Asianet News MalayalamAsianet News Malayalam

അന്ന് 100 രൂപ കൊടുത്ത് നാല് ആമ്പല്‍ച്ചെടികള്‍ വാങ്ങി, 20 വർഷങ്ങൾക്കുള്ളിൽ 200 ഇനം ആമ്പലുകളുടെ തോട്ടം

വെള്ളത്തിന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയാല്‍ ആ വെള്ളം മാറ്റി പുതിയത് നിറയ്ക്കാനും ശ്രദ്ധിക്കണം. ആമ്പല്‍പ്പൂക്കളും താമരകളും വളര്‍ത്തുമ്പോള്‍ ആല്‍ഗകളും ഒച്ചുകളുമാണ് ഏറ്റവും വലിയ ശല്യക്കാരെന്ന് സോംനാഥ് പറയുന്നു.

200 varieties of water lilies and tips from Somnath Pal from Mumbai
Author
Mumbai, First Published Feb 14, 2021, 2:57 PM IST

ആമ്പല്‍പ്പൂക്കളോട് ഏറെ ഇഷ്ടമുള്ള മുംബൈ സ്വദേശിയായ സോംനാഥ് പാല്‍ പതിനെട്ടാമത്തെ വയസില്‍ ആദ്യമായി താന്‍ മോഹിച്ച പ്രിയപ്പെട്ട പുഷ്പം സ്വന്തമാക്കിയപ്പോള്‍ ജീവിതത്തിലെ അമൂല്യമായ എന്തോ നേടിയ സന്തോഷത്തിലായിരുന്നു. സഹോദരിയോടൊപ്പം ചെടികളുടെ നഴ്‌സറിയിലേക്ക് യാത്ര പോയപ്പോഴാണ് ഈ പൂവിന്റെ ഭംഗി ആദ്യമായി കണ്ണിലുടക്കിയത്. ആശിച്ച പൂച്ചെടി വാങ്ങാന്‍ കൈയില്‍ പണമില്ലാതിരുന്ന സോംനാഥ് ഒരു വര്‍ഷത്തിന് ശേഷം സ്വരൂപിച്ചുവെച്ച 100 രൂപ കൊടുത്ത് നാല് ആമ്പല്‍ച്ചെടികള്‍ സ്വന്തമാക്കി. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം 200 ഇനങ്ങളില്‍പ്പെട്ട ആമ്പല്‍പ്പൂക്കളുടെ തോട്ടം തന്നെ സോംനാഥ് സ്വന്തമായി തയ്യാറാക്കിയെടുത്തു.

അതുകൂടാതെ 80 ഇനങ്ങളോളമുള്ള താമരപ്പൂക്കളും 15 ഇനങ്ങളിലുള്ള മറ്റുള്ള ജലസസ്യങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 'പനിനീര്‍, ചെണ്ടുമല്ലി, പപ്പായ, പേരക്ക, ചെമ്പരത്തി, ഓര്‍ക്കിഡ് തുടങ്ങിയ ഏകദേശം മുന്നൂറോളം ചെടികളും ഞാന്‍ വളര്‍ത്തുന്നുണ്ട്. അച്ഛന്‍ വളര്‍ത്തുന്ന ചെടികളെ പരിപാലിച്ചും അദ്ദേഹത്തിന്റെ കൃഷിരീതികള്‍ കണ്ടും വളര്‍ന്നതുകൊണ്ടാണ് സ്വന്തമായി ഉദ്യാനമുണ്ടാക്കണമെന്ന താല്‍പര്യം കുട്ടിക്കാലത്ത് തന്നെ മനസിലുണ്ടായത്.' സോംനാഥ് പറയുന്നു.

സെക്യൂരിറ്റി ഗാര്‍ഡ് ആയി പാര്‍ട്ട് ടൈം ജോലി നോക്കുന്ന സോംനാഥ് ജോലി ചെയ്തുണ്ടാക്കുന്ന പണത്തിന്റെ ഒരു ഭാഗം ആമ്പല്‍ച്ചെടികള്‍ വാങ്ങാനായി മാറ്റി വെച്ചു. മട്ടുപ്പാവില്‍ വിശ്രമ വേളയിലെ വിനോദമായി തുടങ്ങിയതാണെങ്കിലും ഇന്ന് 11,000 ചതുരശ്ര അടി സ്ഥലത്ത് ആമ്പല്‍ച്ചെടികളുടെ തോട്ടം തന്നെയുണ്ടാക്കിയെടുത്തിരിക്കുകയാണ് ഇദ്ദേഹം. സമ്പാദ്യം കൂടിയപ്പോള്‍ തായ്‌ലാന്റ്, അമേരിക്ക, ഇറ്റലി, ആസ്സാം, കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമെല്ലാം വിവിധയിനം ആമ്പല്‍ച്ചെടികള്‍ കൊണ്ടുവന്ന് വളര്‍ത്തുകയായിരുന്നു.

നെലുമ്പോ സ്‌നോവൈറ്റ്, നെലുമ്പോ വാസുകി, നെലുമ്പോ നക്ഷത്ര, നെലുമ്പോ ട്വിങ്കിള്‍, നെലുമ്പോ റെഡ് സില്‍ക്, നെലുമ്പോ കാഞ്ചി, നെലുമ്പോ ആപ്പിള്‍, നെലുമ്പോ വൈറ്റ് പഫ് എന്നീയിനങ്ങളില്‍പ്പെട്ട താമരകളാണ് ഇദ്ദേഹം വളര്‍ത്തുന്നത്. കൊളോക്കേഷ്യ എസ്‌കുലെന്റ, ബ്ലാക് മാജിക്, കൊളോക്കേഷ്യ വൈറ്റ് ലാവ, പാപ്പിറസ് ഡ്വാര്‍ഫ്, താലിയ ഡീല്‍ബാറ്റ, താലിയ ജെനിക്കുലാറ്റ, സ്റ്റാര്‍ റഷ് എന്നിവയാണ് മറ്റിനങ്ങളിലുള്ള ജലസസ്യങ്ങള്‍.

1000 രൂപയ്ക്കും 45,000 രൂപയ്ക്കുമിടയിലാണ് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ നിന്നും വില്‍പ്പന നടത്തുന്ന ചെടികളുടെ വില. മാസത്തില്‍ ഏകദേശം 200 പേര്‍ക്ക് വില്‍പ്പന നടത്തുന്നുണ്ട്. പ്രധാനമായും കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ആവശ്യക്കാരുള്ളത്. ഹൈബ്രിഡ് ഇനങ്ങളും വളര്‍ത്തുന്നുണ്ട്.

ആമ്പല്‍ വളര്‍ത്തുന്നതിന്റെ ആദ്യപടിയായി ഇദ്ദേഹം നടീല്‍ വസ്തുവായ കിഴങ്ങ് ശുദ്ധജലത്തില്‍ രണ്ടു ദിവസം തണലുള്ള സ്ഥലത്തായി സൂക്ഷിച്ചു വെക്കുകയാണ് ചെയ്യുന്നത്. വീട്ടിനകത്ത് വളര്‍ത്തുകയാണെങ്കില്‍ ബാല്‍ക്കണിയിലോ സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികിലോ വളര്‍ത്താന്‍ ശ്രദ്ധിക്കണം. 12 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയുമുള്ള പാത്രത്തില്‍ നാല് ഇഞ്ച് ചെളി അല്ലെങ്കില്‍ കളിമണ്ണ് നിറയ്ക്കണം. അതിനുശേഷം കിഴങ്ങ് രണ്ട് ഇഞ്ച് ആഴത്തില്‍ നടുന്ന പാത്രത്തിന് സമാന്തരമായി വെക്കണം. ഉഷ്ണമേഖലയില്‍ വളരുന്ന ആമ്പലിന്റെ കിഴങ്ങുകളാണെങ്കില്‍ പാത്രത്തിന്റെ നടുവില്‍ തന്നെ കുഴിച്ചിടാം. പാത്രത്തിന്റെ മുകളറ്റം വരെ വെള്ളം ഒഴിച്ചുകൊടുക്കണം. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ചെറിയ ഇലകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ വളര്‍ന്നുവരുന്നതായി കാണാം.

വെള്ളത്തിന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയാല്‍ ആ വെള്ളം മാറ്റി പുതിയത് നിറയ്ക്കാനും ശ്രദ്ധിക്കണം. ആമ്പല്‍പ്പൂക്കളും താമരകളും വളര്‍ത്തുമ്പോള്‍ ആല്‍ഗകളും ഒച്ചുകളുമാണ് ഏറ്റവും വലിയ ശല്യക്കാരെന്ന് സോംനാഥ് പറയുന്നു. ഒച്ചിനെ ഒഴിവാക്കാനായി ഒരു നുള്ള് കോപ്പര്‍ സള്‍ഫേറ്റ് 30 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആമ്പല്‍വളര്‍ത്തുന്ന കുളത്തിലേക്ക് ഒഴിച്ചുകൊടുത്താല്‍ മതി. ഇപ്രകാരം ചെയ്ത് അടുത്ത ദിവസം തന്നെ കുളത്തിലെ വെള്ളം മാറ്റിനിറയ്ക്കണം. മാർച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് ആമ്പല്‍പ്പൂക്കള്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച സമയമെന്ന് സോംനാഥ് ഓര്‍മിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios