Asianet News MalayalamAsianet News Malayalam

ചുഴലിക്കാറ്റ് നശിപ്പിച്ച കൃഷിഭൂമി തിരിച്ചുപിടിക്കാനായി ജോലി ഉപേക്ഷിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍

കാര്യങ്ങള്‍ ഒരുവിധം ശരിയായപ്പോള്‍ കൃഷിഭൂമി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജലസേചന സംവിധാനങ്ങള്‍ ഒരുക്കുന്നതും കാര്യക്ഷമമായ രീതിയില്‍ വെള്ളം കൈകാര്യം ചെയ്യുന്നതുമാണ് കര്‍ഷകരുടെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് നിമല്‍ മനസിലാക്കി. 

nimal rakhavan who quit job to help farmers in his village
Author
Chennai, First Published Feb 2, 2021, 10:16 AM IST

2018 നവംബര്‍ 16 തമിഴ്‌നാടുകാരെ സംബന്ധിച്ച് ദു:ഖകരമായ ദിവസമായിരുന്നു. അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ തകര്‍ന്നത് നിരവധി കര്‍ഷകരുടെ സ്വപ്‌നങ്ങളായിരുന്നു. വീടുകള്‍ തകരുകയും മരങ്ങളുടെ വേരുകള്‍ പിഴുതെറിയപ്പെടുകയും വെള്ളത്തിന്റെ സ്രോതസുകള്‍ മലിനമാക്കപ്പെടുകയും ചെയ്തപ്പോള്‍ ഒരു നാട് മുഴുവന്‍ കണ്ണീര്‍ക്കയത്തിലാഴ്ന്നു. തഞ്ചാവൂരിലെ ചെറിയ ഗ്രാമമായ പെരവുരണിയിലെ പച്ചപ്പ് മുഴുവന്‍ കടപുഴക്കിയെറിഞ്ഞപ്പോള്‍ സാമ്പത്തികമായി ഇവര്‍ തകരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന നിമല്‍ രാഘവന്‍ എന്ന ചെറുപ്പക്കാരന്‍ സ്വന്തം നാടിനെ രക്ഷിക്കാനായി ജോലി ഉപേക്ഷിച്ച് മൂന്നൂറില്‍ക്കൂടുതല്‍ കര്‍ഷകകുടുംബങ്ങളെ സുസ്ഥിരമായ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ചുഴലിക്കാറ്റ് സംഭവിച്ച തന്റെ നാട്ടില്‍ സഞ്ചരിച്ചപ്പോളാണ് ജനങ്ങള്‍ എത്രത്തോളം കഷ്ടതയനുഭവിക്കുന്നുണ്ടെന്ന് നിമല്‍ മനസിലാക്കിയത്.  'എന്റെ അച്ഛന്‍ ഒരു കൃഷിക്കാരനായിരുന്നു. കൃഷിയില്‍ നിന്നുള്ള സാമ്പത്തികമായിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. സ്‌കൂളില്‍ പഠിക്കാനുള്ള പണം ലഭിച്ചതും ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിച്ചതുമെല്ലാം കൃഷി ചെയ്തുണ്ടാക്കിയ വരുമാനത്തില്‍ നിന്നായിരുന്നു. മുന്നൂറോളം കുടുംബങ്ങളാണ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളില്‍ ജീവിക്കാന്‍ വഴിയില്ലാതെ കഷ്ടതയനുഭവിക്കുന്നതെന്നറിഞ്ഞപ്പോള്‍ അവരെ തനിയെ വിടാന്‍ മനസ് അനുവദിച്ചില്ല. എനിക്ക് കഴിയാവുന്ന സഹായം ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്' നിമല്‍ താന്‍ ഈ ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടാനുള്ള കാരണം വിശദമാക്കുന്നു.

'എന്നെ സംബന്ധിച്ച് ജോലി ഉപേക്ഷിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. അച്ഛന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കൃഷി നിര്‍ത്തിയിരുന്നു. കുടുംബം മുഴുവന്‍ എന്റെ മാത്രം ശമ്പളത്തിലായിരുന്നു ആശ്രയിച്ചത്. പക്ഷേ, എന്റെ നാടിനെ ദുരിതത്തില്‍ നിന്നും കരകയറ്റണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു' നിമല്‍ പറയുന്നു.

സ്വന്തം ഗ്രാമത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിമല്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദപഠനം നടത്തുകയും പിന്നീട് പൂനെയിലെ കാള്‍ സെന്ററില്‍ ജോലി തുടങ്ങുകയും ചെയ്തു. അതിനുശേഷം മെച്ചപ്പെട്ട ജോലി തേടി ദുബായിലെത്തി. എന്നാല്‍ സ്വന്തം നാടിന്റെ ദുരന്തം കണ്ടപ്പോള്‍ തിരികെയെത്തി കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.

തന്റെ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥിയായിരുന്ന നവീന്‍ ആനന്ദനെയും നിമല്‍ ഒപ്പം കൂട്ടി ദുരന്തത്തില്‍ നിന്ന് ആശ്വാസം നല്‍കാനായി ഒരു കാംപെയ്ന്‍ സംഘടിപ്പിച്ചു. സ്വന്തം ഗ്രാമത്തില്‍ മാത്രമല്ല, അതിനോടുത്തുള്ള ഏകദേശം 90 ഗ്രാമങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തി. പിന്നീടങ്ങോട്ട് റോഡുകള്‍ നന്നാക്കാനും ഇലക്ട്രിക് സംവിധാനങ്ങള്‍ കേടുപാടുകള്‍ പരിഹരിക്കാനും തൈകള്‍ വെച്ചുപിടിപ്പിക്കാനുമെല്ലാം നാട്ടുകാര്‍ക്കൊപ്പം പ്രയത്‌നിച്ചു. നിമലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടുതല്‍ നാട്ടുകാര്‍ സഹകരിക്കാന്‍ തയ്യാറായതോടെ കൂടുതല്‍ സുസ്ഥിരമായ കൃഷി വികസനത്തിലേക്കുള്ള വഴി തുറന്നു. ആ പ്രദേശത്തുള്ള കൃഷിക്കാര്‍ വീണ്ടും മണ്ണിലേക്കിറങ്ങിയതോടെ പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ തളിര്‍ത്തു. 'ദ കഡെമഡെ ഏരിയ ഇന്റഗ്രേറ്റഡ് ഫാമേഴ്‌സ് അസോസിയേഷന്‍' (KAIFA) എന്ന പേരില്‍ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി ഒരു സംഘടനയും നിമല്‍ രൂപവത്കരിച്ചു.

ഗ്രാമവാസികള്‍ക്കായി വസ്ത്രങ്ങളും പച്ചക്കറികളും അവശ്യസാധനങ്ങളും നല്‍കാനായി  സോഷ്യല്‍മീഡിയ വഴിയും കാംപെയ്ന്‍ നടത്തി. 'എന്റെ ലക്ഷ്യങ്ങളെ മനസിലാക്കി കൂടെ നില്‍ക്കാനും എന്നെ വിശ്വസിക്കാനും നാട്ടുകാരുടെ ഭാഗത്തുനിന്ന് കുറച്ചധികം സമയമെടുത്തു. പക്ഷേ, ഒരിക്കല്‍ കാര്യങ്ങള്‍ മനസിലായപ്പോള്‍ അവരെല്ലാം വളരെ ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കാനായി ഓടിനടന്നു. അതിനുശേഷമാണ് മറ്റൊരു കാംപെയ്ന്‍ ആയ #Deltasaplingchallenge ന് തുടക്കമിട്ടത്.' നിമല്‍ പറയുന്നു.

കാര്യങ്ങള്‍ ഒരുവിധം ശരിയായപ്പോള്‍ കൃഷിഭൂമി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജലസേചന സംവിധാനങ്ങള്‍ ഒരുക്കുന്നതും കാര്യക്ഷമമായ രീതിയില്‍ വെള്ളം കൈകാര്യം ചെയ്യുന്നതുമാണ് കര്‍ഷകരുടെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് നിമല്‍ മനസിലാക്കി. കാവേരി നദിയില്‍  ഏകദേശം 60 ശതമാനത്തോളം വെള്ളം ലഭ്യമാകുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും 1000 മില്യണ്‍ ക്യൂബിക് ഫീറ്റ് വെള്ളം സംഭരിക്കാനും കൈകാര്യം ചെയ്യാനുമറിയാതെ പാഴായിപ്പോകുന്നുവെന്ന് നിമല്‍ മനസിലാക്കി. തന്റെ സംഘടനയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഈ ചെറുപ്പക്കാരന്‍ ശ്രമിച്ചു. പെരാവുരണി തടാകത്തിലെ വെള്ളം ശുദ്ധീകരിക്കാനുള്ള ശ്രമമാരംഭിച്ചു. 564 ഏക്കറോളമുള്ള ഈ തടാകത്തിലെ വെള്ളമുപയോഗിച്ച് 6000 ഏക്കര്‍ കൃഷിഭൂമിയില്‍ ജലസേചനം നടത്താമായിരുന്നു. 70 വോളണ്ടിയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തനം നടത്തിയ നിമല്‍ മൂന്ന് മാസങ്ങള്‍ കൊണ്ട് തടാകത്തിന്റെ ആഴം വര്‍ധിപ്പിച്ചു.  ഇതുപോലെയുള്ള 54 തടാകങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി വെള്ളം സംഭരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുകയും നിരവധി ഉപയോഗശൂന്യമായ കുഴല്‍ക്കിണറുകള്‍ മഴവെള്ളം സംഭരിക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയും ചെയ്തു.

ഉയര്‍ന്ന വരുമാനമുള്ള ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയപ്പോള്‍ സുഹൃത്തുക്കളും കുടുംബക്കാരും നിമലിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചിരുന്നു. പക്ഷേ, നിശ്ചയ ദാര്‍ഢ്യത്തോടെ തന്റെ പ്രവര്‍ത്തനത്തില്‍ ഉറച്ച് നിന്ന് ലക്ഷ്യം കാണുകയായിരുന്നു ഈ ചെറുപ്പക്കാരന്‍.

Follow Us:
Download App:
  • android
  • ios