ചെടികള്‍ നട്ടുവളര്‍ത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും മനോഹരമായ റോസാപ്പൂക്കളെ പ്രണയിക്കുന്നവരാകും. എവിടെ റോസാച്ചെടി കണ്ടാലും ഒരു കമ്പെങ്കിലും ചോദിച്ച് വാങ്ങി സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തുന്നവരുണ്ട്. കടുംചുവപ്പും റോസും വെളുപ്പും ഹൈബ്രിഡ് ഇനങ്ങളുമായി മനംകവരുന്ന ഈ ഉദ്യാനസുന്ദരിയെ പരിചരിച്ച് ഭംഗിയാക്കി നിലനിര്‍ത്തുന്നതിനിടയില്‍ ചിലപ്പോള്‍ പലതരം കീടാക്രമണങ്ങളും അസുഖങ്ങളും ബാധിച്ചേക്കാം. റോസാച്ചെടിയില്‍ സാധാരണയായി ബാധിക്കുന്ന അസുഖങ്ങളും പ്രതിവിധികളുമാണ് ഇവിടെ വിശദമാക്കുന്നത്.

പനിനീര്‍ച്ചെടി വളര്‍ത്തുന്നവരാണെങ്കില്‍ ചെടികളെ ബാധിക്കുന്ന അസുഖങ്ങളുമായും പൊരുതാന്‍ തയ്യാറാകണം. വളര്‍ച്ചയുടെ എതെങ്കിലും ഘട്ടത്തില്‍ ബ്ലാക്ക് സ്‌പോട്ടുകള്‍ അഥവാ കറുത്ത കുത്തുകളും മൊസൈക് രോഗവും പൗഡറി മില്‍ഡ്യുവും എല്ലാം നിങ്ങളുടെ ചെടികളില്‍ കണ്ടേക്കാം. പലരും ഇതൊന്നും കാര്യമാക്കാറില്ല. നല്ല സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കുന്ന സ്ഥലത്ത് വളരാനിഷ്ടപ്പെടുന്ന ചെടിയാണ് പനിനീര്‍. കൃത്യമായ കൊമ്പുകോതലും നശിച്ച കലകളെ ഒഴിവാക്കലും നടത്തിയാല്‍ത്തന്നെ അസുഖങ്ങളും ഒരു പരിധി വരെ കുറയ്ക്കാം. അതുപോലെ അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഇനത്തില്‍പ്പെട്ട ചെടികളെ തെരഞ്ഞെടുത്ത് വളര്‍ത്തുന്നതും നല്ലതാണ്. കൊമ്പുകോതല്‍ നടത്താനുപയോഗിക്കുന്നത് നല്ല മൂര്‍ച്ചയുള്ളതും വൃത്തിയുള്ളതുമായ ഉപകരണമായിരിക്കണം. കൃത്യമായി മുറിച്ചെടുത്താല്‍ ചെടിക്ക് ദോഷം വരാതെ അസുഖങ്ങളെ ഒഴിവാക്കാന്‍ കഴിയും. പല അസുഖങ്ങളും ഇത്തരം ഉപകരണങ്ങള്‍ വഴിയാണ് പകരുന്നത്. മുറിക്കാനുപയോഗിക്കുന്ന കത്തിയില്‍ അണുനാശകം അടങ്ങിയ ലായനി സ്‌പ്രേ ചെയ്ത ശേഷം ഓരോ ചെടിയിലും കൊമ്പുകോതല്‍ നടത്തുന്നതാണ് നല്ലത്.

ബ്ലാക്ക് സ്‌പോട്ട്

സാധാരണയായി കാണപ്പെടുന്ന അസുഖമാണ് ഡിപ്ലോകാര്‍പന്‍ റോസേ എന്ന കുമിള്‍ പരത്തുന്ന കറുത്ത പുള്ളിക്കുത്തുകള്‍. ഇലകളെ നശിപ്പിക്കുകയും അന്തരീക്ഷത്തിലെ മറ്റുള്ള പ്രശ്‌നങ്ങളുമായി വളരെ എളുപ്പത്തില്‍ ദോഷകരമായിത്തന്നെ പ്രതികരിക്കുകയും ചെയ്യും. ഈ അസുഖം യഥാര്‍ഥത്തില്‍ ചെടിയെ തളര്‍ത്തിക്കളഞ്ഞ് മറ്റുള്ള രോഗങ്ങള്‍ പകര്‍ത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തണുപ്പുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയിലാണ് ഈ അസുഖമുണ്ടാകുന്നത്. 26 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള കാലാവസ്ഥയില്‍ ബ്ലാക്ക് സ്‌പോട്ട് പ്രതിരോധിക്കാം. ചെടിയുടെ താഴെനിന്ന് ആരംഭിച്ച് മുകള്‍ ഭാഗം വരെ ബാധിക്കുന്ന അസുഖമാണിത്.


ബ്ലാക്ക് സ്‌പോട്ട് എങ്ങനെ പ്രതിരോധിക്കാം?

ഒരു ടീസ്പൂണ്‍ ബേക്കിങ്ങ് സോഡ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികളില്‍ സ്‌പ്രേ ചെയ്യാം. അതുപോലെ സള്‍ഫര്‍ അടങ്ങിയ കുമിള്‍നാശിനിയും ഉപയോഗിക്കാം. വേപ്പെണ്ണയും പ്രതിരോധിക്കാനായി പ്രയോഗിക്കാവുന്നതാണ്. പക്ഷേ, ഉപകാരികളായ പരാഗണകാരികള്‍ക്ക് ദോഷം വരാതെ ശ്രദ്ധിക്കണം.

റസ്റ്റ് ( Rust)

ഒന്‍പത് വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട കുമിളുകള്‍ പരത്തുന്ന രോഗമാണിത്. ചെടികളുടെ ഇലകളില്‍ ഓറഞ്ച് നിറത്തോടടുപ്പിച്ച് കാണപ്പെടുന്ന തുരുമ്പ് പോലുള്ള അടയാളങ്ങളാണ് ലക്ഷണം. ഈ അസുഖമുണ്ടാക്കുന്ന രോഗകാരിയായ കുമിള്‍ അസുഖം ബാധിച്ച സസ്യത്തിന്റെ സമീപത്തു തന്നെ സുരക്ഷിതമായി നിലനില്‍ക്കും. ഇത് പനിനീര്‍പ്പൂക്കളെ മാത്രം ബാധിക്കുന്ന പ്രശ്‌നമായാണ് കണ്ടുവരുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

ഇലപൊഴിയുന്ന കാലത്ത് താഴെ വീഴുന്ന ഇലകളെ ഒഴിവാക്കി വൃത്തിയാക്കി അസുഖം പടരുന്നത് തടയണം. അതുപോലെ രോഗപ്രതിരോധ ശേഷിയുള്ള തൈകള്‍ നോക്കി വാങ്ങി നടാനും ശ്രദ്ധിക്കണം. രാസപ്രതിരോധ മാര്‍ഗമാണെങ്കില്‍ ബേയര്‍ അഡ്വാന്‍സ്ഡ് ഡിസീസ് കണ്‍ട്രോള്‍ (Bayer advanced disease control) ഉപയോഗിക്കാം. ആമസോണ്‍ വഴി ലഭ്യമാകുന്നതാണിത്.

പൗഡറി മില്‍ഡ്യു

തോട്ടത്തിലെ മിക്കവാറും എല്ലാ ചെടികളെയും ബാധിക്കുന്ന അസുഖമാണിത്. അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ളപ്പോളും വരണ്ടിരിക്കുമ്പോഴുമെല്ലാം പൗഡറി മില്‍ഡ്യു ബാധിക്കാനുള്ള സാധ്യതയുണ്ട്. എപ്പോഴാണ് ചെടിയെ ആക്രമിക്കുന്നതെന്ന് പ്രവചിക്കാന്‍ കഴിയില്ല. നേരത്തേ പറഞ്ഞ കുമിള്‍നാശിനികള്‍ തന്നെ ഈ അസുഖത്തിനും പ്രതിരോധമായി ഉപയോഗിക്കാവുന്നതാണ്. ഇലകളുടെ മുകള്‍ഭാഗത്തും അടിവശത്തും ഒരുപോലെ സ്‌പ്രേ ചെയ്യാന്‍ ശ്രമിക്കണം.

ബോട്രിറ്റിസ് ബ്ലൈറ്റ് ( Botrytis blight)

പൂമൊട്ടുകളെ നശിപ്പിക്കുന്ന ഈ അസുഖം വേനല്‍ച്ചൂടിലാണ് ബാധിക്കുന്നത്. കുമിള്‍നാശിനികള്‍ ഉപയോഗിച്ചാലും അതിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നവയാണ് ഈ രോഗാണു. തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ കുമിള്‍നാശിനികള്‍ ഫലപ്രദമാകില്ല. മധ്യവേനല്‍ക്കാലത്ത് വളപ്രയോഗം കുറച്ച് പുതിയ വളര്‍ച്ചയില്ലാതാക്കുന്നതാണ് നല്ലത്.

കാന്‍കേഴ്‌സ് (Cankers )

അടുത്തകാലത്തായി കൊമ്പുകോതല്‍ നടത്തിയ  പല തണ്ടുകളിലും കറുപ്പ് നിറമാകുന്നതാണ് ലക്ഷണം. തണുപ്പുകാലത്താണ് കൂടുതല്‍ പ്രശനങ്ങളുണ്ടാകുന്നത്. മറ്റുള്ള അസുഖങ്ങളെപ്പോലെ കണ്ടെത്താന്‍ എളുപ്പവുമല്ല. മൂന്ന് തരത്തിലുള്ള കാന്‍കേഴ്‌സ് ഉണ്ട്.

1. ബ്രൗണ്‍ കാന്‍കെര്‍

ചെറുതും ചുവപ്പ് കലര്‍ന്ന പര്‍പ്പിള്‍ നിറമുള്ളതുമായ മുഴ പോലുള്ള അടയാളമാണ് ഇതിന്റെ ലക്ഷണം. അരിമണിയുടെ പകുതി വലുപ്പമേ ഉണ്ടാകുകയുള്ളു. ഈ അടയാളം പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ബ്രൗണ്‍ അല്ലെങ്കില്‍ കറുപ്പ് നിറമായി മാറും.

2. ബ്രാന്‍ഡ് കാന്‍കെര്‍

ബ്രൗണ്‍ ഇനത്തില്‍പ്പെട്ടതുപോലെത്തന്നെയുള്ള നിറമാണ് ഇതിനും. പക്ഷേ, ബ്രൗണ്‍ കാന്‍കെറിനേക്കാള്‍  വേഗത്തില്‍ മധ്യഭാഗത്തായി ബ്രൗണ്‍ നിറം പ്രത്യക്ഷപ്പെടും.

3. സ്‌റ്റെം കാന്‍കെര്‍

ഇവിടെ ഉണ്ടാകുന്ന അടയാളം മഞ്ഞനിറത്തിലേക്കാണ് മാറുന്നത്. ചെടിയുടെ തൊലിയിലാണ് ഈ അസുഖം വരുന്നത്.

കാന്‍കെര്‍ എങ്ങനെ പ്രതിരോധിക്കാം?

വൃത്തിയുള്ളതും മൂര്‍ച്ചയുള്ളതുമായ കത്തികള്‍ മാത്രമേ കൊമ്പുകോതല്‍ നടത്താന്‍ ഉപയോഗിക്കാവൂ.  അസുഖം ബാധിച്ച തണ്ടിന്റെ മുക്കാല്‍ ഭാഗവും വെട്ടിക്കളയണം. കുമിള്‍നാശിനികള്‍ തന്നെ പ്രതിരോധ മാര്‍ഗമായി ഉപയോഗിക്കാം. ചെടികളുടെ വേരുകള്‍ക്ക് അമിതമായ തണുപ്പേല്‍ക്കാതിരിക്കാനായി പുതയിടല്‍ നടത്തുന്നതും ആവശ്യത്തിന് വളം നല്‍കുന്നതുമാണ് മറ്റൊരു ആരോഗ്യകരമായ പ്രതിരോധ മാര്‍ഗം.

ക്രൗണ്‍ ഗാള്‍ ( Crown gall)

ചെടിയുടെ ഭാഗങ്ങളില്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന വൃത്തിയില്ലാത്ത തരത്തിലുള്ള വളര്‍ച്ചയാണിത്. മിക്കവാറും മണ്ണിനോട് അടുത്ത ഭാഗങ്ങളിലും ചെടിയുടെ തലപ്പത്തുമാണ് ഇത് കാണപ്പെടുന്നത്.

ഈ അസുഖം ബാധിച്ചാല്‍ ചെടി നശിപ്പിച്ചു കളയുകയും അടുത്ത രണ്ടു വര്‍ഷത്തേക്ക് ഈ സ്ഥലത്ത് പനിനീര്‍ നടാതിരിക്കുകയും ചെയ്യണം. പൂര്‍ണമായും അസുഖം ഇല്ലാതാക്കാനുള്ള ഫലപ്രദമായ ചികിത്സ ഇല്ലെന്ന് തന്നെ പറയാം.

റോസ് റോസെറ്റ് ( Rose rosette)

ഈ അസുഖം പൂക്കളുടെ ഭംഗി ഇല്ലാതാക്കും. വൈറസിനെ വഹിക്കുന്ന ഒരുതരം പുഴുവാണ് ഈ അസുഖമുണ്ടാക്കുന്നത്. ഇലകള്‍ പൊട്ടിച്ചെടുക്കാവുന്ന രീതിയിലാകുകയും മഞ്ഞയോ ചുവപ്പോ നിറം ബാധിക്കുകയും ചെയ്യാം. അസുഖം കൂടുമ്പോള്‍ ഇലകള്‍ ചെറുതാകുകയും ചുവന്ന മൊട്ടുകളുണ്ടാകുകയും ചെയ്യും. അതുപോലെ തണ്ടുകളില്‍ മുള്ളുകള്‍ വളരെക്കൂടുതലുണ്ടാകുന്നത് കാണാം. ചൂടുകാലത്ത് കാറ്റിലൂടെയാണ് ഈ അസുഖം ചെടികളെ ബാധിക്കുന്നത്. ഈ അസുഖം ബാധിച്ചാലും ചെടിയെ പിഴുതെടുത്ത് കത്തിച്ചുകളയുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറിലാക്കി സുരക്ഷിതമായി മാലിന്യത്തിലേക്ക് നിക്ഷേപിക്കുക.