ഭൂമിക്കടിയില്‍ വളരുന്ന പച്ചക്കറികള്‍ വിളവെടുത്ത് കഴിയുമ്പോഴാകും പലപ്പോഴും ഭക്ഷ്യയോഗ്യമല്ലെന്ന് മനസിലാക്കുന്നത്. കീടങ്ങളെയും അസുഖങ്ങളെയും മനസിലാക്കി പരിചരിക്കാന്‍ വൈകിപ്പോകുന്നതുകൊണ്ടാണ് കേടുവന്ന പച്ചക്കറികള്‍ കുഴിച്ചെടുക്കേണ്ടി വരുന്നത്. വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ചെടികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്നുതന്നെ ഭൂമിക്കടിയില്‍ വളരുന്ന വിളകളെ ബാധിക്കുന്ന അസുഖങ്ങള്‍ മനസിലാക്കാം. കാരറ്റിനെ ബാധിക്കുന്ന പലതരം രോഗങ്ങളെപ്പറ്റി അല്‍പം കാര്യങ്ങള്‍.

റൈസോക്ടോനിയ എന്ന കുമിള്‍ കാരണം വേരു ചീയാനും ഇലകള്‍ നശിച്ചുപോകാനും സാധ്യതയുണ്ട്. അതുപോലെ സെര്‍ക്കോസ്‌പോറ എന്ന കുമിള്‍ പരത്തുന്ന ഇലപ്പുള്ളി രോഗം ബാധിച്ചാല്‍ കാരറ്റിന്റെ ഇലകളില്‍ കറുത്തതും വട്ടത്തിലുള്ളതുമായ കുത്തുകള്‍ പ്രത്യക്ഷപ്പെടാം. മഞ്ഞനിറത്തിലുള്ള വലയങ്ങള്‍ ഇലകളില്‍ കാണപ്പെടാം.

അതുപോലെ കാരറ്റിന്റെ ഇലകളില്‍ ലീഫ് ബ്ലൈറ്റ് എന്ന അസുഖവും ബാധിക്കാം. ആള്‍ടെര്‍നാറിയ എന്ന കുമിള്‍ കാരണമുണ്ടാകുന്ന ഈ അസുഖത്തിന്റെ ലക്ഷണങ്ങളായി കരുതുന്നത് ഇലകളില്‍ കൃത്യമായ ആകൃതിയില്ലാതെ കാണപ്പെടുന്ന ബ്രൗണ്‍ കലര്‍ന്ന കറുപ്പുനിറത്തിലുള്ള അടയാളങ്ങളാണ്. ഇതിന്റെ മധ്യഭാഗത്തായി മഞ്ഞനിറവും കാണപ്പെടും.

ഇലകളിലും തണ്ടുകളിലും വെളുപ്പുനിറത്തില്‍ കാണപ്പെടുന്ന പൗഡറി മില്‍ഡ്യു രോഗവും കാരറ്റിനെ നശിപ്പിക്കും. അതുകൊണ്ട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇലകള്‍ നിരീക്ഷിച്ചാല്‍ ഇത്തരം അസുഖങ്ങളെ തടയാവുന്നതാണ്.

ബാക്റ്റീരിയ കാരണവും കാരറ്റില്‍ അസുഖങ്ങളുണ്ടാകുന്നുണ്ട്. സ്യൂഡോമോണാസ്, സാന്തോമോണാസ് എന്നീ ബാക്റ്റീരിയകളാണ് ലീഫ് സ്‌പോട്ട് എന്ന അസുഖമുണ്ടാക്കുന്നത്. ഇലകളിലും തണ്ടുകളിലും കാണപ്പെടുന്ന മഞ്ഞനിറത്തിലുള്ള ഭാഗങ്ങളാണ് ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ക്ക് പുറമേ ഇലകളിലും തണ്ടുകളിലും ബ്രൗണ്‍ നിറത്തിലുള്ള വരകള്‍ക്ക് ചുറ്റിലും മഞ്ഞ വലയങ്ങളും കാണപ്പെടും.

മൈക്കോപ്‌ളാസ്മ കാരണമുള്ള അസുഖങ്ങളും കാരറ്റിനെ ബാധിക്കാറുണ്ട്. ഇലകള്‍ മഞ്ഞയാകുന്നതും അമിതമായ വളര്‍ച്ചയും ആസ്റ്റര്‍ യെല്ലോസ് എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാണ്. കാരറ്റ് അല്‍പം കയ്പുരസമുള്ളതായി തോന്നുകയും ചെയ്യും.

അസുഖം വരാതെ പ്രതിരോധിക്കുന്നതാണ് എപ്പോഴും നല്ല മാര്‍ഗം. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുത്ത് കൃഷി ചെയ്യുകയെന്നതാണ് പ്രധാനം. അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങള്‍ നോക്കി വാങ്ങി കൃഷി ചെയ്യുകയെന്നതാണ് മറ്റൊരു കാര്യം. ഒരിക്കല്‍ കാരറ്റ് വിളവെടുത്ത സ്ഥലത്ത് തക്കാളി പോലുള്ള മറ്റു വിളകള്‍ മാറ്റി മാറ്റി നട്ട് വളര്‍ത്തുന്നതും നല്ലതാണ്. വിളവെടുത്ത് കഴിഞ്ഞാല്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും അതേസ്ഥലത്ത് കാരറ്റ് വളര്‍ത്താതിരിക്കുക.

കളകള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആസ്റ്റര്‍ യെല്ലോസ് പോലുള്ള ചില അസുഖങ്ങള്‍ വ്യാപിക്കാന്‍ കാരണം പുല്‍ച്ചാടികളാണ്. കളകളില്‍ മുട്ടയിട്ട് പെരുകുന്ന പുല്‍ച്ചാടികളെ ഒഴിവാക്കാനായി അനാവശ്യമായി വളരുന്ന പുല്ലുകള്‍ പറിച്ച് നശിപ്പിക്കണം. ശീതകാല പച്ചക്കറിയായ കാരറ്റ് ചൂടുകാലത്ത് വളര്‍ത്താന്‍ ശ്രമിച്ചാലും വിളവെടുപ്പിനെ ബാധിക്കും.