

 

 

അക്കാലത്ത് മോളോട്ടോവ് അറിയപ്പെട്ടിരുന്നത് വിദേശകാര്യ പൊളിറ്റിക്കൽ കമ്മിസ്സാർ എന്നായിരുന്നു. ജർമനിയുമായി അദ്ദേഹം, 1939 ഒരു സമാധാന ഉടമ്പടി ഒപ്പിടുന്നത് ഈ സ്ഥാനത്തിരുന്നുകൊണ്ടാണ്. അന്നത് അറിയപ്പെട്ടിരുന്നത് മോളോട്ടോവ്-റിബ്ബൺട്രോപ് പാക്റ്റ് എന്നാണ്. സ്റ്റാലിന്റെ മരണശേഷം കഗാനോവിച്ചിനെപ്പോലെ മോളോട്ടോവും ക്രൂഷ്‌ചേവിന്റെ കണ്ണിലെ കരടായി മാറി. സ്റ്റാലിനുവേണ്ടി പ്രവർത്തിച്ച ഉന്മൂലനങ്ങളുടെയും പീഡനങ്ങളുടെയും സർവ്വാധികാര്യക്കാരൻ എന്ന നിലക്ക് സകല സ്ഥാനമാനങ്ങളും പാർട്ടി അംഗത്വവും ഒക്കെ കളഞ്ഞു കുളിക്കേണ്ടി വന്നു മോളോട്ടോവിനും. 1986 -ൽ പാർട്ടി അംഗത്വം തിരികെ കിട്ടി എങ്കിലും, അക്കൊല്ലം തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. 

സെർജെയ്‌ കിറോവ് (1886-1934)

സ്റ്റാലിന്റെ ഏറ്റവും പ്രിയങ്കരനായ അനുയായി സെർജെയ് കിറോവ് ആയിരുന്നു. 1917 -ലെ ഒക്ടോബർ വിപ്ലവത്തിന് ശേഷം മാത്രമാണ് കിറോവ് സ്റ്റാലിന്റെ സംഘത്തിൽ ചേരുന്നത്. അതിനു മുമ്പ് അയാൾ മെൻഷെവിക്കുകയുടെ അണിയിൽ ആയിരുന്നു. ആ പഴയ രാഷ്ട്രീയ ചായ്‌വുകൾ ഒക്കെ അവഗണിച്ച്, പാർട്ടിയിലെ എതിർപ്പുകൾ അവഗണിച്ച് കിറോവിനെ പിബിയിൽ എടുപ്പിക്കുന്നത് സ്റ്റാലിൻ നേരിട്ടാണ്. പ്രതിഭാശാലിയായ ഒരു പ്രാസംഗികനായിരുന്നു അദ്ദേഹം. ഫാക്ടറിത്തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗങ്ങൾ അവർക്കിടയിൽ ഒരാളായി അദ്ദേഹത്തെ വളർത്തി. 

 

 

എന്നാൽ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്, 1934 -ൽ ലെനിൻഗ്രാഡിലെ തന്റെ ഓഫീസിനു മുന്നിൽ വെച്ച് കിറോവ് ഒരു അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുകയാണുണ്ടായത്. എന്തിന്റെ പേരിൽ, ആരാണ്  ആ കൊലപാതകം നടത്തിയത് എന്നത് ഇന്നും ഒരു നിഗൂഢതയായി തുടരുന്നു. ആരെങ്കിലും തന്നിഷ്ടപ്രകാരം ചെയ്തതാണോ, അതോ പാർട്ടിയിൽ തന്നെയുള്ള വല്ലവരുടെയും ക്വൊട്ടേഷൻ ആയിരുന്നോ അത് എന്നത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും പിന്നീടുള്ള അന്വേഷണങ്ങളിൽ ഉണ്ടായില്ല. സ്റ്റാലിൻ തന്നെയാണ് ഈ കൊലക്ക് ഉത്തരവിട്ടത് എന്നൊരു അഭ്യൂഹവും അക്കാലത്ത് ശക്തമായിരുന്നു. ഈ കൊലപാതകം പക്ഷേ, സ്റ്റാലിൻ തന്റെ രാഷ്ട്രീയ പകപോക്കലുകൾക്ക് ദുർവിനിയോഗം ചെയ്തു. കിറോവിന്റെയും സ്റ്റാളിന്റെയുമൊക്കെ രാഷ്ട്രീയ എതിരാളിയായ സിനോവീവിനെയും അനുയായികളെയും ഈ വധത്തിനു കാരണക്കാരായ ചിത്രീകരിച്ച് സ്റ്റാലിൻ വേട്ടയാടി. ഈ കൊലപാതകമാണ് സത്യത്തിൽ 'ഗ്രേറ്റ് ടെറർ' എന്നറിയപ്പെട്ടിരുന്ന സ്റ്റാലിന്റെ ഭീകരതയുടെ ഒരു തുടക്കം എന്ന് അടയാളപ്പെടുത്തപ്പെടുന്നത്. 

ക്ളിമെന്റ് വോറോഷിലോവ്  (1881-1969)

വിപ്ലവാനന്തര റഷ്യൻ ചരിത്രത്തിൽ ഏറ്റവും ദീർഘമായ അധികാര പാരമ്പര്യമുള്ളത് ഒരു പക്ഷേ വോറൊഷിലോവിനായിരിക്കും. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ അദ്ദേഹം ഉണ്ടായിരുന്നത് 34 വർഷത്തോളം കാലമാണ്. റഷ്യൻ ആഭ്യന്തരയുദ്ധകാലത്ത് തെക്കൻ മേഖലകളിൽ ഒരു സേനയെ നയിച്ചിരുന്നത് അദ്ദേഹമായിരുന്നു. പെട്രോഗ്രാഡിന്റെ നിയന്ത്രണം വോറൊഷിലോവിന്റെ കൈകളിൽ ആയിരുന്നു ദീർഘകാലം. ഫെലിക്സ് സെർഷിൻസ്കിയുമായി ചേർന്നുകൊണ്ട് പ്രതിവിപ്ലവകാരികളെ അടിച്ചൊതുക്കാൻ വേണ്ടി ഇദ്ദേഹം തുടങ്ങിയ ചെഖയാണ് ആദ്യം  NKVD -യായി മാറിയതും, പിന്നീട് KGB എന്ന ലോകപ്രസിദ്ധ റഷ്യൻ ചാരസംഘടന എന്ന് പ്രസിദ്ധിയാർജ്ജിച്ചതും.

 

 

സ്റ്റാലിന്റെ പ്രവൃത്തികളെ ന്യായീകരിച്ചുകൊണ്ടും ഉത്‌കൃഷ്ടവൽക്കരിച്ചുകൊണ്ടും 'സ്റ്റാലിൻ ആൻഡ് ദി റെഡ് ആർമി' എന്നൊരു പുസ്തകം തന്നെ വോറോഷിലോവ്  എഴുതിയിട്ടുണ്ട്. റഷ്യൻ സൈന്യത്തിന്റെ ആദ്യ മാർഷലുകളിൽ ഒന്നായ അദ്ദേഹം നിരവധി സൈനിക പരിഷ്‌ക്കാരങ്ങൾക്ക് ഉത്തരവാദിയാണ്. റഷ്യയുടെ പ്രതിരോധ വകുപ്പുമന്ത്രിയും ആയിട്ടുണ്ട്. അന്ന് പർജ് ചെയ്യപ്പെട്ട പല നേതാക്കന്മാരുടെയും വാറണ്ട് ഒപ്പിട്ടതും വോറോഷിലോവ്   തന്നെ. 

സ്റ്റാലിൻ മരിച്ച ശേഷവും ഏഴുവർഷത്തോളം വോറോഷിലോവ്  സുപ്രീം സോവിയറ്റ് പ്രെസിഡിയത്തിന്റെ ചെയർമാൻ ആയിരുന്നു. വാർധക്യത്തോളം പൂർണാരോഗ്യവാനായി ഇരുന്ന വോറോഷിലോവ്  ക്രെംലിൻ മതിലിനോട് ചേർന്ന് സംസ്കരിക്കപ്പെടാൻ ഭാഗ്യമുണ്ടായി അപൂർവം വിപ്ലവ സഖാക്കളിൽ ഒരാളായിരുന്നു. 

ലാവെൻറ്റി ബെറിയ (1899-1953)

1917 ലെ വിപ്ലവത്തിലെ തികഞ്ഞ ബോൾഷെവിക്ക് പക്ഷവാദി. ചെഖയുടെ അസർബൈജാൻ ബ്രാഞ്ച് വഴിയാണ് ബെറിയ അധികാരത്തിൽ എത്തുന്നത്. ജോർജിയയെ അച്ചടക്കത്തോടെ കൊണ്ട് നടത്തുക എന്ന ചുമതലയായിരുന്നു ബെറിയക്ക്. തുടർന്ന് NKVD -യിലും തിളങ്ങിയതോടെ ബെറിയ സ്റ്റാലിന്റെ കണ്ണിൽ പെടുന്നു. താമസിയാതെ ഏറ്റവും വിശ്വസ്തരിൽ ഒരാളാകുന്നു. സ്റ്റാലിന്റെ കുടുംബത്തോട് അടുത്തിടപഴകാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു ബെറിയയുടെ, അവരോടൊപ്പം ഡാച്ചയിൽ വച്ചെടുത്ത നിരവധി ചിത്രങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്.  

 

 

റഷ്യയുടെ ആണവ സ്വപ്നങ്ങളുടെ അമരത്ത് തുടക്കം തൊട്ടേ ബെറിയ ആണുണ്ടായിരുന്നത്. സ്റ്റാലിന് ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുക ബെറിയയുടെ രഹസ്യ ദൗത്യങ്ങളിൽ ഒന്നായിരുന്നു. ട്രോട്സ്കി എന്ന വിപ്ലവസഖാവിനെ കൊന്നുതള്ളിയത് ബെറിയ നേരിട്ടാണ്. അതുപോലെ സ്റ്റാലിന്റെ അനിഷ്ടം സമ്പാദിച്ച പലരെയും വിദേശ ചാരൻ എന്നും, ഏജന്റ് എന്നുമൊക്കെ ചാപ്പകുത്തി ഗുലാഗിൽ തള്ളി പണിയെടുപ്പിച്ച് കൊന്നിട്ടുണ്ട് അദ്ദേഹം. 
 
അറിയപ്പെടുന്ന ഒരു സ്ത്രീ ലമ്പടനും, സുന്ദരികളായ യുവതികളെ വേട്ടയാടി ബലാത്സംഗം ചെയ്യുന്നതിൽ ഹരം കണ്ടെത്തിയിരുന്ന ഒരാളുമായിരുന്നു ബെറിയ. എതിർക്കുന്നവരെ ഒന്നില്ലാതെ ഗുലാഗിൽ തള്ളും എന്ന് ഭീഷണി മുഴക്കുകയും പലരെയും അങ്ങനെ ഉപദ്രവിക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട് അന്ന്. 1953 -ൽ സ്റ്റാലിന്റെ മരണ ശേഷം, ബെറിയയും അതേ ഗുലാഗിലേക്ക് പറഞ്ഞയക്കപ്പെട്ടു. അക്കൊല്ലം തന്നെ ഫയറിംഗ് സ്‌ക്വാഡ് അദ്ദേഹത്തെ തോക്കിനിരയാക്കുകയും ചെയ്തു. 

കടപ്പാട് : റഷ്യ ബിയോണ്ട്