ഓരോ നക്ഷത്രക്കാർക്കും ഓരോ സ്വഭാവരീതിയാണല്ലോ. ജന്മനക്ഷത്രത്തിലൂടെ അവരുടെ സ്വഭാവം അറിയാനാകുമെന്നാണ് ജോതിഷ ശാസ്ത്രം പറയുന്നത്. ഒരുപരിധി വരെ ജന്മനക്ഷത്രങ്ങൾ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയപ്പെടുന്നു. ജന്മനക്ഷത്രങ്ങളും സ്ത്രീകളുടെ സ്വഭാവത്തെയും കുറിച്ചാണ് ഇനി പറയാൻ പോകുന്നത്....

അശ്വതി...

അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ സൗന്ദര്യമുള്ളവരും സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്നവളാകും. ശരീരസൗന്ദര്യത്തിന് ഏറെ പ്രധാന്യം കൊടുക്കുന്നവരാകും ഇവർ.

ഭരണി...

കുടുംബത്തോട് ഏറെ ഇഷ്ടമുള്ളവരാകും ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ. ഭർത്തൃ കുടുംബവുമായി നിരന്തരം കലഹിക്കുന്നവരായിരിക്കും. പിടിവാശി അൽപം കൂടുതലുള്ളവരാണ് ഇവർ.

കാർത്തിക...

ആരെയും വകവയ്ക്കാത്ത സ്വഭാവരീതിയാണ് കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെത്. ധാരാളം പണം സമ്പാദിക്കുന്നവരാകും ഈക്കൂട്ടർ. തന്നിഷ്ടക്കാരികളായി കുടുംബ ജീവിതം നയിക്കുകയും സ്വന്തം താൽപര്യപ്രകാരം എല്ലാം ചെയ്യുന്നവളാകും.

രോഹിണി....

രോഹിണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഇരിക്കുന്ന സ്ഥലം വൈകുണ്ഠതുല്യമാണെന്നാണ് പറയപ്പെടുന്നത്.
കുടുംബത്തോട് വളരെയധികം സ്നേഹമുള്ളവരാണ് ഇവർ. ആഡംബരത്തോടെ താൽപര്യമുള്ളവരാണ് രോഹിണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ.

മകയിരം...

മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വ്യത്യസ്ത ആഭരണങ്ങൾ അണിയാൻ താൽപര്യമുള്ളവരാകും. ആഡാംബര ജീവിതവും കെെ നിറയെ കിട്ടുന്ന പണമെല്ലാം ചെലവാക്കുന്ന സ്ത്രീകളാണ് ഇവർ.

തിരുവാതിര...

തിരുവാതിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് പൊതുവെ നല്ല സ്വഭാവശീലവും സമാധാനപരമായ പെരുമാറ്റവുമായിരിക്കും.

പുണർതം...

 വളരെ മധുരമായി സംസാരിക്കുന്നവരായിരിക്കും പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ. എന്ത് കാര്യവും വളരെ പോസിറ്റീവായി നേരിടുന്നവരാണ് ഇവർ.

 പൂയം...

പൂയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കഠിനസ്വഭാവമുള്ളവളായിരിക്കും. നല്ല ചിന്തയ്ക്കുടമയായിരിക്കും ഇവർ.  കുടുംബത്തോടുള്ള സ്നേഹവും ആരോഗ്യകാര്യത്തിലെ ശ്രദ്ധയും അളവിലധികമായിരിക്കും. കുടുബാംഗങ്ങൾക്ക് എപ്പോഴും താങ്ങും തണലുമായിരിക്കും ഇവർ. ഇക്കൂട്ടർക്ക് എപ്പോഴും മനസിൽ അനാവശ്യ ചിന്തകൾ കടന്നു വരാം. പൊതുവെ എടുത്തുചാട്ടക്കാരാണ് ഇവർ.

ആയില്യം ....

ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ തന്നിഷ്ടക്കാരാണ്. സന്ദർഭോചിതമായി പെരുമാറാനും സംസാരിക്കാനും കഴിവുള്ളവരാണ്. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്നവരാകും ഇവർ.

മകം...

മകം പിറന്ന മങ്ക എന്ന് നിങ്ങൾ‌ കേട്ടിട്ടില്ലേ. മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ദൈവവിശ്വാസികളായിരിക്കും. ആർക്കെങ്കിലും എന്തെങ്കിലും പ്രയാസം ഉണ്ടായാൽ തക്കസമയത്ത് അവരെ സഹായിക്കാൻ മനസുള്ളവരാണ് ഇവർ.

പൂരം....

 നല്ല പെരുമാറ്റവും മറ്റുള്ളവരെ ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കുന്നവളും സ്വയം ലഭിച്ച പുണ്യത്തോടു കൂടിയും ഉപകാരസ്മരണയോടും കൂടിയവളുമായിരിക്കും.

ഉത്രം....

ഉത്രം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ തൊടുന്ന മേഖലയെല്ലാം പൊന്നാക്കി മാറ്റുന്നവരായിരിക്കും. ഭർത്താവിന്റെ വാക്കും അഭിപ്രായങ്ങളും കേൾക്കുമെങ്കിലും സ്വന്തമിഷ്ടത്തിലെ പ്രവർത്തിക്കൂ. പിടിവാശിക്കാരാകും ഇവർ.

അത്തം....

 അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ക്ഷമാശീലയും ധർമ്മ നിഷ്ഠയുളളവളുമായിരിക്കും. ശാലീനകളും സൗമ്യശീലരുമായ ഇവർക്ക് കുടുംബ ജീവിതത്തില്‍ ദീപം പോലെ പ്രകാശിക്കാൻ കഴിയും.

ചിത്തിര....

ചിത്തിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വളരെയധികം സുന്ദരികളും ബുദ്ധിമതികളും പ്രവർത്തന ചാതുര്യമുള്ളവരുമായിരിക്കും. സ്വതന്ത്ര സ്വഭാവക്കാരും ബഹുമാനിക്കപ്പെടാത്തവളുമായിരിക്കും.‌

ചോതി....

ചോതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കലയെ വളരെയധികം ഇഷ്ടപ്പെടുന്നവരാകും. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നവരാണ്.

വിശാഖം...

വിശാഖം നക്ഷത്രത്തിൽ ജനിച്ച ഇവർ സാധാരണ ജീവിതം ഇഷ്ടപ്പെടുന്നവരാകും. ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിന്റെ ധെെര്യത്തോടെ സമീപിക്കുന്നവരാകും.

അനിഴം...

അനിഴം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ധാരാളം സുഹൃത്തുക്കളുണ്ടാകും. ഗുരുക്കന്മാരിലും ഭർത്താവിലും ഭക്തിയുള്ളവരുമാണ്. കുടുംബത്തിന് ഏറെ പ്രധാന്യം കൊടുക്കുന്നവരാകും ഇവർ.

തൃക്കേട്ട...

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ നല്ലൊരു സംഘാടകയായിരിക്കും. കലകളോട് ഏറെ താൽപര്യം ഉള്ളവരാകും. ബിസിനസ് മേഖലയിൽ ശോഭിക്കാം.

മൂലം...

മൂലം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പൊതുവെ മൃദുലസ്വഭാവമുളളവരും ബുദ്ധിമതികളുമാണ്. ജീവിതം സദാ ആഹ്ലാദകരമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ ആവശ്യമില്ലാതെ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരാണ്. പങ്കാളിയെ അളവറ്റു സ്നേഹിക്കുന്നവരാണ്.

പൂരാടം...

പൂരാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ അടുക്കും ചിട്ടയുമുള്ളവരാകും. ഇവർ പരിശ്രമശാലികളും ആത്മവിശ്വാസത്തിനുടമകളുമാണ്. എന്തിനെയും നിറഞ്ഞ ചിരിയോടെ നേരിടുന്നവരാകും ഇവർ.

ഉത്രാടം...

ഉത്രാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഈശ്വരഭക്തരും മനോനൈർമല്യമുള്ളവരുമായിരിക്കും. കുടുംബത്തിന് ഏറെ പ്രധാന്യം കൊടുക്കുന്നവരാകും ഇക്കൂട്ടർ.

തിരുവോണം...

തിരുവോണം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് സന്താനങ്ങളുടെ ഉയർച്ചയിലും വളർച്ചയിലും വലിയ താൽപര്യം ഉള്ളവരായിരിക്കും. നല്ല വ്യക്തിത്വവും സൽസ്വഭാവവും കുലീനതയും സ്നേഹസമ്പന്നരും ആയിരിക്കും. പ്രവർത്തിമേഖലയിൽ ഇവർ ശോഭിക്കും.

അവിട്ടം...

അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ധൈര്യശാലികളും സത്യസന്ധരും വിനയമുള്ളവരുമായിരിക്കും. കുടുംബ കാര്യത്തിൽ അവഗണനകൾ ഉണ്ടായാലും ആ തെറ്റു തിരുത്തി കുടുംബം നല്ല രീതിയിൽ നയിക്കുന്നവരാണിവർ. സമ്പത്തുള്ളവരും മറ്റുള്ളരെ കണ്ണടച്ചു വിശ്വസിക്കുന്നവരുമാണ്.

ചതയം...

ചതയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ലാളിത്യമുള്ളവരും സമാധാന ശീലരുമായിരിക്കും. ചില സമയത്ത് ക്ഷിപ്രകോപികളാവുന്ന ഇവർ ദൈവഭയമുള്ളവരാണ്.

പൂരുരുട്ടാതി....

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഭർത്താവിനെയും സന്താനങ്ങളെയും കുടുംബത്തേയും ഇവർ വളരെ അധികം സ്നേഹിക്കും. കുടുംബഭരണത്തിലും ഔദ്യോഗിക രംഗത്തും പൊതുപ്രവർത്തനത്തിലും എല്ലാം ഇവർ വിജയിക്കും.

ഉത്രട്ടാതി...

ഉത്രട്ടാതി നക്ഷത്രക്കാരായ സ്ത്രീകൾ ആഭരണപ്രിയരും ഭക്ഷണപ്രിയരുമാണ്. കുടുംബത്തിന് വളരെയധികം പ്രധാന്യം നൽകുന്നു.

രേവതി...

രേവതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ‌ആർക്കും കീഴടങ്ങാത്ത സ്വഭാവമുള്ളവരും പരോപകാരികളും നല്ല ചിന്താഗതിയുള്ളവരുമായിരിക്കും. സത്യസന്ധതയുള്ളവരും ശുദ്ധഹൃദയരുമായിരിക്കും ഇവർ.

കടപ്പാട്:
ഗിന്നസ് ജയനാരായൺ ജി
ജ്യോതിഷന്‍