തിരക്കുപിടിച്ച ജീവിതത്തില്‍ സ്വന്തം പറമ്പില്‍ ഒരു വാഴ പോലും വളര്‍ത്താന്‍ സമയമില്ലാത്തവര്‍ക്കിടയിലാണ് ഇവിടെ ഒരു കായികാധ്യാപകന്‍ വര്‍ഷംതോറും വാഴക്കൃഷിയില്‍ നിന്ന് മാത്രമായി ഒരുലക്ഷം രൂപയുടെ വിപണിസാധ്യത കണ്ടെത്തിയിരിക്കുന്നത്. സ്കൂളിലേക്കുള്ള ഓട്ടത്തിനിടയിലും പച്ചക്കറിക്കൃഷിയും നേന്ത്രവാഴത്തോട്ടങ്ങളും പരിപാലിക്കാന്‍ സമയം കണ്ടെത്തുന്ന മുജീബ് റഹ്മാന്‍ വിദ്യാര്‍ഥികള്‍ക്കും കൃഷിയിലേക്കിറങ്ങാനാവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്യാറുണ്ട്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെ  ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായികാധ്യാപകനും കേരള സ്‌കൂള്‍ ബാഡ്മിന്റണ്‍ ടീമിന്റെ കോച്ചും ജില്ലാ ടീമിന്റെ ഫുട്‌ബോള്‍ കോച്ചും കൂടിയായ മുജീബ് റഹ്മാന്‍ ഉത്സാഹിയായ ഒരു കര്‍ഷകനും കൂടിയാണെന്ന് പറയാം.

തിരുവാലി ഗ്രാമപഞ്ചായത്തിലാണ് മുജീബിന്റെ കൃഷിത്തോട്ടം. ഏത്തവാഴക്കൃഷിയിലാണ് കാര്യമായി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പാരമ്പര്യമായി കൃഷിക്കാരായിരുന്നുവെന്നും താന്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോള്‍ തന്നെ കൃഷിയിലേക്കിറങ്ങിയിരുന്നുവെന്നും മുജീബ് പറയുന്നു.

'സ്വന്തമായുള്ള 55 സെന്റ് കൃഷിഭൂമിയിലുള്ള വയലില്‍ വാഴക്കൃഷിയാണ് കൂടുതല്‍ ചെയ്തിരിക്കുന്നത്. കുറച്ച് കവുങ്ങുകളും ഇവിടെയുണ്ട്. ഇതുകൂടാതെ 27 സെന്റ് സ്ഥലത്ത് ഈ വര്‍ഷം മുതല്‍ 100 സ്‌ക്വയര്‍ മീറ്ററിലുള്ള മഴമറയും തയ്യാറാക്കിയിട്ടുണ്ട്. നല്ലയിനം തൈകള്‍ വളര്‍ത്തിയെടുക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. വഴുതന, തക്കാളി, മുളക് എന്നിവ ഗ്രോബാഗില്‍ മഴമറയില്‍ വളര്‍ത്തുന്നു. ഇതുമാത്രമല്ല, കൂട്ടുകാരന്റെ ഒന്നര ഏക്കര്‍ വയലിലും വാഴക്കൃഷിയുണ്ട്. ഇടവിളയായി പയറും കൃഷി ചെയ്യുന്നു. ഇതിനെല്ലാം പുറമേ ജ്യേഷ്ഠന്റെ ഒരേക്കര്‍ കൃഷിഭൂമിയിലും പാട്ടത്തിനെടുത്ത 20 സെന്റ് സ്ഥലത്തുമായി മൊത്തം മൂന്ന് ഏക്കറോളം സ്വന്തമല്ലാത്ത ഭൂമിയിലും കൃഷിയുണ്ട്.'

വിവിധതരം വാഴകളും പരിചരണവും

നേന്ത്രവാഴയിലെ വ്യത്യസ്ത ഇനങ്ങളായ സ്വര്‍ണമുഖി, ആറ്റുനേന്ത്ര, കുന്നന്‍, പട്ടയില്ലാക്കുന്നന്‍, കാവേരിപ്പൂവന്‍, അല്‍ഫോന്‍സ എന്നിവയാണ് മുജീബ് വളര്‍ത്തി വിളവെടുക്കുന്നത്. പൂര്‍ണമായും ജൈവരീതിയില്‍ വളര്‍ത്തുന്ന വാഴകളും രാസവളം നല്‍കി വളര്‍ത്തുന്ന വാഴകളുമുണ്ട്. ഫിഷ്-അമിനോ ആസിഡ് ആണ് എല്ലാത്തരം പച്ചക്കറിക്കും വാഴകള്‍ക്കും നല്‍കുന്നത്. വെച്ചൂര്‍ പശുവിനെ വളര്‍ത്തുന്നതുകൊണ്ട് ഗോമൂത്രവും ചാണകവുമൊക്കെ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നു. വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും ശര്‍ക്കരയും പൂവന്‍പഴവും ചേര്‍ത്തിളക്കി ഒരാഴ്ച പുളിപ്പിച്ചശേഷം ഒഴിച്ചുകൊടുക്കുന്നതാണ് പ്രധാന വളപ്രയോഗം.

രാസവളപ്രയോഗത്തിലൂടെ ഉണ്ടാക്കുന്ന വാഴയ്ക്ക് അടിവളമായി ചാണകപ്പൊടി നല്‍കും. പൊട്ടാഷും യൂറിയയും രാജ്‌ഫോസും ഇതുകൂടാതെ നല്‍കുന്നതാണ് മുജീബിന്റെ കൃഷിരീതി. ആദ്യമായി വളം നല്‍കുമ്പോള്‍ 150 ഗ്രാം പൊട്ടാഷും 100 ഗ്രാം യൂറിയയും ചേര്‍ത്ത് മൂന്ന് തവണ നല്‍കും. നാലാമത്തെ തവണ ഫാക്ടംഫോസ് നല്‍കും. വീണ്ടും ഒരു തവണ കൂടി യൂറിയ നല്‍കും. പൂവന്‍ വാഴയ്ക്കും അല്‍ഫോന്‍സ, ഞാലിപ്പൂവന്‍ എന്നിവയ്ക്കും പ്രത്യേക പരിചരണം ആവശ്യമില്ല.  

വിവിധതരം വാഴകളില്‍ നിന്ന് ലഭിക്കുന്ന വിളവിലും വ്യത്യാസമുണ്ട്. സ്വന്തം അനുഭവത്തില്‍ നിന്ന് മുജീബ് വ്യക്തമാക്കുന്നത് ഇതാണ്, 'ആറ്റുനേന്ത്രയും സ്വര്‍ണമുഖിയും പത്തുമാസം കൊണ്ടാണ് വിളവ് നല്‍കുന്നത്. ഇവയ്ക്ക് ഏകദേശം 24 കിലോ വരെ ഭാരമുണ്ടാകാറുണ്ട്. എന്നാല്‍, സാധാരണ വാഴയ്ക്ക് അഞ്ചാംമാസം മുതല്‍ കുല വരാറുണ്ട്. ഇവയ്ക്ക് 12 കിലോ വരെയേ ഭാരമുണ്ടാകാറുള്ളൂ. വാഴ കുലച്ച് കഴിഞ്ഞാല്‍ പിന്നെ വളമൊന്നും ചേര്‍ക്കാറില്ല. ജൈവരീതിയില്‍ വളര്‍ത്തുന്ന വാഴയ്ക്ക് മത്തി-ശര്‍ക്കര ലായനി കുലകളിലേക്ക് സ്‌പ്രേ ചെയ്തുകൊടുക്കാറുണ്ട്. ഒരു പരിധിവരെ കീടങ്ങള്‍ക്കെതിരെയും ഇതുതന്നെ ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ കീടങ്ങളെ തുരത്താനായി ഫിറമോണ്‍ കെണി, തുളസിക്കെണി എന്നിവയും ഉപയോഗിക്കുന്നു.' തണ്ടുതുരപ്പനെ തുരത്താനായി അഞ്ചാം മാസമാകുമ്പോള്‍ ബാര്‍സോപ്പ് ചെറിയ കഷണങ്ങളായി മൂന്ന് വാഴയിലയുടെ തണ്ടിന്റെ ഇടയില്‍ വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

 

തിരുവാലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ സുരേഷിന്റെയും പിന്തുണയോടെ ഈ വര്‍ഷം ഒന്നരടണ്‍ പയറും വിപണിയിലെത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്നത് പയറില്‍ നിന്നാണെന്ന് മുജീബ് പറയുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള വെണ്ട, വഴുതന, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. 25 സെന്റില്‍ ചുരങ്ങ നട്ടുവളര്‍ത്തി വിളവെടുത്തിരുന്നു. തിരുവാലി കൃഷിഭവന്റെ എല്ലാ പിന്തുണയും കൃഷിയില്‍ ലഭ്യമാണെന്ന് മുജീബ് വ്യക്തമാക്കുന്നു.

 

സ്‌കൂളിലെ ജൈവകൃഷി

രാവിലെ ആറ് മണിക്ക് കൃഷിയിടത്തിലേക്ക് പോകുന്ന ഈ കായികാധ്യാപകന്‍ ഒന്‍പത് മണി വരെ അവിടെ പച്ചക്കറികളെ പരിചരിച്ച ശേഷമാണ് സ്‌കൂളിലേക്കുള്ള യാത്ര. ശനിയും ഞായറും വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് ഉള്ളതുകൊണ്ട് വൈകുന്നേരമാണ് കൃഷിയിടത്തില്‍ പോകുന്നത്. സ്‌കൂളില്‍ മൂന്ന് വര്‍ഷത്തോളം മുജീബിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്തിരുന്നു. ആദ്യമായി നട്ടത് കോവയ്ക്കയായിരുന്നു. ഒരുദിവസം ഒരു ക്വിന്റല്‍ കോവയ്ക്ക വിളവെടുത്തു. 'യു.പി വിഭാഗത്തില്‍ നിന്നും 15 കുട്ടികളെയും ഹൈസ്‌കൂളില്‍ നിന്നും 10 കുട്ടികളെയും തെരഞ്ഞെടുത്ത് കാര്‍ഷിക ക്ലബ് രൂപീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ആനക്കയം ഗവണ്‍മെന്റ് നഴ്‌സറിയില്‍ നിന്ന് വിത്തുകള്‍ വാങ്ങിക്കൊണ്ടുവന്ന് കുട്ടികള്‍ക്ക് കൊടുത്തിരുന്നു. അവര്‍ വീട്ടില്‍ വളര്‍ത്തി വിളവെടുക്കുന്ന പച്ചക്കറികള്‍ ആഴ്ചയില്‍ ഒരുദിവസം സ്‌കൂളില്‍ കൊണ്ടുവന്നിരുന്നു. അതുപോലെ സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ച് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്കുശേഷം സ്‌കൂള്‍ ചന്ത നടത്തിയിരുന്നു. അതില്‍ നിന്നും കിട്ടുന്ന വരുമാനമുപയോഗിച്ച് കുട്ടികളോടൊപ്പം മണ്ണുത്തി കാര്‍ഷിക കോളേജിലേക്ക് ഒരു യാത്ര പോയിരുന്നു.'

ഭാര്യ ഫസീലയും മക്കള്‍ അതില്‍ റോഷനും അമീന്‍ റോഷനും കൃഷിയ്ക്ക് വേണ്ട പിന്തുണ നല്‍കുന്നവരാണ്. നേന്ത്രവാഴയ്ക്ക് ഈ അടുത്ത കാലത്തായി വില കുറയുന്നതില്‍ മുജീബിന് അല്‍പം ആശങ്കയുണ്ട്. 30 രൂപയേക്കാള്‍ കുറഞ്ഞാല്‍ കൃഷിക്കാരന് നഷ്ടമാണ്. ഈ പ്രദേശങ്ങളില്‍ വാഴക്കുല വെട്ടാന്‍ ആകുമ്പോഴേക്കും വില കുറയുന്ന അവസ്ഥയാണെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു. ഇടനിലക്കാര്‍ ലാഭം കൊണ്ടുപോകുന്ന സാഹചര്യമാണ്. കൃഷി ലാഭകരമാക്കണമെങ്കില്‍ ഇടനിലക്കാരില്ലാതെ സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന സംവിധാനം നടപ്പിലാക്കണമെന്ന് മുജീബ് ഓര്‍മിപ്പിക്കുന്നു.

കൃഷിയും പ്രതീക്ഷകളും മനക്കരുത്തും

കൃഷി നമുക്ക് തരുന്ന പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് മുജീബ് ഇവിടെ, 'ഓരോ ദിവസവും വിത്ത് മുളച്ചോ, പൂവ് ആയോ, വാഴ കുലച്ചോ എന്നിങ്ങനെയുള്ള പ്രതീക്ഷകളുമായാണ് കൃഷിയിടത്തിലേക്ക് പോകുന്നത്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ഇത്തരം പ്രതീക്ഷകള്‍ സഹായിക്കുന്നു. പാവങ്ങളുടെ കഷ്ടപ്പാട് എന്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നത് സ്വന്തമായി കൃഷി ചെയ്യുമ്പോഴാണ്. ജീവിക്കണമെന്ന പ്രതീക്ഷയും ഊര്‍ജവും പകര്‍ന്നുനല്‍കുന്നതില്‍ കൃഷിക്ക് പങ്കുണ്ട്.'

നമ്മുടെ ജീവിതത്തില്‍ സന്തോഷവും സങ്കടവും മാറിമാറി വരാറുണ്ട്. അതുപോലെ കൃഷി ചെയ്യുമ്പോഴും വിത്ത് മുളച്ച് നന്നായി വിളവെടുക്കുമ്പോള്‍ സംതൃപ്തിയും ചില അവസരങ്ങളില്‍ കാറ്റിലും മഴയിലും വിളകള്‍ നശിക്കുമ്പോള്‍ സങ്കടവും അനുഭവിക്കാറുണ്ട്. ഇത്തരം അനുഭവങ്ങളില്‍ നിന്ന് എല്ലാം സഹിക്കാനുള്ള മാനസികമായ കരുത്തും സഹിഷ്ണുതാ മനോഭാവവും നമുക്ക് ലഭിക്കുമെന്ന് മുജീബ് പറയുന്നു.