കള്ളിമുൾ ചെടികൾ വളർത്താൻ താൽപര്യമുള്ളവരാണ് ഇന്ന് ഏറെയും. വിവിധ തരത്തിലുള്ള കാക്റ്റസുകൾ ഇൻഡോറായി വളർത്തുന്നവർ ഏറെയുണ്ട്. അതിൽതന്നെ വ്യത്യസ്തമായ പലതരം കള്ളിമുൾ ചെടികളുമുണ്ട്. പ്രഭാതത്തില്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് നന്നായി വളര്‍ത്താന്‍ പറ്റുന്ന വെളുത്ത മുള്ളുകളോടു കൂടിയ വൃത്താകൃതിയിലുള്ള മഞ്ഞുഗോളം പോലെയുള്ള ഒരിനം കള്ളിച്ചെടിയാണ് ഓറഞ്ച് സ്‌നോബോള്‍ കാക്റ്റസ്. പേര് പോലെ തന്നെ ഓറഞ്ച് നിറത്തിലുള്ള ആകര്‍ഷകമായ പൂക്കളും ഈ കള്ളിമുള്‍ച്ചെടിയിലുണ്ടാകും. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് പുതുമുകുളങ്ങള്‍ പ്രത്യക്ഷപ്പെടുകയും കൂടുതല്‍ കൂടുതല്‍ പൂക്കളുണ്ടാകുകയും ചെയ്യും. വീടിനകത്തുവച്ചാൽ അതിനാൽത്തന്നെ അതിമനോഹരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഏതായാലും, ഈ ഓറഞ്ച് പൂക്കളുണ്ടാകുന്ന കള്ളിമുള്‍ച്ചെടികളുടെ വിശേഷങ്ങള്‍ അറിയാം.

റിബൂട്ടിയ മസ്‌കുല (Rebutia muscula) എന്നാണ് ഈ കള്ളിമുള്‍ച്ചെടിയുടെ ശാസ്ത്രനാമം. വര്‍ഷം തോറും നടീല്‍ മിശ്രിതം മാറ്റിനിറച്ചാണ് നല്ല രീതിയില്‍ വളര്‍ത്തുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ളതും മണല്‍ കലര്‍ന്നതുമായ മിശ്രിതമാണ് ഉപയോഗിക്കാറുള്ളത്. പ്രത്യേകം ശ്രദ്ധിക്കണം, നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന കള്ളിച്ചെടിക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വെള്ളമേ പ്രകാശം കുറഞ്ഞ സ്ഥലത്ത് വളര്‍ത്തുമ്പോള്‍ നല്‍കാവൂ.

ഇടതൂര്‍ന്ന മുള്ളുകള്‍ ചെടിക്ക് സംരക്ഷണം നല്‍കുന്നതിനാല്‍ വീടിന് പുറത്ത് ഏതു കാലാവസ്ഥയിലും വളര്‍ത്താം. രാത്രികാലങ്ങളില്‍ നല്ല തണുപ്പ് ലഭിക്കുന്ന പര്‍വത പ്രദേശങ്ങളിലാണ് ഈ ചെടിയുടെ ഉത്ഭവം. അതുകൊണ്ടൊക്കെ തന്നെ കൂടുതല്‍ പൂക്കളുണ്ടാകാനായി തണുപ്പ് കാലം നല്ലതാണ്.

ഓറഞ്ച് പൂക്കളുണ്ടാകുന്ന നിരവധിയിനങ്ങളിലുള്ള കള്ളിച്ചെടിയുണ്ട്. ക്ലീസ്റ്റോ കാക്റ്റസ് എന്നയിനം ഉയരമുള്ളതും തിളങ്ങുന്ന സ്വര്‍ണവര്‍ണമുള്ള മുള്ളുകളുള്ളതുമാണ്. തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കളും ഈ കള്ളിച്ചെടിയിലുണ്ടാകും. ഡെസേര്‍ട്ട് ജെം എന്നറിയപ്പെടുന്ന മറ്റൊരിനം കള്ളിച്ചെടിയിലും ആകര്‍ഷകമായ ഓറഞ്ച് പൂക്കളുണ്ടാകും. പാരോഡിയ എന്നയിനം ഓറഞ്ചും ചുവപ്പും കലര്‍ന്ന പൂക്കളുള്ളതാണ്. വളരെ പതുക്കെ വളരുന്നതും വൃത്താകൃതിയിലുള്ളതും ഓറഞ്ചും ചുവപ്പും കലര്‍ന്ന പൂക്കളുണ്ടാകുന്നതുമായ ഇനമാണ് ക്രൗണ്‍ കാക്റ്റസ്.

ആകര്‍ഷകമായ ഓറഞ്ചും ചുവപ്പും പൂക്കളുണ്ടാകുന്ന മറ്റൊരിനമാണ് ക്ലാരെറ്റ് കപ്പ് കാക്റ്റസ്. നക്ഷത്രാകൃതിയിലുള്ള  തിളങ്ങുന്ന ഓറഞ്ച് നിറമുള്ള പൂക്കളുണ്ടാകുന്ന ഇനമാണ് ഈസ്റ്റര്‍ കാക്റ്റ്‌സ്. സൂര്യദോയത്തില്‍ വിടരുകയും സൂര്യാസ്തമയമാകുമ്പോള്‍ വാടിപ്പോകുകയും ചെയ്യുന്നയിനമാണിത്. വീട്ടിനുള്ളില്‍ വളര്‍ത്തുന്നയിനങ്ങളില്‍ പ്രധാനമാണ് ഈസ്റ്റര്‍ കാക്റ്റസ്. ഗ്ലോബിന്റെ ആകൃതിയിലുള്ളതും ചെറിപ്പഴത്തിന്റെ ചുവപ്പ് നിറമോ ഓറഞ്ച് നിറമോ ഉള്ളതുമായ പൂക്കളുള്ളതുമായ കള്ളിമുള്‍ച്ചെടിയാണ് റെഡ് ടോം തമ്പ് കാക്റ്റസ്.

ഓറഞ്ച് നിറത്തിലുള്ള പൂക്കളുണ്ടാകുന്ന വിവിധ തരത്തിലുള്ള കള്ളിമുൾ ചെടികളെ പരിചയപ്പെട്ടല്ലോ? കള്ളിമുൾച്ചെടികളോട് പ്രത്യേകം ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. അതിൽ ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇതിൽ പറഞ്ഞിരിക്കുന്ന കള്ളിമുൾ ചെടികൾ വളർത്തി നോക്കാവുന്നതാണ്. വീടിനകത്തും പുറത്തും ഇവ വളർത്താം. മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ പൂക്കളുണ്ടാവുകയും ചെയ്യും.