Asianet News MalayalamAsianet News Malayalam

പ്രമേഹം സ്ത്രീകളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തം; അറിയാം ചില ലക്ഷണങ്ങള്‍...

ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്ക് പുറമെ സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭകാലത്ത് പ്രത്യേകമായി പിടിപെടുന്ന പ്രമേഹവുമുണ്ട്. പ്രമേഹത്തിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ ലക്ഷണങ്ങളുടെ കാര്യത്തിലും സ്ത്രീകളില്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തത കാണാറുണ്ട്.

diabetes symptoms and related problems in women
Author
First Published Nov 11, 2022, 9:56 AM IST

പ്രമേഹരോഗം പ്രധാനമായും ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. പാരമ്പര്യമായും പ്രമേഹം പിടിപെടാറുണ്ട്. എങ്കിലും ഏറെയും മോശം ഡയറ്റ് (ഭക്ഷണത്തിലെ പോരായ്കകള്‍) അടക്കമുള്ള ജീവിതശൈലികള്‍ മൂലമാണ് പ്രമേഹം പിടിപെടുന്നത്. 

ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്ക് പുറമെ സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭകാലത്ത് പ്രത്യേകമായി പിടിപെടുന്ന പ്രമേഹവുമുണ്ട്. പ്രമേഹത്തിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ ലക്ഷണങ്ങളുടെ കാര്യത്തിലും സ്ത്രീകളില്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തത കാണാറുണ്ട്. അത്തരത്തില്‍ സ്ത്രീകളില്‍ മാത്രമായി കാണുന്ന പ്രമേഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സ്ത്രീകളില്‍ പ്രമേഹത്തിന്‍റെ ഭാഗമായി മൂത്രാശയ അണുബാധയുണ്ടാകാം. കാരണം പ്രമേഹമുള്ളവരില്‍ അണുബാധകള്‍ വരാനും അതിനെ പ്രതിരോധിക്കാൻ കഴിയാതെ വരികയും ചെയ്യാം. പ്രമേഹമുള്ളപ്പോള്‍ മൂത്രത്തിന്‍റെ അളവ് കൂടുകയും ചെയ്യുന്നതോടെ ഇതെല്ലാം മൂത്രാശയ അണുബാധയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. വജൈനല്‍ ഇൻഫെക്ഷനും (യോനിയിലെ അണുബാധ) ഇത്തരത്തില്‍ ഉണ്ടാകാം. 

രണ്ട്...

പ്രമേഹം ചില സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ക്കും കാരണമാകാറുണ്ട്. എന്നാലിത് എല്ലാവരിലും കാണുന്ന പ്രശ്നമല്ലെന്ന് മനസിലാക്കുക. 

മൂന്ന്...

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം അഥവാ പിസിഒഎസ് ഉള്ള സ്ത്രീകളിലും പ്രമേഹ സാധ്യത കൂടുതലാണത്രേ. മറിച്ച് പറയുകയാണെങ്കില്‍ പ്രമേഹമുള്ളവരില്‍ പിസിഒഎസ് സാധ്യതയും കാണാം. 

നാല്...

ഗര്‍ഭകാലത്ത് പിടിപെടുന്ന 'ജെസ്റ്റേഷണല്‍ ഡയബറ്റിസ്' എന്നറിയപ്പെടുന്ന പ്രമേഹമാണെങ്കില്‍ ഇത് ചില സ്ത്രീകളില്‍ പ്രസവസമയത്ത് ഭാരം അമിതമായിട്ടുള്ള കുഞ്ഞ് ജനിക്കുന്നതിലേക്ക് നയിക്കാറുണ്ട്. ഇതും എല്ലാവരിലും കാണുന്നൊരു പ്രശ്നമല്ല. എന്നാല്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് പ്രമേഹം പിടിപെടുന്ന സ്ത്രീകളില്‍ പിന്നീട് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. 

അഞ്ച്...

പ്രമേഹം ചില സ്ത്രീകളില്‍ ഹൃദ്രോഗം, വൃക്ക രോഗം, വിഷാദരോഗം തുടങ്ങിയ പ്രശ്നങ്ങളിലേക്കെല്ലാം നയിക്കാറുണ്ടെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. ഇവയെല്ലാം തന്നെ വീണ്ടും പ്രമേഹം അധികരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യാം. അതുപോലെ ആര്‍ത്തവവിരാമത്തോട് അനുബന്ധമായും സ്ത്രീകളില്‍ പ്രമേഹസാധ്യത കൂടാം. പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം കൂടുന്നത് സ്ത്രീകളിലാണ് എന്നതിനാല്‍ തന്നെ ഇതും പ്രമേഹസാധ്യത കൂട്ടുന്നു. 

Also Read:- സ്ത്രീകളിലെ വന്ധ്യതയെ പ്രതിരോധിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

Follow Us:
Download App:
  • android
  • ios