Asianet News MalayalamAsianet News Malayalam

'ശ്രദ്ധിക്കണം'; എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സിഇഒ രംഗത്ത്

ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് വരിക്കാരുടെ ഒടിപിയും യുപിഐയും വഴിയുള്ള ഇടപാടുകളും തട്ടിപ്പിന് ഇരയാകുന്നുണ്ട്. തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയില്ലാത്ത, എയര്‍ടെല്‍ വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഏറ്റവും സുരക്ഷിത സംവിധാനമാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ എയര്‍ടെല്‍ സേഫ് പേ എന്നും വിറ്റല്‍ പരിചയപ്പെടുത്തുന്നു. 

Airtel CEO Warns Customers Against Cyber Frauds Taking Place in India Amid Coronavirus Spread
Author
Airtel center, First Published May 22, 2021, 9:30 PM IST

ദില്ലി: എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ രംഗത്ത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ രാജ്യത്തിന്‍റെ പലഭാഗങ്ങളും ലോക്ക്ഡൗണിലാണ് ഈ അവസ്ഥയില്‍ ആളുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍, സേവനങ്ങള്‍ എന്നിവയെ കൂടുതലായി ഉപയോഗിക്കുന്നു, അതേ സമയം തന്നെ സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയാണെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മുതല്‍ ഇടപാടുകള്‍വരെ വിവിധ കാര്യങ്ങളില്‍ വിറ്റല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് വരിക്കാരുടെ ഒടിപിയും യുപിഐയും വഴിയുള്ള ഇടപാടുകളും തട്ടിപ്പിന് ഇരയാകുന്നുണ്ട്. തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയില്ലാത്ത, എയര്‍ടെല്‍ വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഏറ്റവും സുരക്ഷിത സംവിധാനമാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ എയര്‍ടെല്‍ സേഫ് പേ എന്നും വിറ്റല്‍ പരിചയപ്പെടുത്തുന്നു. ഉപഭോക്താവ് അറിയാതെ ഒരിക്കലും പണം അക്കൗണ്ടില്‍ നിന്നും നീങ്ങില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

സൈബര്‍ തട്ടിപ്പ് നടക്കുന്നത് പ്രധാനമായും രണ്ടു മാര്‍ഗങ്ങളിലൂടെയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ടെല്‍ ജീവനക്കാര്‍ എന്ന വ്യാജേന വരിക്കാരനെ വിളിക്കുക അല്ലെങ്കില്‍ എസ്എംഎസ് അയച്ച് കെവൈസി (ഉപഭോക്താവിന്റെ വിവരങ്ങള്‍) അപൂര്‍ണമാണെന്ന് അറിയിക്കുന്നു. ഉപഭോക്താവിനോട് 'എയര്‍ടെല്‍ ക്വിക്ക് സപ്പോര്‍ട്ട്' എന്ന ഇല്ലാത്തൊരു ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും.

ഇല്ലാത്ത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താവിനെ ടീം വ്യൂവര്‍ ക്വിക്ക് ആപ്പിലേക്ക് തിരിക്കും. ഈ ആപ്പിലൂടെ ഉപകരണത്തിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാക്കുന്നു. ഇതോടെ അതിലുള്ള വിവരങ്ങള്‍ ശേഖരിക്കാൻ എളുപ്പമാകും. ഉപഭോക്താവ് തന്നെ അത് ഇന്‍സ്റ്റാള്‍ ചെയ്താലും ഉപകരണവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും തട്ടിപ്പുകാരനു ലഭ്യമാകുമെന്ന് വിറ്റല്‍ വിശദമാക്കുന്നു.

വിഐപി നമ്പറുകള്‍ നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പിന്റെ മറ്റൊരു മാര്‍ഗം. നമ്പര്‍ ലഭിക്കുന്നതിനായി ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ നല്‍കും. എന്നിട്ട് ടോക്കണ്‍ അല്ലെങ്കില്‍ ബുക്കിങ് തുക ആവശ്യപ്പെടും. ഫണ്ട് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ മറുപടിയൊന്നു ഉണ്ടാകില്ല, അവരെ കണ്ടെത്താനും പറ്റില്ല. വിഐപി നമ്പറുകള്‍ നല്‍കുന്ന ഏര്‍പ്പാടൊന്നും എയര്‍ടെലിനില്ലെന്നും മൂന്നാമതൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും വിറ്റല്‍ വ്യക്തമാക്കുന്നു.ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉടനെ 121 ലേക്ക് വിളിച്ച് സംശയം മാറ്റി സ്ഥിരീകരിക്കണമെന്നും വിറ്റല്‍ ആവശ്യപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios