Asianet News MalayalamAsianet News Malayalam

വെബ് ഉച്ചകോടി: പിന്‍മാറി മെറ്റയും ഗൂഗിളും; ടെക്ക് ഭീമന്‍മാരെ 'പ്രകോപിപ്പിച്ചത്' ഇക്കാര്യം

വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനും ഐറിഷ് സംരംഭകനായ പാഡി കോസ്ഗ്രേവിന്റെ പരാമര്‍ശമാണ് ഇരു ഭീമന്‍ കമ്പനികളെയും പ്രകോപിപ്പിച്ചത്.

Meta and Google quit Lisbon tech summit joy
Author
First Published Oct 21, 2023, 5:27 AM IST

ടെക് മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നായ വെബ് ഉച്ചകോടിയില്‍ നിന്ന് മെറ്റയും ഗൂഗിളും പിന്‍മാറി. പലസ്തീനെതിരായ ഇസ്രയേല്‍ നടപടികളെ വെബ് ഉച്ചകോടി സംഘാടകര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് മെറ്റയുടെയും ഗൂഗിളിന്റെയും പിന്‍മാറ്റം. ലിസ്ബണില്‍ നടക്കുന്ന വെബ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് മെറ്റയുടെ വക്താവ് എഎഫ്പിയോട് പറഞ്ഞു. തങ്ങളും പരിപാടിയില്‍ നിന്ന് പിന്‍മാറിയതായി ഗൂഗിള്‍ പ്രതിനിധിയും വ്യക്തമാക്കി. 

ഇന്റല്‍, സീമെന്‍സ് തുടങ്ങിയ കമ്പനികളുടെയും സാങ്കേതിക രംഗത്തെ പ്രമുഖരുടെയും പിന്‍മാറ്റത്തിന് പിന്നാലെയാണ് മെറ്റയുടെയും ഗൂഗിളിന്റെയും പ്രഖ്യാപനം. വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനും ഐറിഷ് സംരംഭകനായ പാഡി കോസ്ഗ്രേവിന്റെ പരാമര്‍ശമാണ് ഇരു ഭീമന്‍ കമ്പനികളെയും പ്രകോപിപ്പിച്ചത്. കഴിഞ്ഞ ആഴ്ച എക്‌സിലൂടെയായിരുന്നു കോസ്ഗ്രേവിന്റെ പരാമര്‍ശം. ''യുദ്ധക്കുറ്റങ്ങള്‍ സഖ്യകക്ഷികള്‍ ചെയ്താലും യുദ്ധക്കുറ്റങ്ങള്‍ തന്നെയാണ്. നിരവധി പാശ്ചാത്യ നേതാക്കളുടെയും സര്‍ക്കാരുകളുടെയും പ്രതികരണങ്ങളിലും നടപടികളിലും ഞാന്‍ ഞെട്ടി.''-കോസ്ഗ്രേവ് പറഞ്ഞു. 

പ്രമുഖ ടെക്ക് കമ്പനികള്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറി തുടങ്ങിയപ്പോള്‍ കോസ്ഗ്രേവ് തന്റെ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി. തന്റെ പരാമര്‍ശവും പറഞ്ഞ രീതിയും പലര്‍ക്കും അഗാധമായ വേദനയുണ്ടാക്കിയതായി മനസിലാക്കുന്നു. വാക്കുകളില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുന്നു. ഇസ്രായേലിന്റെ അസ്തിത്വത്തിനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും കോസ്ഗ്രേവ് പറഞ്ഞു. ഒടുവിലായി, ഇസ്രയേല്‍ ജനീവ കണ്‍വെന്‍ഷനുകള്‍ പാലിക്കണമെന്നും കോസ്ഗ്രേവ് ആവശ്യപ്പെട്ടു. 

നവംബര്‍ 13 മുതല്‍ 16 വരെ ലിസ്ബണില്‍ നടക്കുന്ന വെബ് ഉച്ചകോടിയില്‍ ഏകദേശം 2,300 സ്റ്റാര്‍ട്ടപ്പുകളും 70,000ഓളം  സാങ്കേതിക വിദഗ്ദരുമാണ് പങ്കെടുക്കുന്നത്. 

 പലസ്തീന്‍ ഉപയോക്താക്കളുടെ ബയോയില്‍ 'തീവ്രവാദി'; ഖേദം പ്രകടിപ്പിച്ച് മെറ്റ 
 

Follow Us:
Download App:
  • android
  • ios