ഇന്ന് ടിപ്പുസുൽത്താന്റെ ജന്മദിനമാണ്. ബ്രിട്ടീഷുകാരോട് പടപൊരുതിയ ഇന്ത്യൻ രാജാവായിരുന്നു ടിപ്പു. കഴിഞ്ഞ കുറേ വർഷങ്ങളായി കർണാടകയിൽ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷപൂർവം ആചരിച്ചു വരികയും ചെയ്തിരുന്നു. എന്നാൽ, ഇക്കൊല്ലം മുതൽ ആ ആഘോഷങ്ങൾ സർക്കാർ ചെലവിൽ വേണ്ട എന്നാണ് തീരുമാനം. ടിപ്പുവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തന്നെ കാരണം. എന്തായാലും, ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഇന്ന് ട്രെൻഡ് ചെയ്യുന്നത് ടിപ്പുവിന്റെ പേരുതന്നെ. ചർച്ചകളിലെല്ലാം ഉയർന്നുവരുന്ന ആദ്യത്തെ ചോദ്യം ഇതാണ്. ടിപ്പു സുൽത്താൻ എന്ന ഈ ചരിത്രപുരുഷൻ, അദ്ദേഹമൊരു ധീരനായകനോ, അതോ ജന്മദിനം ആഘോഷിക്കാൻ പോലും യോഗ്യനല്ലാത്ത ഒരു വില്ലനോ?

ടിപ്പു സുൽത്താൻ മരിച്ചിട്ട് വർഷം 200 കഴിഞ്ഞു. തൊണ്ണൂറുകളിൽ ഭഗവാൻ ഗിഡ്വാണിയുടെ നോവലിനെ ആധാരമാക്കി സഞ്ജയ് ഖാനും അക്ബർ ഖാനും ചേർന്ന് സംവിധാനം ചെയ്ത്, സഞ്ജയ് ഖാൻ ടിപ്പുവായി അഭിനയിച്ച്, ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട  'ടിപ്പു സുൽത്താന്റെ വാൾ' എന്ന പേരിലുള്ള പരമ്പരയിലൂടെയാണ് നമ്മളിൽ പലരും ആദ്യമായി ടിപ്പുവിനെപ്പറ്റി അറിയുന്നത്. അതിൽ ഏറെ നാടകീയമായ പലരംഗങ്ങളിലും ടിപ്പുവിന് താരപരിവേഷം പകരുന്നുണ്ട്. ഉദാ. ടിപ്പു കടുവയോട് പോരാടി അതിനെ തോൽപ്പിക്കുന്ന രംഗം. ഇന്ത്യൻ സ്‌കൂളുകളിൽ പഠിപ്പിക്കപ്പെടുന്ന ചരിത്രപുസ്തകങ്ങളിലും പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധങ്ങൾ നയിച്ച ടിപ്പു എന്ന ധീരനായ രാജാവിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്.

ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസ്സിൽ അദ്ദേഹത്തിന് ഒരു ധീരനായകന്‍റെ പ്രതിച്ഛായ തന്നെയാണ്. എന്നാൽ ടിപ്പു ഹിന്ദുക്കളോട് ക്രൂരമായി പെരുമാറിയ, അവരെ നിർദ്ദയം കൊന്നുതള്ളിയ ഒരു മുസ്ലിം രാജാവായിരുന്നു എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ടിപ്പുവിനെ മ്ലേച്ഛനെന്നും അധമനെന്നും അവർ വിശേഷിപ്പിക്കുന്നു. അവരുടെ കണ്ണിൽ വംശവെറിയനായ ഒരു മുസ്‌ലിം രാജാവാണ് ടിപ്പു. ഹിന്ദു ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പള്ളികളും തകർത്തുതരിപ്പണമാക്കിയ, പതിനായിരക്കണക്കിന് അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് നിർബന്ധിതമായി മതപരിവർത്തനം നടത്തിയ, എതിർത്തവരെ ഒന്നില്ലാതെ നിർദ്ദയം അരിഞ്ഞു തള്ളിയ ക്രൂരൻ. ഇത്തരത്തിലുള്ള സംഘടിതമായ 'ടിപ്പു നിന്ദ' ട്വിറ്ററിൽ ഏറെ സജീവമാണ്.

മധ്യകാലചരിത്രനിർമിതി പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്ന ഒന്നായിരുന്നു. ടിപ്പുവിന്റെ കാര്യത്തിൽ ചിത്രം ഏറെ സങ്കീർണ്ണമാണ്. കാരണം, എഴുപതുകളിൽ ഹൈന്ദവസംഘടനകൾ പോലും ടിപ്പുവിനെ ഒരു ധീരനായ പോരാളിയായി ആഘോഷിച്ചുകൊണ്ടിരുന്നതാണ്. എഴുപതുകളിലെ ആർഎസ്എസിന്റെ 'ഭാരത് ക്രാന്തി' സീരീസിലെ വിപ്ലവകാരികളിൽ ഒരാളായി ടിപ്പുവും ഉണ്ടായിരുന്നു. 2010 -ലെ ഒരു റാലിയിൽ ബിജെപി പ്രവർത്തകർ വരെ ടിപ്പുസുൽത്താന്റെ വേഷമിട്ട വാളുമേന്തി അണിനിരന്നിട്ടുണ്ട്. ഇന്നത്തെ പ്രസിഡണ്ടും, രണ്ടുവർഷം മുമ്പുവരെ ആർഎസ്എസിന്റെ സജീവ പ്രവർത്തകനുമായിരുന്ന റാം നാഥ് കോവിന്ദ് പോലും ടിപ്പുവിനെ പരസ്യമായി പ്രശംസിച്ചിട്ടുള്ള ആളാണ്. എന്നാൽ കർണ്ണാടകത്തിൽ വർഗീയത വേരുപിടിച്ചു തുടങ്ങിയതോടെയാണ്, ടിപ്പു ഒരു 'മുസ്ലിം' രാജാവാണല്ലോ എന്ന കാര്യം ഹൈന്ദവ സംഘടനകൾ ഓർക്കുന്നത്. കോൺഗ്രസ് ടിപ്പുവിന്റെ പേരും പറഞ്ഞുകൊണ്ട് മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചപ്പോൾ, മറുപക്ഷത്ത് ബിജെപിയും അതേ പേരിൽ ഹിന്ദുവികാരം ഉണർത്തി മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യക്ക് പരിചയപ്പെടുത്തിത്തന്ന, 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന അതേ തന്ത്രമാണ് ഇവിടെ പയറ്റപ്പെടുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ രാജാക്കന്മാർക്ക് ഒരേയൊരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ സാമ്രാജ്യത്തിന്റെ വ്യാപനം. അതിനുതകുന്ന പലതും അവർ തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. മതവിഭാഗങ്ങൾ പ്രീണിപ്പിച്ചു നിർത്തുക മുതൽ, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തകർത്തുകളയുക വരെ. ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ സ്വാധീനം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വർധിപ്പിക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു ടിപ്പുവിന്റേത്. മുഗൾ സാമ്രാജ്യം ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ ബ്രിട്ടീഷുകാർക്ക് കാര്യമായ എതിർപ്പുകളൊന്നും തന്നെ നേരിടേണ്ടി വരുന്നുണ്ടായിരുന്നില്ല. മറാഠകളോടും, രഘുനാഥ് റാവു പട്‍വർധനോടും നിസാമിനോടുമെല്ലാം കമ്പനിയുമായി സഹകരിക്കരുത് എന്ന് അഭ്യർത്ഥിക്കുകയായിരുന്നു ടിപ്പു അന്ന് ചെയ്തത്. ബ്രിട്ടീഷുകാർക്ക് കാലുവെക്കാൻ മണ്ണിൽ ഇടം കൊടുത്താലുണ്ടാകുന്ന അപകടത്തെപ്പറ്റി ടിപ്പു അന്നേ ബോധവാനായിരുന്നു എന്നതാണ് സത്യം. എന്നാൽ പരസ്പരം പോരടിച്ചു കഴിഞ്ഞ മറാഠകൾക്കും നിസാമിനും ടിപ്പുവിനും ഇടയിൽ ഐക്യമെന്നത് ഒരിക്കലും സംഭവ്യമല്ലായിരുന്നു.

 

പട്‍വർധന്റെ സൈന്യം 1791-ൽ മൈസൂർ ആക്രമിച്ച് ശ്രിംഗേരി മഠം കൊള്ളയടിച്ചപ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തയച്ച് മഠത്തിന്റെ സമ്പത്ത് പുനഃസ്ഥാപിച്ചുനൽകിയത് ടിപ്പുവായിരുന്നു. ടിപ്പുവിന്റെ അധീനതയിലായിരുന്നു ശ്രിംഗേരി മഠം അന്ന്. അവിടത്തെ സ്വാമിയെ ടിപ്പു അഭിസംബോധന ചെയ്തിരുന്നത് 'ജഗദ്ഗുരു' എന്ന പേരിലായിരുന്നു. യുദ്ധത്തിന് പുറപ്പെടും മുമ്പ് മഠത്തിൽ വന്നു അനുഗ്രഹാശിസ്സുകളും ടിപ്പു വാങ്ങുമായിരുന്നു.

എന്നാൽ, അതേസമയം വരാഹക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചതും ടിപ്പു തന്നെ. കാരണം വളരെ ലളിതമായിരുന്നു. ടിപ്പു ആക്രമിച്ചു കീഴടക്കിയ  വാഡയാർ സാമ്രാജ്യത്തിന്റെ സിംഹപ്രതാപത്തിന്റെ അടയാളമായിരുന്നു ഈ ക്ഷേത്രം. ഹിന്ദുക്കളോട് സമരസപ്പെട്ട്, അവരെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള നിരവധി കാര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, യുദ്ധകാലത്ത് ശത്രുരാജാവിനോട് അദ്ദേഹം പ്രവർത്തിച്ച ഈ ഒരു അക്രമത്തെ മാത്രം ഉയർത്തിക്കാട്ടിയാണ് ടിപ്പുവിനെപ്പറ്റി 'ഹിന്ദുവിരോധിയായ ഒരു മുസ്ലിം രാജാവെന്ന' ആക്ഷേപം ഉന്നയിക്കുന്നത്.

ടിപ്പു രാജാവ് കന്നഡയെ അവഗണിച്ചുകൊണ്ട് പേർഷ്യൻ ഭാഷയ്ക്ക് മുൻഗണന നൽകി എന്നതാണ് അടുത്ത ആരോപണം. സത്യത്തിൽ അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രാജാക്കന്മാർക്കിടയിൽ പേർഷ്യൻ ഭാഷയുടെ വല്ലാത്തൊരു സ്വാധീനമുണ്ടായിരുന്നു. ശിവാജി മഹാരാജ് തന്നെ മൗലാനാ ഹൈദർ അലി എന്നൊരു സെക്രട്ടറിയെ നിയമിക്കുന്നത് ഈ പേർഷ്യൻ ആശയവിനിമയങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ്. മതപരിവർത്തനം നടത്താൻ മടികാണിച്ച നൂറുകണക്കിന് ബ്രാഹ്മണരെ ടിപ്പു വധിച്ചിട്ടുണ്ട് എന്നൊരു ആരോപണവുമുണ്ട്. അത് ശരിയാകാനുള്ള സാധ്യതയും കുറവാണ്. കാരണം, ആജീവനാന്തം ടിപ്പുവിന്റെ ദിവാനായിരുന്ന പൂർണ്ണയ്യ ഒരു ഹിന്ദുവായിരുന്നു. ഇതും,  അതുകൊണ്ട് മതപരിവർത്തനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കൊലപാതക കഥകളും ബ്രിട്ടീഷുകാർ അന്ന് ടിപ്പുവിനെതിരെ പറഞ്ഞുപരത്തിയ പരശ്ശതം പൊളികളിൽ ഒന്നുമാത്രമാവാനാണ് സാധ്യത.

മലബാറിലെ നായന്മാരും കൊടവൻമാരും ഒക്കെ ടിപ്പുവിനാൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. അത് പക്ഷേ, ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നുകൊണ്ട് തനിക്കെതിരെ വിപ്ലവം നയിക്കുന്നുണ്ടോ എന്ന സംശയത്തിന്മേലാണ്. അല്ലാതെ അവരുടെ മതത്തിനോടുള്ള വിരോധം കൊണ്ടല്ല. അങ്ങനെയൊരു സംശയത്തിന്റെ പേരിൽ, അന്ന് ടിപ്പു അക്രമിച്ചിട്ടുള്ളത് ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും മാത്രമല്ല, മഹ്‌ദവി മുസ്‌ലീങ്ങളെക്കൂടിയാണ് എന്ന് ചരിത്രപുസ്തകങ്ങളിൽ കാണാം. അതുകൊണ്ട്, അതിലും വർഗീയഛായ പടർത്തുന്നതിൽ കാര്യമില്ല. ആ അക്രമങ്ങളുടെയെല്ലാം ന്യായം അധികാരസംസ്ഥാപനം മാത്രമായിരുന്നു. 

മഹാരാഷ്ട്രയിലെ ഒരു ഗവേഷകനായ സർഫറാസ് ഖാൻ ടിപ്പുസുൽത്താന്റെ ഒരു പ്രഖ്യാപനം തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. അതിൽ, ടിപ്പു പ്രഖ്യാപിക്കുന്നത് മതപരിഗണനകൾക്ക് അതീതമായി തന്റെ സാമ്രാജ്യത്തിന്റെ സംരക്ഷണത്തിനായി അന്ത്യശ്വാസം വരെ പോരാടും എന്നുതന്നെയാണ്. ടിപ്പു ചെയ്തതും അതുതന്നെയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിചെയ്ത്, അവരുടെ വിനീതദാസനും സാമന്തരാജാവുമായി ആജീവനാന്തം കഴിയുന്നതിനുപകരം, 1799 -ലെ നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരോട് പൊരുതി കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം.

രാജഭരണകാലത്തിന്റെ നന്മതിന്മകൾ എല്ലാം, ഇന്ത്യയിലെ മറ്റുള്ള രാജാക്കന്മാരിൽ ഉള്ളതുപോലെ തന്നെ ടിപ്പു സുൽത്താനിലും ഏറിയും കുറഞ്ഞും കണ്ടേക്കും. എല്ലാ രാജാക്കന്മാരെയും പോലെ ടിപ്പുവിനും സ്വന്തം സാമ്രാജ്യം വ്യാപിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി നിരവധി യുദ്ധങ്ങളും നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർ വന്നപ്പോൾ, തന്റെ ആത്മാഭിമാനം പണയപ്പെടുത്തി അവർക്കൊപ്പം കൂടാൻ അദ്ദേഹം തയ്യാറായില്ല. അവരോടു പോരാടി ജീവൻ വെടിഞ്ഞ ധീരൻ തന്നെയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വർഗീയമായ പ്രീണനങ്ങൾ ലക്ഷ്യമിട്ട്, 'സെലക്ടീവ്' ആയി ചരിത്ര സംഭവങ്ങളെ അപഗ്രഥിച്ചുകൊണ്ട് ടിപ്പുവിനെ അധമവൽക്കരിക്കുന്നത്, ചിലപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉദ്ദേശിക്കുന്ന ഫലം നേടിത്തരും എങ്കിൽകൂടിയും, ചരിത്രവസ്തുതകൾക്ക് നിരക്കുന്നതല്ല.