കാലിഫോര്‍ണിയയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുരേഷ് ദേവാംഗ് താന്‍ ജോലി വിട്ട് നാട്ടിലേക്ക് വരികയാണ് എന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ വീട്ടുകാര്‍ ഞെട്ടിപ്പോയി. നാട്ടില്‍ ജൈവ കൃഷി നടത്താനാണ് എന്നുകൂടി പറഞ്ഞപ്പോള്‍ ഞെട്ടല്‍ പൂര്‍ത്തിയായി. എന്തുകൊണ്ടാണ് ഇത്രയും നല്ലൊരു പൊസിഷനിലിരിക്കുന്നൊരാള്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് അവര്‍ക്ക് മനസിലായതേ ഇല്ല. അവര്‍ അവനെ എതിര്‍ക്കുക തന്നെ ചെയ്തു. 

ദേവാംഗ് കൃഷിക്കാരനാവുന്നു 

2016 -ലാണ് ദേവാംഗ് മൈസൂരിലെ പുരയിൽ ആറ് ഏക്കര്‍ കൃഷിഭൂമി വാങ്ങിയത്. എന്തുകൊണ്ടാണ് നല്ലൊരു ജോലിയും സൗകര്യങ്ങളും ഉപേക്ഷിച്ച് ഇങ്ങനെ ഒരു തീരുമാനമെടുത്തതിനു പിന്നിലെന്ന് ചോദിച്ചാല്‍ ദേവാംഗിന്‍റെ ഉത്തരമിതാണ്, ''ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തന്നെ തിരികെയെത്തി കൃഷി തുടങ്ങാന്‍ പല കാരണങ്ങളും തന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. പ്രായമുള്ള ഒരു സ്ത്രീ തിരികെയൊന്നും പ്രതീക്ഷിക്കാതെ ഒരു കാടുണ്ടാക്കിയ ഒരു വാര്‍ത്ത ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. അതെനിക്ക് ഭയങ്കര അദ്ഭുതവും പ്രചോദനവുമായി..'' 

ദേവാംഗ് വളര്‍ന്നത് ഒരു കാര്‍ഷിക കുടുംബത്തിലാണ്. കീടനാശിനികളൊന്നും പ്രയോ​ഗിക്കാതെയുള്ള കൃഷിയിൽ നിന്നും കിട്ടുന്നതുകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ദേവാംഗ് വളര്‍ന്നതും. വളര്‍ന്നപ്പോഴാണ് ആ ഭക്ഷണത്തിന്‍റെ ഗുണം ദേവാംഗിന് മനസിലാവുന്നത്. നാമെല്ലാവരും ആരോഗ്യകരമായ ഭക്ഷണം ആഗ്രഹിക്കുന്നു. മോശം ഭക്ഷണം കഴിച്ചുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളെ കുറിച്ചും നമുക്കറിയാം. പക്ഷേ, എവിടെ നിന്നാണ് ഇങ്ങനെ നല്ല ഭക്ഷണം കിട്ടുക എന്നുമാത്രം അറിയില്ലായെന്നും ദേവാംഗ് പറയുന്നു. 

 

ഏതായാലും കൃഷി ഒട്ടും എളുപ്പമായിരുന്നില്ല. വരള്‍ച്ചയടക്കം പല ഘടകങ്ങളും കൃഷിയെ പ്രതികൂലമായിത്തന്നെ ബാധിച്ചു. പക്ഷേ, തോറ്റുകൊടുക്കാന്‍ ദേവാംഗ് തയ്യാറായിരുന്നില്ല. വെള്ളമെത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങളുണ്ടാക്കി. സഹായത്തിനായി കര്‍ഷകരെയും കൂട്ടി. അവര്‍ക്ക് അങ്ങനെയൊരു വരുമാന മാര്‍ഗവും കാണിച്ചുകൊടുത്തു. ഒരു കുളവും വയലില്‍ നിര്‍മ്മിച്ചു. മറ്റ് കര്‍ഷകരെയും കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥരെയും കാണാനായി സമയം കണ്ടെത്തി. പുതിയ പുതിയ മാര്‍ഗങ്ങളും കൃഷി വികസിപ്പിക്കുന്നതിനായി കണ്ടെത്തി. 

ഏതൊരു പുതിയ സംരംഭകനും, പരാജയങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിൽ ബിസിനസ്സ് നിലനിർത്തുന്നത് വളരെ നിർണായകമാണ്. അങ്ങനെ, കാലാനുസൃതമായ വിളവെടുപ്പിനുപകരം വർഷം മുഴുവനും ഉത്പാദനം നടത്താന്‍ ദേവാംഗ് തീരുമാനിച്ചു. പച്ചക്കറികളും ധാന്യങ്ങളും എല്ലാം കൃഷി ചെയ്തു. ഇന്ത്യയിലുടനീളമുള്ള നഴ്സറികളിൽ നിന്ന് ജൈവ വിത്തുകൾ ഓർഡർ ചെയ്ത് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി. 

ദേവാംഗിന്റെ കൃഷിരീതി:

വയലിന്റെ നാല് കോണുകളിൽ 40 അടി അകലെ തെങ്ങ് നട്ടുപിടിപ്പിച്ചു. രണ്ട് തെങ്ങുകള്‍ക്കിടയില്‍ അദ്ദേഹം 100 നാരകങ്ങൾ നട്ടു. തുടർന്ന് നാരകങ്ങൾക്കിടയിൽ എട്ട് അടി അകലെ വാഴ നട്ടു. അവസാനമായി, ഓരോ വായ്ക്കും ഇടയിലുള്ള ഇടം മുളക്, ബീൻസ്, ജമന്തി, ഔഷധ സസ്യങ്ങൾ, ഇലകൾ, പച്ചക്കറികൾ എന്നിവയെല്ലാം നട്ടുപിടിപ്പിച്ചു. ഇത് ഒരുസമയം ഒരു വിളയല്ലെങ്കില്‍ മറ്റൊന്ന് കിട്ടാന്‍ സഹായിക്കുന്നു. ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍ സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ 50 ശതമാനം കുറവു മതി വെള്ളമെന്നും ദേവാംഗ് പറയുന്നു.

 

ഏതായാലും ദേവാം​ഗിന്റെ കൃഷിരീതികൾ പിഴച്ചില്ല. കാലിഫോർണിയയിലെ ഐടി ജീവിതത്തേക്കാൾ എത്രയോ സന്തോഷമാണ് തന്റെ മണ്ണിൽ പണിയെടുത്ത് കൃഷിയും ആടുകളും പശുക്കളുമൊക്കെയായി ജീവിക്കാനെന്നാണ് ദേവാം​ഗിന്റെ പക്ഷം. ജില്ലയിലെ മികച്ച കർഷകനെന്ന ബഹുമതിയും ദേവാം​ഗിനെ തേടിയെത്തിയിട്ടുണ്ട്.