നമ്മൾ പലപ്പോഴും കാറും, സ്വന്തയൊരു വീടും എല്ലാം വാങ്ങിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ, ഒരു സ്മാരകം ദത്തെടുക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, ഇന്ത്യയില്‍ നമുക്ക് സ്‍മാരകം ദത്തെടുക്കാനാവുമെന്ന് നിങ്ങള്‍ക്കറിയാമോ? ചരിത്രസ്നേഹികൾക്കായി സർക്കാരാണ് ഈ സുവർണാവസരം ഒരുക്കുന്നത്. ഇന്ത്യയിലുള്ള സ്‍മാരകങ്ങൾ ദത്തെടുക്കാനും പരിപാലിക്കാനും വേണ്ടിയുള്ള ഒരു നൂതന പദ്ധതിയുമായാണ് ടൂറിസം വകുപ്പ് വരുന്നത്.  

ഇന്ത്യ സാംസ്കാരിക-പുരാവസ്‍തു സർവേ മന്ത്രാലയവുമായി സഹകരിച്ച് ടൂറിസം മന്ത്രാലയം ഇപ്പോൾ ഒരു സ്‍മാരകം ദത്തെടുക്കാൻ അവസരം ഒരുക്കുകയാണ്. 90-ലധികം സ്മാരകങ്ങൾ ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ എന്ന വെബ്‌സൈറ്റിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സ്മാരകങ്ങൾ പൊതു, സ്വകാര്യ മേഖലയിലെ കമ്പനികൾക്കും വ്യക്തികൾക്കും ദത്തെടുക്കാൻ സാധിക്കും.

സ്മാരകം വാങ്ങിക്കുന്ന ആളുകൾ ആ സ്ഥലത്ത് അടിസ്ഥാനവും നൂതനവുമായ സൗകര്യങ്ങൾ ഉണ്ടാക്കി എടുക്കണം, അത് കൂടാതെ സ്മാരകത്തിന്‍റെ പരിപാലനവും അവരുടെ ചുമതലയാണ്. എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, മോടിപിടിപ്പിക്കൽ, ശുചിത്വം എന്നീകാര്യങ്ങളുമൊരുക്കുന്നത് സ്ഥലത്തെ സന്ദർശകരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.  ചില സ്‍മാരകങ്ങളിൽ കൂടുതൽ സൗകര്യങ്ങളായ കഫെറ്റീരിയകൾ, പ്രത്യേക വെളിച്ചം, രാത്രി സന്ദർശനത്തിനുള്ള സൗകര്യം, പതിവ് സാംസ്കാരിക പരിപാടികള്‍, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, നൂതന നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയ ഉണ്ടായിരിക്കണം. ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ പദ്ധതിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്മാരകങ്ങളും പൈതൃക സൈറ്റുകളും ഉൾക്കൊള്ളുന്നു. കോട്ടകൾ, ശവകുടീരങ്ങൾ, ഗുഹകൾ മുതൽ വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ വരെ നീളുന്നതാണ് ഈ പട്ടിക.

പൈതൃക സ്ഥലങ്ങൾ വികസിപ്പിക്കുക, കൂടുതൽ വിനോദസഞ്ചാര സൗഹൃദമാക്കുക, രാജ്യത്ത് അവയുടെ സാംസ്‍കാരിക പ്രാധാന്യം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഈ സ്‍മാരകത്തിൽനിന്നും ലഭിക്കുന്ന വരുമാനം സ്‍മാരകത്തിന്‍റെ പരിപാലനത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി വിനിയോഗിക്കും.

അപ്പോള്‍ ഒരു സ്മാരക മിത്രമാകാൻ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങൾ ചെയ്യേണ്ടത് ഇത്രയുമാണ്, വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സ്മാരകം തിരഞ്ഞെടുക്കുക. അതിനു ശേഷം എക്സ്പ്രഷൻ ഓഫ് ഇന്‍ററസ്റ്റ് (ഇഒഐ) എന്ന പ്രമാണത്തിന്‍റെ രൂപത്തിൽ ഒരു നിർദ്ദേശം സമർപ്പിക്കുക. ഈ നിർദേശങ്ങൾ മേൽനോട്ട സമിതി ശ്രദ്ധാപൂർവ്വം പരിശോധിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത നിർദേശങ്ങൾ പിന്നീട് ബിഡ്ഡിംഗിനായി മുന്നോട്ട് പോകും, അവിടെ ബിഡ്ഡറുകൾ സ്‍മാരകങ്ങൾക്കായുള്ള വികസന പദ്ധതികൾ സമർപ്പിക്കേണ്ടതാണ്. അതിൽനിന്നും നല്ല പദ്ധതികൾ സമർപ്പിക്കുന്നവരെ തെരെഞ്ഞെടുക്കുകയാണ് ചെയ്യുക. മോണുമെന്‍റ് മിത്രാസ് എന്നും സ്മാരക മിത്രാസ് എന്നും പറയപ്പെടുന്ന ഇവർ ടൂറിസം മന്ത്രാലയം, സാംസ്‍കാരിക മന്ത്രാലയം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവർ തമ്മിലുള്ള ധാരണാപത്രത്തിൽ  ഒപ്പുവയ്ക്കും.

ഒഡീഷയിലെ രാജറാണി ക്ഷേത്രം, ജമ്മു കശ്മീരിലെ അഖ്‌നൂർ കോട്ട, മഹാരാഷ്ട്രയിലെ ഔറംഗബാദ് ഗുഹകൾ, ഗോവയിലെ ചാപോറ കോട്ട, മേഘാലയയിലെ മെഗാലിത്തിക് പാലം എന്നിവയാണ് ദത്തെടുക്കാവുന്ന സ്‍മാരകങ്ങളില്‍ ചിലത്.