ആദിവാസി കര്‍ഷകയായ ട്രിനിറ്റി സായുവിന്റെ നേതൃത്വത്തില്‍ മേഘാലയയില്‍ 800 കര്‍ഷകസ്ത്രീകള്‍ ഇന്ന് തനതായതും ഗുണമേന്മയുള്ളതുമായ പ്രത്യേകതരം മഞ്ഞള്‍ കൃഷി ചെയ്‍ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇവരുടെ സ്ഥിരോത്സാഹവും നേതൃപാടവവും കണക്കിലെടുത്ത് രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്‍തു.

മേഘാലയയിലെ മുലിയ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ നയിക്കുന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവാണ് ട്രിനിറ്റി സായു. വിലപിടിപ്പുള്ള ലക്കഡോങ് മഞ്ഞള്‍ കൃഷി ചെയ്‍ത് കര്‍ഷകരുടെ വരുമാനം മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനുള്ള വഴികളാണ് ഇവര്‍ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുത്തത്. ആറ് കുട്ടികളുടെ അമ്മയാണ് ഇവര്‍.

25 കര്‍ഷകരുമായാണ് മേഘാലയയിലെ മുലിയയില്‍ അവര്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌പൈസസ് ബോര്‍ഡിന്റെ പിന്തുണയോടെ ട്രിനിറ്റി മറ്റുള്ള ഗ്രാമങ്ങളിലെ കര്‍ഷകരെയും ഈ രീതിയില്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചു. അസാമാന്യമായ നേതൃപാടവമാണ് ഇവര്‍ കാഴ്ചവെച്ചത്. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 800 കര്‍ഷകര്‍ മഞ്ഞളിന്റെ വ്യത്യസ്‍ത ഇനമായ ലക്കഡോങ് അവരവരുടെ ഗ്രാമങ്ങളില്‍ കൃഷി ചെയ്‍തു വിജയം കൈവരിച്ചു.

ട്രിനിറ്റിയുടെ ഫെഡറേഷന്റെ കീഴില്‍ നൂറോളം സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട്. ഈ ഫെഡറേഷനില്‍ നിന്നും മഞ്ഞള്‍ കേരളത്തിലേക്കും കര്‍ണാടകത്തിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ഈ പ്രത്യേകതരം മഞ്ഞളില്‍ ഉയര്‍ന്ന അളവില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. തനതായ രുചിയും മണവും മഞ്ഞനിറവും കാരണം വിപണിയില്‍ വലിയ ഡിമാന്റാണ് ഈ മഞ്ഞളിന്. മുറിവുണക്കാനും മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള മഞ്ഞളിന്റെ ഗുണത്തിനുള്ള കാരണം കുര്‍കുമിന്‍ എന്ന രാസവസ്‍തുവാണ്. ഏഴ് ശതമാനത്തില്‍ കൂടുതല്‍ കുര്‍കുമിന്‍ അടങ്ങിയതാണ് ലക്കഡോങ് മഞ്ഞള്‍.