Asianet News MalayalamAsianet News Malayalam

Shantanu Naidu : സ്വന്തം കൈപ്പടയില്‍ കത്തെഴുതി, രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ യുവാവ്, ആരാണ് ശാന്തനു നായിഡു?

‘എന്റെ ഓഫീസിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. നിങ്ങൾക്ക് എന്റെ അസിസ്റ്റന്റ് ആകാൻ താൽപ്പര്യമുണ്ടോ?’ രത്തൻ ടാറ്റായുടെ ഈ ചോദ്യം കേട്ടപ്പോൾ ആദ്യം എങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം, അദ്ദേഹം അതെയെന്ന് സമ്മതം മൂളി. 

who is Shantanu Naidu seen in Ratan Tatas Viral birthday video
Author
Thiruvananthapuram, First Published Jan 14, 2022, 11:33 AM IST
  • Facebook
  • Twitter
  • Whatsapp

സാമൂഹികമാധ്യങ്ങൾ(Viral video) നോക്കിയാൽ രത്തൻ ടാറ്റ(Ratan Tata)യോടൊപ്പം കറങ്ങിനടക്കുന്ന ഒരു ചെറുപ്പക്കാരനെ നിങ്ങൾക്ക് കാണാൻ സാധിക്കും. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ ഡിസംബർ 28 -ന് രത്തൻ ടാറ്റയുടെ 84 -ാം ജന്മദിനത്തിൽ ഒരു കപ്പ്‌കേക്കും മെഴുകുതിരിയുമായി രത്തൻ ടാറ്റയുടെ ജന്മദിനം ആഘോഷിക്കാൻ ഇരുന്ന ആ ചെറുപ്പക്കാരനില്ലേ, അയാളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ആരാണ് ആ ചെറുപ്പക്കാരൻ? അദ്ദേഹവും, രത്തൻ ടാറ്റയുമായി എന്താണ് ബന്ധം? ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരായി സേവനമനുഷ്ഠിക്കുന്ന 28 -കാരനായ ശാന്തനു നായിഡു(Shantanu Naidu)വാണ് അത്. വെറുമൊരു ജീവനക്കാരൻ അല്ല, മറിച്ച് രത്തൻ ടാറ്റയുടെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ ശാന്തനു.  

കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ നേടിയിട്ടുള്ള ശാന്തനു ഒരു ബിസിനസ് സ്ട്രാറ്റജി ഇന്റേൺ ആയിട്ടാണ് കമ്പനിയിൽ ആദ്യം ജോലിയ്ക്ക് കയറിയത്. എന്നാൽ, എങ്ങനെയാണ് ഇത്രപെട്ടെന്ന് ഈ തസ്തികയിൽ അദ്ദേഹം എത്തിയത്? എങ്ങനെയാണ് രത്തൻ ടാറ്റയുമായി ഇത്ര അടുത്തത്? അതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 2014 -ൽ ബിരുദം നേടിയ ശേഷമാണ് ടാറ്റ ഗ്രൂപ്പിൽ അദ്ദേഹം ജോലി ചെയ്യാൻ ആരംഭിച്ചത്. ജീവിതം വളരെ സുഗമമായി പോയ്‌ക്കൊണ്ടിരുന്ന കാലം. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, റോഡിന് നടുവിൽ ഒരു നായ ചത്ത് കിടക്കുന്നത് ശാന്തനു കണ്ടു. അദ്ദേഹത്തിന് എന്നും നായ്ക്കളെ വലിയ ഇഷ്ടമായിരുന്നു. കാറിടിച്ച് ചത്ത അതിന്റെ മൃതദേഹം റോഡിന്റെ ഓരത്തേയ്ക്ക് മാറ്റാമെന്ന് ചിന്തിച്ച നിൽക്കുമ്പോൾ, പെട്ടെന്ന് മറ്റൊരു കാർ അതിന് മുകളിലൂടെ പാഞ്ഞുകയറി. ചതഞ്ഞരഞ്ഞ അതിന്റെ ശരീരം കണ്ട് അദ്ദേഹം തകർന്ന് പോയി.  

ആ സംഭവം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന്, ഡ്രൈവർമാർക്ക് ദൂരെ നിന്ന് നായ്ക്കളെ കാണാൻ സഹായിക്കുന്ന റിഫ്ലക്ടറുകൾ ഘടിപ്പിച്ച കോളറുകൾ അദ്ദേഹവും, ചില സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കി. ഇതുകൊണ്ട് ഉപകാരമുണ്ടാവമോ എന്നൊന്നും ഉറപ്പിലായിരുന്നു. പക്ഷേ, പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ കോളർ കാരണം ഒരു നായ രക്ഷപ്പെട്ടുവെന്ന് ഒരു സന്ദേശം അദ്ദേഹത്തിന് ലഭിച്ചു. താമസിയാതെ, വാർത്ത തീ പോലെ പടർന്നു. ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ വാർത്താക്കുറിപ്പിൽ വരെ ഇത് വന്നു. ആളുകൾ കോളറുകൾ വാങ്ങാനായി ശാന്തനുവിനെ വിളിക്കാൻ തുടങ്ങി. പക്ഷേ, അദ്ദേഹത്തിന് ഫണ്ടില്ലായിരുന്നു. അങ്ങനെ നായ്ക്കളെ ഏറെ സ്നേഹിക്കുന്ന രത്തൻ ടാറ്റയ്ക്ക് ഈ ആവശ്യം പറഞ്ഞ് ഒരു കത്തെഴുതാൻ അച്ഛൻ ശാന്തനുവിനോട് ആവശ്യപ്പെട്ടു. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ, നല്ല കൈയക്ഷരത്തിൽ നീട്ടിവലിച്ചൊരു കത്തെഴുതി.  

രണ്ടുമാസം കഴിഞ്ഞപ്പോൾ, രത്തൻ ടാറ്റയുടെ ഒപ്പോട് കൂടിയ ഒരു മറുപടിക്കത്ത് ശന്തനുവിന് ലഭിച്ചു! അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും ജോലി ശരിക്കും തനിക്ക് ഇഷ്ടപ്പെടുന്നുവെന്നും, ശാന്തനുവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ശാന്തനുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല! കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ മുംബൈയിലെ ഓഫീസിൽ വച്ച് കണ്ടുമുട്ടി. നിങ്ങൾ ചെയ്യുന്ന ജോലി എന്നെ ആഴത്തിൽ സ്പർശിച്ചുവെന്ന് അദ്ദേഹം ശാന്തനുവിനോട് പറഞ്ഞു. പിന്നീട് നായ്ക്കളെ കാണാൻ അദ്ദേഹം ശാന്തനുവിന്റെ സ്ഥലത്ത് എത്തി. അങ്ങനെയാണ് അവരുടെ സൗഹൃദം ആരംഭിച്ചത്. തെരുവ് മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോളറുകൾ നിർമ്മിക്കുന്ന 'മോട്ടോപാവ്സ്' എന്ന ശാന്തനുവിന്റെ സ്റ്റാർട്ടപ്പിന് അദ്ദേഹം ധനസഹായവും നൽകി!

ആ സൗഹൃദം പിന്നെയും വളർന്നു. ഇതിനിടയിലാണ് ശാന്തനു വിദേശത്ത് പോയി എംബിഎ എടുക്കുന്നത്. പഠനം പൂർത്തിയാക്കിയ ശാന്തനു ഒടുവിൽ ടാറ്റ ട്രസ്റ്റിന് വേണ്ടി തന്റെ ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചു. ‘എന്റെ ഓഫീസിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. നിങ്ങൾക്ക് എന്റെ അസിസ്റ്റന്റ് ആകാൻ താൽപ്പര്യമുണ്ടോ?’ രത്തൻ ടാറ്റായുടെ ഈ ചോദ്യം കേട്ടപ്പോൾ ആദ്യം എങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം, അദ്ദേഹം അതെയെന്ന് സമ്മതം മൂളി. ഇപ്പോൾ രത്തൻ ടാറ്റയ്ക്ക് വേണ്ടി ശാന്തനു ജോലി ചെയ്യാൻ തുടങ്ങിയിട്ട് 3 വർഷമായി. ഇപ്പോഴും ഇത് ഒരു സ്വപ്നമല്ലെന്ന് വിശ്വസിക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് ശാന്തനു പറയുന്നത്.  

ടാറ്റയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള സ്ഥാപനമായ ടാറ്റ ട്രസ്റ്റിലാണ് ശാന്തനു പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഒരു ഡെപ്യൂട്ടി ജനറൽ മാനേജറുടെ ശരാശരി ശമ്പളം പ്രതിവർഷം ₹27 ലക്ഷം രൂപയാണ്. ടാറ്റ പോലുള്ള കമ്പനികളിൽ ഇത് പ്രതിവർഷം 40 ലക്ഷം രൂപ വരെ ഉയരുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പണത്തേക്കാളുപരി രത്തൻ ടാറ്റയുമായുള്ള അടുപ്പമാണ് ശാന്തനുവിനെ അവിടെ ​ആകർഷിച്ച് നിർത്തുന്നത്. വർഷങ്ങളായി അവർ ഇരുവരും അടുത്ത ചങ്ങാതിമാരായിട്ട്. രത്തൻ ടാറ്റയെ ഒരു സോഷ്യൽ മീഡിയാ താരമാക്കി മാറ്റിയത് ശാന്തനുവിന്റെ സ്വാധീനമാണ്. 84 -ാം വയസ്സിലും, ഇൻസ്റ്റാഗ്രാം ഹാൻഡിലുള്ള ചുരുക്കം ബിസിനസുകാരിൽ ഒരാളാണ് ടാറ്റ. സോഷ്യൽ മീഡിയയിലെ എല്ലാ ട്രെൻഡുകളും ശാന്തനു അദ്ദേഹത്തെ പഠിപ്പിച്ചു. ഇപ്പോൾ രത്തൻ ടാറ്റയ്ക്ക് 5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

Follow Us:
Download App:
  • android
  • ios