Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷത്തിനുള്ളില്‍ നാലുതവണ നിരോധിക്കലും, നിരോധനം നീക്കലും; പാകിസ്ഥാനില്‍ ടിക്ടോക്കിന് സംഭവിക്കുന്നത്.!

ലജ്ജാകരമായ കാര്യം പ്രസിഡന്റ് ആരിഫ് ആല്‍വി തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടിക്ക് ടോക്കില്‍ ചേര്‍ന്നിരുന്നു എന്നതാണ്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ 'പോസിറ്റിവിറ്റിയുടെയും പ്രചോദനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. 

Why Pakistan keeps banning and unbanning TikTok
Author
Lahore, First Published Jul 23, 2021, 10:00 PM IST

ടിക്ക് ടോക്കിനെ ഇന്ത്യ നിരോധിച്ചുവെങ്കിലും പാക്കിസ്ഥാന് അതിനു കഴിയുന്നില്ല. ചില സമയത്തേക്ക് നിരോധിക്കും, തുടര്‍ന്ന് നിയന്ത്രണം ഒഴിവാക്കും. ഈ രീതിയിലാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്. ചൈനീസ് ആപ്പിന് പാക്കിസ്ഥാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാലാം തവണയാണ് നിരോധനവും പിന്‍വലിക്കലും ഉണ്ടായത്. അശ്ലീല ഉള്ളടക്കമാണ് പാക്കിസ്ഥാനില്‍ ടിക്ക് ടോക്ക് നിരോധിക്കാനുള്ള കാരണമായി എടുത്തു പറയുന്നത്. 

കോടതി ഇടപെടലും തുടര്‍ന്ന് നിരോധനം സംഭവിച്ചിട്ടും വൈകാതെ വീണ്ടും ടിക്ക് ടോക്ക് ഇവിടെ ലൈവായി. പാകിസ്ഥാന്‍ ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ വിലക്ക് നീക്കിയതിന് ശേഷം ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞത് വിദേശ കമ്പനികള്‍ക്കായി ബിസിനസ് സൗഹൃദ കാലാവസ്ഥ സൃഷ്ടിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നതിനാല്‍ ടിക്ക് ടോക്കിനെ എന്നേക്കുമായി പൂട്ട് ഇടാനാവില്ലെന്നാണ്. മാത്രമല്ല രാജ്യത്തെ കോടതികള്‍ യാഥാസ്ഥിതിക ഗ്രൂപ്പുകളില്‍ നിന്ന് നേരിടുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താത്ക്കാലിക വിലക്കുകള്‍ മാത്രമാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഇടപെടലുള്ളതു കൊണ്ടു തന്നെ കോടതികള്‍ക്ക് പോലും നിരോധനം അധികകാലം നിലനിര്‍ത്താന്‍ കഴിയില്ല.

ഇത്തവണ പ്രത്യേകിച്ചും ലജ്ജാകരമായ കാര്യം പ്രസിഡന്റ് ആരിഫ് ആല്‍വി തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടിക്ക് ടോക്കില്‍ ചേര്‍ന്നിരുന്നു എന്നതാണ്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ 'പോസിറ്റിവിറ്റിയുടെയും പ്രചോദനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഒരു ഹ്രസ്വ വീഡിയോയിലൂടെ അദ്ദേഹം ഈദിന് ആശംസകള്‍ അറിയിച്ചിരുന്നു. 'ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ അടുത്ത കോടതി ഉത്തരവ് വരുമ്പോള്‍' ആല്‍വി എന്തുചെയ്യുമെന്ന് ചില ഉപയോക്താക്കള്‍ ചോദിക്കുന്നു. 

2020 ഒക്ടോബറില്‍ 10 ദിവസത്തെ നിയന്ത്രണത്തില്‍ തുടങ്ങി പാകിസ്ഥാന്‍ ടിക് ടോക്കിനെ നിരോധിച്ചപ്പോഴെല്ലാം തീരുമാനം മാറ്റിമറിച്ചു. കമ്പനി ഉള്ളടക്കം മോഡറേറ്റ് ചെയ്യാമെന്ന ഉറപ്പിന്മേലായിരുന്നു ഈ നടപടികളെല്ലാം. ഈ വര്‍ഷം ആദ്യ പാദത്തില്‍ 65 ലക്ഷത്തോളം വീഡിയോകള്‍ ടിക് ടോക്ക് നീക്കം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചില്‍ പെഷവാര്‍ ഹൈക്കോടതി ആപ്ലിക്കേഷന്‍ നിരോധിച്ചിരുന്നുവെങ്കിലും ആ നിരോധനം ഏകദേശം മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ നീക്കി. അടുത്തത്, ജൂണില്‍, മൂന്ന് ദിവസം.

വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ടിന്‍ഡര്‍, ഗ്രിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനുകള്‍ക്കെതിരായ ആക്രമണത്തിന്റെ ഭാഗമായിരുന്നു ടിക്‌ടോക്കിന്റെ ആദ്യ നിരോധനം. പാക്കിസ്ഥാന്‍ ഡിജിറ്റല്‍ വിപണിയില്‍ അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കാന്‍ തുടങ്ങിയ സമയത്തായിരുന്നു ഇത്. ഗ്രാമങ്ങളിലെയും ചെറുതും അവഗണിക്കപ്പെട്ടതുമായ പട്ടണങ്ങളിലെ യുവാക്കള്‍ക്കിടയില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവരുടെ ബിസിനസുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു മാധ്യമമായി ടിക്ക് ടോക്ക് പാക്കിസ്ഥാനില്‍ മാറിയിരുന്നു.

അതു കൊണ്ടാവാം ഈ ആപ്ലിക്കേഷന്‍ ജനപ്രിയമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി പോലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗ്രൂപ്പുകളും ആപ്ലിക്കേഷനില്‍ വളരെയധികം ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍മാരെക്കുറിച്ചുള്ള ആളുകളുടെ ധാരണയില്‍ ടിക്ക് ടോക്ക് മാറ്റം വരുത്തിയതായി ഒരു പഠനം തെളിയിച്ചു. കാലക്രമേണ, നിരവധി പാകിസ്താന്‍ സെലിബ്രിറ്റികളും ടിക് ടോക്കില്‍ ചേര്‍ന്നു, ഇത് ഉയര്‍ന്ന മധ്യവര്‍ഗക്കാര്‍ക്കിടയിലും ആപ്ലിക്കേഷന്‍ ജനപ്രിയമാക്കി. അതു കൊണ്ടു തന്നെ എത്ര നിരോധനം വന്നാലും ദിവസങ്ങള്‍ക്കുള്ളില്‍ ടിക്ക് ടോക്ക് ഇവിടെ പഴയപടിയാകുമെന്ന് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios