Asianet News MalayalamAsianet News Malayalam

ആരാണ് ഹർഷ് മന്ദർ,ഗോധ്ര കലാപത്തെത്തുടർന്ന് ഐഎഎസ് വലിച്ചെറിഞ്ഞ് പൗരാവകാശങ്ങൾ സംരക്ഷിക്കാനിറങ്ങിയ ബ്യൂറോക്രാറ്റ്?

ഹർഷ് മന്ദറിനെതിരെ, ജാമിയയിൽ നടത്തിയ പ്രസംഗത്തിലൂടെ അക്രമത്തിനു പ്രേരിപ്പിച്ചു, കോടതിയലക്ഷ്യം കാണിച്ചു എന്നൊക്കെപ്പറഞ്ഞുകൊണ്ട് ദില്ലി പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട് സുപ്രീംകോടതിയിൽ.

who is harsh mander the bureaucrat who quit civil services post Godhra riots and chose to fight for the citizens rights?
Author
Delhi, First Published Mar 6, 2020, 10:50 AM IST

ഈ ചിത്രത്തിൽ കാണുന്ന മനുഷ്യനുണ്ടല്ലോ, അദ്ദേഹമാണ് ഇന്നത്തെ താരം. ഒന്നുകിൽ നിങ്ങൾക്ക് അയാളുടെ പേരറിയുകയേ ഇല്ല. ഇല്ലെങ്കിൽ, അയാളുടെ പേരിനോട് ചേർത്തത് ഇനി പറയുന്നതിൽ ഏതെങ്കിലും ഒരു വിശേഷണം കേട്ടിട്ടുണ്ടാവും. 'ആന്റി നാഷണലിസ്റ്റ്', 'കിസ്ത്യൻ ഇവാഞ്ചലിസ്റ്റ് ലോബിയുടെ കയ്യിലെ ചട്ടുകം' എന്നൊക്കെ ഇദ്ദേഹത്തെ വിമർശകർ വിളിക്കുന്നുണ്ട്.മേൽപ്പറഞ്ഞതൊക്കെ താരതമ്യേന കുറഞ്ഞ ഗ്രേഡിലുള്ള വിളിപ്പേരുകളാണ്. ഹർഷ് മന്ദർ എന്ന ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മേൽ ഹിന്ദുത്വവാദികൾ അതിലും എത്രയോ തീവ്രമായ ആരോപണങ്ങൾ ചാർത്തി നൽകിയിട്ടുണ്ട്.  പൗരത്വ നിയമ ഭേദഗതിയുടെ അപകടം തിരിച്ചറിഞ്ഞ് അതിനെതിരായ സമരങ്ങൾക്ക് ആദ്യമായി ചുക്കാൻ പിടിച്ച് സമരമുഖത്തേക്ക് ഇറങ്ങി വന്നവരിൽ ഒരാൾ ഹരീഷ് മന്ദർ എന്ന ഈ മനുഷ്യാവകാശ പ്രവർത്തകനാണ്.  .
 
മൂന്നു ബിജെപി നേതാക്കൾ നടത്തിയ, ദില്ലി കലാപത്തിന് കാരണമായ,വിദ്വേഷപ്രസംഗങ്ങളിൽ ഉടനടി FIR ഇട്ട് അന്വേഷണം തുടങ്ങണം എന്ന ഹർജിയുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ചത് ഹർഷ് മന്ദറാണ്. ആ കേസിന്റെ വിചാരണയ്ക്കിടെ ജസ്റ്റിസ് മുരളീധറിനെ രായ്ക്കുരാമാനം പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയ സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടി വിവാദമായിരുന്നു. അതിനു പിന്നാലെ, 2019 ഡിസംബറിൽ ജാമിയയിൽ വെച്ച്  നടത്തിയ പ്രസംഗത്തിന്റെ പേരിൽ ദില്ലി പൊലീസ് സുപ്രീം കോടതിയിൽ ഹർഷ് മന്ദറിന് എതിരെ ഒരു സത്യവാങ്മൂലം നൽകിയിരുന്നു. മന്ദറിന്റെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് എന്നും, അത് സുപ്രീം കോടതിയെ അവമതിക്കുന്ന ഒന്നാണെന്നും ചൂണ്ടിക്കാട്ടി അതിന്മേൽ നടപടിയുണ്ടാകണം എന്നുമാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സത്യവാങ്മൂലമായിരുന്നു അത്. തന്റെ പ്രസംഗത്തിൽ മന്ദർ സുപ്രീംകോടതിയെപ്പറ്റി നടത്തിയ പരാമർശങ്ങൾ വിശദീകരിക്കാതെ ഇനി അദ്ദേഹത്തിന്റെ വാദം കേൾക്കില്ല എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പോലും പറഞ്ഞിരിക്കുന്നത്.

who is harsh mander the bureaucrat who quit civil services post Godhra riots and chose to fight for the citizens rights?

ജാമിയയിൽ മന്ദർ 2019 ഡിസംബറിൽ നടത്തിയ പ്രസംഗത്തിൽ, ചില്ലറ സുപ്രീം കോടതി വിമർശം ഒക്കെ ഉണ്ടായിരുന്നു എന്നത് ശരിതന്നെ. "ഈ പോരാട്ടം സുപ്രീം കോടതി വഴിയും ജയിക്കാനാകും എന്ന പ്രതീക്ഷയും അവശേഷിക്കുന്നില്ല. അത് നമ്മൾ NRC, അയോദ്ധ്യ, കശ്മീർ വിഷയങ്ങളിൽ കണ്ടുകഴിഞ്ഞതാണ്. ആ കേസുകളിൽ ഒന്നും തന്നെ മനുഷ്യത്വത്തെ, സമത്വത്തെ, മതേതരത്വത്തെ സംരക്ഷിക്കാൻ സുപ്രീം കോടതിക്ക് സാധിച്ചിട്ടില്ല. എന്നാൽ, ഞങ്ങൾ പ്രതീക്ഷ പൂർണ്ണമായും വെടിയുന്നില്ല. സുപ്രീം കോടതിയിലെ പോരാട്ടങ്ങൾ അവസാന നിമിഷം വരെയും പൂർവാധികം ശക്തിയോടെ തുടരുക തന്നെ ചെയ്യും. എന്തൊക്കെപ്പറഞ്ഞാലും, അത് നമ്മുടെ സുപ്രീം കോടതി അല്ലേ..?  എന്നാൽ അന്തിമതീരുമാനം, അതുണ്ടാവുക മിക്കവാറും പാർലമെന്റിലോ സുപ്രീം കോടതിയിലോ ഒന്നുമാവില്ല. " ഇത്രയുമാണ് മന്ദർ സുപ്രീംകോടതിയെപ്പറ്റി പ്രസംഗത്തിൽ പറഞ്ഞത്.   

 

അവർ അക്രമം അഴിച്ചുവിടും. നമ്മളെ അക്രമത്തിനു പ്രേരിപ്പിച്ചെന്നിരിക്കും. എന്തൊക്കെ പ്രകോപനങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായാലും, നമ്മൾ തിരിച്ച് അക്രമങ്ങളിൽ  ഏർപ്പെടരുത്. നമ്മളെക്കൊണ്ട് അക്രമം പ്രവർത്തിപ്പിക്കുക എന്നതാണ് അവരുടെ തന്ത്രം. അതിനാണ് അവർ ഇത്രയും പാടുപെട്ട് നമ്മളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത്. നമ്മൾ അക്രമത്തിന്റെ വഴിയേ പ്രതികരിച്ചാൽ, അത് വെറും 2% ആയാൽ പോലും അവർ തിരിച്ച് പ്രവർത്തിക്കുക 100%   അക്രമം ആയിരിക്കും. അക്രമവും അനീതിയും എന്തൊക്കെ ചെയ്യാൻ കഴിവുള്ളതാണ് എന്ന് ഗാന്ധിജി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. നിങ്ങൾ ഓർത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്. നിങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവർ, നിങ്ങളുടെ മനസ്സിൽ വെറുപ്പിന്റെ വിത്തുപാകുന്നവർ അവർ ആരായാലും നിങ്ങളുടെ സുഹൃത്തുകളല്ല. " ഇത്രയുമാണ് അക്രമത്തെപ്പറ്റി മന്ദർ പ്രസംഗത്തിൽ പരാമർശിച്ചത്.

എന്നാൽ ഹർഷ് മന്ദറിന്റെ കാര്യമാത്ര പ്രസക്തമായ പ്രസ്തുത പ്രസംഗത്തിൽ നിന്ന് ഒരു വരിമാത്രം അടർത്തിയെടുത്ത് അതിന്റെ വീഡിയോയും ട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജെപിയിലെ പല നേതാക്കളും മന്ദറിനെതിരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണവും കൊണ്ട് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

 

ഹർഷ് മന്ദറുടെ 'വിദ്വേഷ' പ്രസംഗത്തിന്റെ പൂർണരൂപം

സിവിൽ സർവീസിലൂടെ തുടക്കം 

22 വർഷമാണ് ഹർഷ് മന്ദർ ഇന്ത്യൻ സിവിൽ സർവീസിൽ ചെലവിട്ടത്. 1956 -ൽ നെഹ്‌റു രൂപീകരിച്ച ഫ്രന്റിയർ അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ ആയിരുന്ന അച്ഛനായിരുന്നു പ്രചോദനം. ഇടയ്ക്കിടെ സ്ഥലം മാറ്റം കിട്ടിക്കൊണ്ടിരുന്ന അച്ഛന്റെ ജോലി മന്ദറിനെ ഒരു നാടോടിയാക്കി മാറ്റി. ഒടുവിൽ സൗകര്യാർത്ഥം അദ്ദേഹം ബോർഡിങ് സ്‌കൂളിൽ ചേർക്കപ്പെട്ടു. ഡാർജിലിംഗിൽ മൗണ്ട് ഹെർമനിലും, അജ്മീറിലെ മായോ കോളേജിലും, പിന്നീട് ഡൽഹി സെന്റ് സ്റ്റീഫൻസിലുമായി ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞുകിട്ടി. അന്നത്തെ സെന്റ് സ്റ്റീഫൻസിൽ നിന്ന് പുറത്തിറങ്ങുന്ന ആർക്കും ഒരു ഇടതു ചായ്‌വ് സാധാരണമായിരുന്നു. എന്നാൽ, മന്ദറിന് അതോടൊപ്പം അടിയുറച്ച നീതിബോധവും ഭൂതദയയും കൂടി സിദ്ധിച്ചിരുന്നു.

ശശി തരൂരിനെയും നിഖിൽ സേത്തിനെയും പോലുള്ള ആത്മസ്നേഹിതർ അന്ന് യുഎന്നിലും മറ്റും തങ്ങളുടെ കരിയർ കണ്ടെത്തിയപ്പോൾ ഹർഷ് മാത്രം കാലുവെന്ത നായയെപ്പോലെ ഗതികിട്ടാതുഴറി നടന്നു. ദില്ലി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സോഷ്യോളജി ബിരുദത്തിനു ചേർന്ന്, ഒന്നാം വർഷം ക്‌ളാസിൽ ഒന്നാമനായി എങ്കിലും അദ്ദേഹം 'ലെവി സ്‌ട്രോസി'നെയും മറ്റും പഠിപ്പിച്ചിരുന്ന അവിടത്തെ 'ഹൈഫൈ' സിലബസിൽ അതൃപ്തനായിരുന്നു. രണ്ടാം വർഷം കോഴ്സ് പാതി വഴി ഉപേക്ഷിച്ച് അദ്ദേഹം നാടുചുറ്റാനിറങ്ങി. ആ യാത്രകൾ അദ്ദേഹത്തെ എത്തിച്ചത് രാജസ്ഥാനിലെ തിലോനിയ എന്ന സ്ഥലത്തായിരുന്നു. ബങ്കർ റോയുടെ ബെയർഫുട്ട് കോളേജ് ഒക്കെ പ്രവർത്തിക്കുന്ന ഇടം. തന്റെ കുടുംബപശ്ചാത്തലം നൽകിയ സാമൂഹികമായ പ്രിവിലേജുകളിൽ നിന്ന് പുറത്തുചാടണം എന്ന അദമ്യമായ ആഗ്രഹം അദ്ദേഹത്തിന് അന്നുണ്ടായിരുന്നു.

 

അടിയന്തരാവസ്ഥ തലക്കുമീതെ 'ഡെമോക്ലിസിന്റെ വാൾ' പോലെ തൂങ്ങി നിന്ന എഴുപതുകളുടെ മധ്യത്തിലാണ് മന്ദർ ഗാന്ധി പീസ് ഫൗണ്ടേഷനിൽ ചേരുന്നത്. അത് ജയപ്രകാശ് നാരായന്റെ മുന്നേറ്റത്തിന്റെ ഏറ്റവും ആദ്യത്തെ പടിയായിരുന്നു. അതിന്റെ കീഴിൽ ഗ്രാമഗ്രാമാന്തരങ്ങളിൽ ഗാന്ധി ആശ്രമങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു, പരിപാലിക്കപ്പെട്ടിരുന്നു. അവിടെ പ്രവർത്തിച്ചുള്ള പരിചയം ഹർഷ് മന്ദറിന് ജില്ലാതലത്തിലുള്ള ഭരണത്തിൽ പ്രവൃത്തി പരിചയം നൽകി. ആ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു ദുരന്തം നടക്കുന്നു. സങ്കടപ്പെട്ടിരുന്ന മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് 'എന്നാൽ സിവിൽ സർവീസ് പരീക്ഷ എഴുതി എടുത്തുകളയാം' എന്ന് ഹർഷ് ആലോചിക്കുന്നത്. ബ്യുറോക്രസി എന്ന ദന്തഗോപുരത്തോട് അദ്ദേഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാലും, സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ അധികാരത്തിന്റെ ശ്രേണിയിൽ വന്നാലേ സാധിക്കൂ എന്നദ്ദേഹം മനസ്സിലാക്കി. തനിക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രമേ പ്രവർത്തിക്കൂ, ഒരാളുടെയും സമ്മർദങ്ങൾക്ക് വഴങ്ങില്ല എന്നൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടാണ് ഹർഷ് മന്ദർ ഐഎഎസ് ഓഫീസർ ആകുന്നത്. ഡേറ്റിടാത്ത ഒരു രാജിക്കത്ത് ടൈപ്പ് ചെയ്ത് കവറിലിട്ട് പോക്കറ്റിൽ കരുതിയാണ് അദ്ദേഹം ഓരോ ദിവസവും ജോലിക്കിറങ്ങിപ്പുറപ്പെട്ടിരുന്നത്. അതുകൊണ്ടെന്താ, രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി ആ സത്യസന്ധനായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.

1980 -ലെ മധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനായിരുന്ന ഹർഷ് മന്ദർ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവിട്ടത് മധ്യപ്രദേശിലെ ട്രൈബൽ പ്രദേശങ്ങളിലാണ്. സിവിൽ സർവീസിലെ ജോലിക്കിടെ മന്ദറിന് കിട്ടിയ 22 ട്രാൻസ്ഫറുകൾ അദ്ദേഹത്തിന് തന്റെ സത്യസന്ധതക്ക് നൽകേണ്ടി വന്ന വിലയാണ്. എട്ടാം ക്‌ളാസിൽ എത്തുമ്പോൾ തന്നെ പതിനൊന്നു സ്‌കൂളുകളിൽ പഠിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ മകൾ. മറ്റൊരു അശോക് ഖേംകയാണ് മന്ദർ എന്ന് വേണമെങ്കിൽ ഒരു താരതമ്യത്തിന് പറഞ്ഞു വെക്കാം. മേൽപ്പറഞ്ഞ സ്ഥലം മാറ്റങ്ങളിൽ ഒന്നുപോലും 'റൂട്ടീൻ ട്രാൻസ്ഫർ' ആയിരുന്നില്ല. ഒക്കെ അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പ്രവൃത്തിയോടുള്ള രാഷ്ട്രീയ പ്രതികരണം ആയിരുന്നു. ഒരിക്കൽ, ഒരുപാട് ഭൂമി കയ്യടക്കി വെച്ചിരുന്ന ഒരു ഭൂപ്രഭുവിൽ നിന്ന് നിയമപ്രകാരം ഭൂമി പിടിച്ചുവാങ്ങി വിതരണം ചെയ്തതിന്, മറ്റൊരു വട്ടം പ്രളയ ദുരിതാശ്വാസ ഫണ്ടിൽ വെട്ടിപ്പ് നടത്തിയവരെ പൊക്കിയതിന്, പിന്നീടൊരിക്കൽ നർമദാ അണക്കെട്ടിന്റെ പരിസരത്തുള്ളവരെ ബലം പ്രയോഗിച്ച് മാറ്റാൻ വിസമ്മതിച്ചതിനെ, ഒരിക്കൽ സാമുദായിക ലഹളയിൽ അക്രമികളെ അറസ്റ്റു ചെയ്തതിന്. അങ്ങനെ ഓരോ വട്ടവും ആ പ്രദേശത്തെ ഏതെങ്കിലും ഒരു വമ്പനെ പിണക്കിയിട്ടുണ്ടാകും മന്ദർ. അതുകൊണ്ട്, സ്ഥലംമാറ്റം വരും മുമ്പ് എത്രയും പെട്ടെന്ന് ചെയ്യേണ്ടത് ചെയ്യുക എന്ന സ്റ്റൈൽ ആയിരുന്നു മന്ദറിന്റേത്.

സർവീസിൽ കയറിയ ശേഷം മന്ദറിന് മുന്നിൽ വന്ന ആദ്യത്തെ പ്രതിസന്ധി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന്, 1984 -ൽ നടന്ന സിഖ് വിരുദ്ധ കലാപങ്ങൾ ആയിരുന്നു. അന്ന് ഇൻഡോറിലെ അഡീഷണൽ കളക്ടർ ആയിരുന്നു അദ്ദേഹം.നിരവധി സിഖ് കുടുംബങ്ങൾ താമസമുണ്ടായിരുന്നു ഇൻഡോറിൽ. ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നും പൊലീസ് സൂപ്രണ്ടിൽ നിന്നും കൃത്യമായ നിർദേശം വന്നു, " ഞങ്ങൾ നേരിട്ട് പറയാതെ ഒരിടത്തും പൊലീസ് പോകില്ല" അതും പറഞ്ഞ് അവർ അപ്രത്യക്ഷരായി. ഭ്രാന്തിളകിയ കലാപകാരികൾക്ക് മുന്നിൽ സിഖുകാരെ അരുംകൊലയ്ക്ക് വിട്ടുകൊടുക്കുന്ന അവസ്ഥ സംജാതമായി എന്ന് ചുരുക്കം. അന്ന് മന്ദറിന് കാണേണ്ടി വന്നത് ജീവിതത്തിൽ പിന്നീട് ഒരിക്കലും മറക്കാനാവാത്ത അക്രമത്തിന്റെ ദൃശ്യങ്ങളാണ്.  താൻ മുസ്സൂറിയിലെ സിവിൽ സർവീസ് ക്‌ളാസിൽ പഠിച്ച പാഠങ്ങൾ ഒരിക്കൽ കൂടി അദ്ദേഹം ഓർത്തെടുക്കാൻ നോക്കി. ക്‌ളാസിൽ ഏറ്റവും ശ്രദ്ധാലുവായിരുന്ന മന്ദറിന് വളരെ പ്രധാനപ്പെട്ട ഒരു നിയമവശം അപ്പോൾ ഓർമ്മവന്നു. ഒരു ജില്ലയിലെ ഏറ്റവും മുതിർന്ന മജിസ്‌ട്രേറ്റിന് അവിടെ ആവശ്യമെങ്കിൽ പട്ടാളത്തെ വിളിക്കാം. അദ്ദേഹത്തിന്റെ സുപ്പീരിയേഴ്സ് രണ്ടുപേരും അജ്ഞാതവാസത്തിന് പുറപ്പെട്ടു പോയസ്ഥിതിക്ക് മന്ദർ തന്നെയായിരുന്നു അപ്പോൾ ഇൻഡോറിലെ ഏറ്റവും മുതിർന്ന മജിസ്റ്റീരിയൽ അധികാരകേന്ദ്രം.
 
അദ്ദേഹം നേരെ ജനറൽ മോയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന് സൈന്യത്തെ വിട്ടുലൊടുക്കാൻ മടിയൊന്നും ഇല്ലായിരുന്നു. ആകെ വേണ്ടി വന്നത് ഒരു റിട്ടൺ ഓർഡർ മാത്രം. ഷൂട്ട് അറ്റ് സൈറ്റ്, നിരോധനാജ്ഞ അങ്ങനെ എല്ലാമടങ്ങിയ കടലാസുപണികൾക്ക് മന്ദറിന് ചെലവായത് ആകെ ആറുമണിക്കൂർ നേരം. അന്ന് അദ്ദേഹം കൈക്കൊണ്ട ആ ധീരമായ തീരുമാനം അദ്ദേഹത്തെ രായ്ക്കുരാമാനം സ്ഥലം മാറ്റി എങ്കിലും, നിരവധി സിഖ് കുടുംബങ്ങൾ അന്ന് അക്രമങ്ങൾക്ക് ഇരയാകാതെ രക്ഷപ്പെട്ടു. പട്ടാളം അവരെ സംരക്ഷിച്ചു. പിന്നീട് ബാബ്‌റി മസ്ജിദ് തകർന്ന കാലത്തെ സാമുദായിക ലഹളകൾ രാജ്യത്തെ പിടിച്ചുലച്ചപ്പോൾ അദ്ദേഹം ഖാർഗോണിലെ കളക്ടർ ആയിരുന്നു. അവിടെ അദ്ദേഹത്തിന് തന്റെ മുന്നനുഭവങ്ങൾ തുണയായി. ഈ കലാപത്തിന്റെ ഓർമയിൽ അദ്ദേഹം എഴുതിയ ഒരു കുറിപ്പാണ് ശശി തരൂരിന്റെ 'കലാപം' എന്ന നോവലിന് ആധാരം.

who is harsh mander the bureaucrat who quit civil services post Godhra riots and chose to fight for the citizens rights?

സാമുദായിക കലാപനന്തരം ഗുജറാത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഒരു മനുഷ്യൻ എന്ന നിലയ്ക്ക് തന്റെ നിലപാടുകൾ മാറ്റാൻ കാരണമായത് എന്ന് മന്ദർ ഓർക്കുന്നുണ്ട്. അവിടെ NGO ActionAid എന്നുപേരായ ഒരു സ്ഥാപനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ. ഒടുവിൽ ഗോധ്രാ കലാപത്തിന്റെ അനന്തരഫലങ്ങൾ കണ്ടു മനംനൊന്ത് മന്ദർ, ഐഎഎസ് ഉപേക്ഷിച്ച് ജനമധ്യത്തിലേക്ക് ഒരു സാധാരണക്കാരനായി അവരെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. അഹമ്മദാബാദ് കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ. ഇടപെട്ട കേസുകളിൽ എല്ലാറ്റിലുമൊന്നും വിജയം കൈവരിച്ചിട്ടില്ല എങ്കിലും, ഏറെക്കുറെ തൃപ്തികരമായിരുന്നു ആ പ്രവർത്തനങ്ങൾ എന്നദ്ദേഹം പറയുന്നു.

ഇന്ന് ഹർഷ് മന്ദർ 'സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസ്' എന്നപേരിൽ ദില്ലിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിയാണ്. അത് ദരിദ്രർക്കുള്ള പൊതു നയങ്ങളുടെ രൂപീകരണത്തിനായി പ്രയത്നിക്കുന്നു. ഒരു ഡാനിഷ് കൃസ്ത്യൻ മിഷനറി സ്ഥാപനത്തിൽ നിന്നാണ് അതിന്റെ ഫണ്ടിങ്ങിൽ പാതിയും എന്നതാണ് അദ്ദേഹത്തിനുമേൽ ക്രിസ്ത്യൻ മിഷനറിമാരുടെ ചട്ടുകം എന്ന വിളിപ്പേര് ചാർത്തിക്കൊടുത്തത്. കേന്ദ്രഗവണ്മെന്റിനും അത്ര പ്രിയമുള്ള ഒരു സ്ഥാപനമല്ല ഈ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസ്. സ്ഥാപനത്തിന്റെ പല സ്പോൺസേഴ്‌സിനെയും നേരിട്ട് ബന്ധപ്പെട്ട് സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കാനുള്ള സമ്മർദ്ദം ചെലുത്തിയിട്ടുണ്ട് കേന്ദ്രം. അമൻ ബിരാദരി എന്ന പേരിൽ കലാപബാധിതർക്ക് വേണ്ടി നടത്തുന്ന എൻജിഒയ്ക്ക് അതുകൊണ്ടുതന്നെ വിദേശ നിക്ഷേപങ്ങൾ അദ്ദേഹം സ്വീകരിക്കാതിരിക്കുന്നതും ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ ഭയന്ന് മാത്രമാണ്.

മേൽപ്പറഞ്ഞ സിവിൽ സർവീസ്, എൻജിഒ കാലഘട്ടത്തിനിടെ അധ്യാപനത്തിന്റേതായ ഒരു കാലം കൂടി ഹർഷ് മന്ദറിന് ഉണ്ടായിരുന്നു. ഐഐഎം അഹമ്മദാബാദിലും, ദില്ലി സെന്റ് സ്റ്റീഫൻസിലും ദാരിദ്ര്യവുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ വിസിറ്റിങ് പ്രൊഫസർ ആണ് അദ്ദേഹം. ഇവയ്ക്കു പുറമെ ജെഎൻയു, ജാമിയ, നൽസാർ ഹൈദരാബാദ്, എംഐടി, കാലിഫോർണിയ, ലോസ് ആഞ്ചലസ്‌, ബോസ്റ്റൺ, സസെക്‌സ് തുടങ്ങിയ പല വിശ്വവിഖ്യാത സർവകലാശാലകളിലും അദ്ദേഹം തന്റെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള മന്ദർ അറിയപ്പെടുന്ന ഒരു കോളമിസ്റ്റ് കൂടിയാണ്. ദ ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ പത്രങ്ങളിൽ അദ്ദേഹത്തിന്റെ കോളങ്ങളുണ്ട്.

who is harsh mander the bureaucrat who quit civil services post Godhra riots and chose to fight for the citizens rights?

 എന്തായാലും, മേൽപ്പറഞ്ഞ പ്രസംഗത്തിന്റെ പേരിൽ കോടതിയുടെ നീരസത്തിന് പാത്രമായിരിക്കുകയാണ് ഹർഷ് മന്ദർ. അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന്റെ ഖഡ്ഗവുമേന്തി ദില്ലി പൊലീസും നടപടി തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനെയൊക്കെ ഫലപ്രദമായി നേരിടാൻ ഈ അറുപത്തിനാലുകാരന് എത്രത്തോളമാകുമെന്ന് കാത്തിരുന്നുതന്നെ കാണാം. 

Follow Us:
Download App:
  • android
  • ios