നിര്‍ഭയയ്ക്ക് അന്ന് അനുഭവിച്ചതെന്തെന്ന ഓർമ്മ പോലും നടുക്കമുണ്ടാക്കുമെങ്കിലും,അവൾ ഭാവിയിലേക്ക് ഒരു പ്രതീക്ഷയായി മാറി.പിന്നീട് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചിരിക്കാന്‍ ഭരണകൂടത്തിനായില്ല.കുറ്റവാളികളെ തൂക്കിലേറ്റുന്നത് വരെയും അവളുടെ അമ്മ നടത്തിയ പോരാട്ടം നിശ്ശബ്ദരാക്കപ്പെട്ട ഇരകൾക്കും അവരുടെ ബന്ധുക്കൾക്കുമടക്കം പ്രതീക്ഷ നൽകി.

ന്നേയ്ക്ക് 10 വഷം മുൻപ് 2012 സംബര്‍ 16 ന് രാത്രിയിൽ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസ്സുകാരി വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു.ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ പരുക്കേല്‍പ്പിച്ച ശേഷം ഓടുന്ന ബസില്‍ നിന്ന് ഇരുവരേയും റോഡിലേക്ക് വലിച്ചെറിഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് ശേഷം 26 -ാം തിയത് പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, ഡിസംബർ 29 ന് അവൾ മരണത്തിന് കീഴടങ്ങി.മരണം വരെയും ജീവിതത്തിലേക്ക് തിരിച്ചെത്താൻ അതിശക്തമായി പോരാട്ടം നടത്തുകയും,തന്നിക്ക് നേരെ ക്രൂരത കാട്ടിയവരെ വെറുതെ വിടരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്തിമ മൊഴി നൽകിയ ധീരയായ പെൺകുട്ടി, പിന്നീട് 'നിർഭയ'എന്ന് അറിയപ്പെട്ടു.

അതുവരെ കണ്ടിട്ടില്ലാത്ത യുവജന പ്രതിഷേധത്തിന് രാജ്യതലസ്ഥാനം സാക്ഷിയായി. മൈനർ പെൺകുട്ടികൾ,സ്ത്രീകൾ അതിന് മുൻപും ശേഷവും അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്,ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുന്നു.പക്ഷേ,നിർഭയ ഒരു വഴിത്തിരിവാണ്.നിര്‍ഭയയ്ക്ക് അന്ന് അനുഭവിച്ചതെന്തെന്ന ഓർമ്മ പോലും നടുക്കമുണ്ടാക്കുമെങ്കിലും,അവൾ ഭാവിയിലേക്ക് ഒരു പ്രതീക്ഷയായി മാറി.പിന്നീട് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചിരിക്കാന്‍ ഭരണകൂടത്തിനായില്ല.കുറ്റവാളികളെ തൂക്കിലേറ്റുന്നത് വരെയും അവളുടെ അമ്മ നടത്തിയ പോരാട്ടം നിശ്ശബ്ദരാക്കപ്പെട്ട ഇരകൾക്കും അവരുടെ ബന്ധുക്കൾക്കുമടക്കം പ്രതീക്ഷ നൽകി.ആ അമ്മ ഇന്നും സമാനമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന പെൺകുട്ടികൾക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി ലഭിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുന്നു.

നിയമവും സംവിധാനങ്ങളും

ലൈംഗിക കുറ്റകൃത്യങ്ങൾക്ക് നിലവിലുള്ള നിയമങ്ങൾ പുനപരിശോധിക്കാനും, വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാനും,കർശന ശിക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ജസ്റ്റിസ് ജെ എസ് വർമ്മ സമിതിയെ ചുമതലപ്പെടുത്തി.സമിതി റിപ്പോർട്ട് പ്രകാരം ബലാൽസംഗം എന്ന കുറ്റകൃത്യത്തിന് കൂടുതൽ വ്യക്തത,ബലാൽസംഗത്തിന് കൂടുതൽ ശിക്ഷ,കൂട്ട ബലാൽസംഗത്തിന് 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷ,കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വം പൊലീസിന് എന്നീ മാറ്റങ്ങൾ വന്നു.പാർലമെന്‍റ്, IPC Code of Criminal Procedure 1973, Indian Evidence Act 1872, Protection of children from sexual offences Act 2012 എന്നീ നിയമങ്ങൾക്ക് ഭേദഗതി വരുത്തി Criminal Law (Amendment) Act, 2013 പാസ്സാക്കി.നിയമം 2013 ഏപ്രിൽ 2 ന് ഗസറ്റിൽ വിജ്ഞാപനം ചെയ്തു, 2013 ഫെബ്രുവരി 3 മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

ആസിഡ് ആക്രമണവും ഈ നിയമത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ജ്യുവനൈൽ പ്രായം 18 ൽ നിന്ന് 16 ആക്കി മാറ്റി.ഇര മരിക്കുകയാണെങ്കില്‍ കുറ്റവാളിക്ക് വധശിക്ഷ ഉറപ്പാക്കി. അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും, ശിക്ഷ അർഹിക്കുന്ന വകുപ്പുകൾ പ്രകാരം വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും, നിയമപ്രകാരമുള്ള നടപടികളിൽ വീഴ്ച വരുത്തിയാൽ വൈദ്യപരിശോധകർക്കെതിരെയും കർശന ശിക്ഷാ നടപടികൾ ഉൾപ്പെടുത്തി. പക്ഷേ, വിവാഹബന്ധത്തിലെ ബലാൽസംഗം മാത്രം രാജ്യത്ത് ഇപ്പോഴും ഒരു കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നില്ല.

കൂടാതെ, ആ വർഷം തന്നെ സ്ത്രീ സുരക്ഷയ്ക്കായി 2000 കോടി രൂപയുടെ നിര്‍ഭയ ഫണ്ട് കേന്ദ്ര സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി, ബലാൽസംഗ കേസുകളുടെ വിചാരണയ്ക്കായി 400 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചു.പതുക്കെ പൊതുസമൂഹത്തിലും മാധ്യമ റിപ്പോർട്ടിംഗുകളിലും മാറ്റങ്ങൾ വന്നു. ഇരകളോ അതിജീവിതകളോ അല്ല,കുറ്റവാളികളാണ് അപമാനം സഹിക്കേണ്ടവരെന്ന ചിന്തയ്ക്ക് കൂടുതല്‍ വേരോട്ടമുണ്ടായി. 

കണക്കുകൾ പറയുന്നത്

National Crime Records Bureau കണക്ക് പ്രകാരം 2001-11 കാലത്ത് ദില്ലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാൽസംഗ കേസുകളുടെ ശരാശരി വാർഷിക നിരക്കിനെക്കാൾ 2013-15 ൽ 23 ശതമാനം വർധനയുണ്ടായി.ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് 40 ശതമാനമാണ് വർദ്ധിച്ചത്.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാൽസംഗ കേസുകൾ ( National Crime Records Bureau കണക്ക് പ്രകാരം )

200518,359
201022,172
201124,206
201224,923
201333,707
201436,735
201534,651
201638,947
201732,559
201833,356
201932,032
202028,046
202131,677

2022 ജനുവരി മുതൽ ജൂലൈ വരെ ദില്ലിയിൽ മാത്രം 7887 ബലാൽസംഗകേസുകൾ ( ദില്ലി പൊലീസിന്‍റെ കണക്ക് പ്രകാരം PTI 2022 ഓഗസ്റ്റ് 22ന് റിപ്പോർട്ട് ചെയ്തത് )

ഓരോ 18 മിനിറ്റിലും ഇന്ത്യയിൽ ഒരു സ്ത്രീ ബലാൽസംഗത്തിന് ഇരയാകുന്നുണ്ടെന്ന് പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. NCRB ഡാറ്റ പ്രകാരം മുൻ വർഷങ്ങളിൽ നിന്ന് 2021 ൽ കോടതിയിൽ വിചാരണയ്ക്കായി എത്തിയ കേസുകൾ 1,59,672 ആണ്. ഇതിൽ 3,038 കേസുകളിൽ കുറ്റവാളികളെ ശിക്ഷിച്ചു. 2021 വര്‍ഷത്തില്‍ മാത്രം വിചാരണയ്ക്കായി വന്ന 26,164 കേസുകളിൽ 330 കുറ്റവാളികളെ ശിക്ഷിച്ചു.അങ്ങനെ 2021ൽ ആകെ 1,85,836 കേസുകളിൽ ശിക്ഷ വിധിച്ചത് 3368 കേസുകളിൽ മാത്രം. അതേ സമയം 7745 കേസുകളിൽ പ്രതികളെ വെറുതെ വിട്ടെന്നും 670 കേസുകൾ ഡിസ്മിസ് ചെയ്തെന്നും നമ്മള്‍ കൂട്ടിവായിക്കണം. 2021 ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭയുടെ കണക്ക് പ്രകാരം പോക്സോ കേസുകൾ ഉൾപ്പെടെ കോടതികളിൽ കെട്ടിക്കിടക്കുന്നത് 2,34,000 കേസുകളാണ്. 

ഇതിൽ നിന്നും മനസ്സിലാവുന്നത് ഇത്രയേറെ ശക്തമായ നിയമങ്ങൾ നിർമ്മിക്കപ്പെട്ടിട്ടും നിർഭയ ഫണ്ടെന്ന പേരില്‍ കോടികൾ ഒഴുക്കിയിട്ടും സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ ഇന്ത്യ കുതിച്ചുകൊണ്ടിരിക്കുന്നു എന്നത് തന്നെ. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൂടിയെങ്കിലും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്‍റെ കാര്യക്ഷമത ഒട്ടും കൂടിയിട്ടില്ലെന്ന് മാത്രമല്ല, അതിജീവിതകളോടുള്ള അവരുടെ മനോഭാവത്തിൽ പോലും കാര്യമായ മാറ്റം വന്നിട്ടില്ലെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.വാളയാർ പെൺകുട്ടികളുടെ കാര്യത്തിലും നടി ആക്രമിക്കപ്പെട്ട കേസിലും കോടതി നടപടികളിലെ കാര്യക്ഷമത മലയാളിയുടെ കൺമുന്നിലുണ്ട്. നിർഭയ ഫണ്ട് ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാർ വാങ്ങിയ പൊലീസ് പട്രോളിംഗ് വാഹനങ്ങൾ മന്ത്രിമാരുടെ സെക്യൂരിറ്റി വാഹനങ്ങളായി ഉപയോഗിക്കുന്ന വാർത്തയും കുറച്ചു ദിവസം മുൻപ് ദേശീയ പ്രധാന്യത്തോടെ വാർത്തയായി. നിർഭയ ഫണ്ട് വാങ്ങിച്ചെടുക്കുന്നതിൽ പോലും പിന്നോക്കം നിൽക്കുന്ന കേരള സർക്കാരിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. 

ഇനി, ഇതിനെക്കാളൊക്കെ ഞെട്ടിക്കുന്നത് 2015-16 വർഷങ്ങളിൽ നടന്ന Natonal Family Health Survey കണക്കുകളാണ്. സർവേ പ്രകാരം 99.1 ശതമാനം ലൈംഗിക പീഡന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.മിക്ക കേസുകളിലും ഇരയുടെ ഭർത്താവാണ് പീഡകനെന്നും ചേര്‍ത്ത് വായിക്കണം. 2015, 2016 വർഷങ്ങളിൽ 7 ലക്ഷം ഇന്ത്യന്‍ സ്ത്രീകളിൽ നടത്തിയ സര്‍വേ പറയുന്നത് ഒരു ശരാശരി ഇന്ത്യൻ സ്ത്രീ, അന്യ പുരുഷൻമാരിൽ നിന്നും ഭർത്താവിനാൽ ലൈംഗിക പീഡനത്തിന് ഇരയാവാനുള്ള സാധ്യത 17 മടങ്ങാണെന്നാണ്. Marital rape മാറ്റി നിർത്തിയാൽ പോലും 15% ബലാൽസംഗങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നൊള്ളൂ എന്നും കണക്കുകള്‍ പറയുന്നു.

ഇനി, സംസ്ഥാനങ്ങളുടെ കണക്കുകൾ നോക്കിയാൽ NCRB ഡാറ്റ പ്രകാരം ബലാൽസംഗ കേസുകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം രാജസ്ഥാനും നഗരം ദില്ലിയുമാണ്

NCRB ഡാറ്റ പരിശോധിക്കുമ്പോൾ ബീഹാറിലും ഝാർക്കണ്ഡിലും യു.പിയിലും കേസുകൾ കുറവെന്ന് കാണാം. എന്നാൽ NFHS സർവേ ഡാറ്റ പ്രകാരം സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഈ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 0.5% മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. എന്നാൽ ഇതേ പിന്നോക്കാവസ്ഥയിലുള്ള രാജസ്ഥാൻ ഇത്തരം കേസുകളുടെ റിപ്പോർട്ടിംഗ് നിരക്കിൽ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്നും കാണാം. സ്ത്രീ വിദ്യാഭ്യാസത്തിൽ മുന്നോക്കം നിൽക്കുന്ന തമിഴ് നാട്ടിലും കർണാടകയിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലും വളരെ താഴ്ന്ന നിരക്കിലാണ്.

റിപ്പോർട്ടിംഗ് റേറ്റിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ - ദില്ലി, അസം, രാജസ്ഥാൻ, കേരളം, ഹിമാച്ചൽ പ്രദേശ്, മഹാരാഷ്ട്ര ( ക്രമമനുസരിച്ച്). റിപ്പോർട്ടിംഗ് റേറ്റിൽ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ - തമിഴ് നാട്, ബീഹാർ, കർണാടകം, യു.പി, ഝാർക്കണ്ഡ്. NCRB ഡാറ്റ പ്രകാരം 2015ൽ നിന്ന് 2021 എത്തുമ്പോഴേക്കും ദലിത് സ്ത്രീകൾക്കെതിരെയുള്ള ബലാൽസംഗ കേസുകളിൽ 45% വർധനയുണ്ടായെന്നും കണക്കുകള്‍ പറയുന്നു. 

നിയമങ്ങൾ എത്ര പരിഷ്ക്കരിച്ചാലും അതിന്‍റെ ഗുണം കിട്ടണമെങ്കിൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കണമെങ്കിൽ,അടിസ്ഥാനപരമായി പൊതുസമൂഹത്തന്‍റെ
 മനോനിലയാണ് മാറ്റം വരേണ്ടത്. ജാതി, വർഗ്ഗ, ലിംഗ വിവേചനങ്ങൾ അവസാനിപ്പിക്കാതെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് അറുതി വരുത്താനാവില്ലെന്ന് നാം തിരിച്ചറിയണം. സ്ത്രീ, പുരുഷന്‍റെ വർഗ്ഗപരമായോ ജാതിപരമായോ ലിംഗപരമായോ മേധാവിത്വം തെളിയിക്കാനുള്ള ഉപകരണമല്ലെന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ഈ ബോധ്യം സ്ത്രീ പുരുഷ ഭേദമില്ലാതെ ഒരു പൊതുസമൂഹത്തില്‍ രൂപപ്പെടുമ്പോള്‍ മാത്രമേ ഈ അനീതി അവസാനിക്കൂ.