ഡോക്ടറാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ നഗരത്തിലെ മാലിന്യം നീക്കി, സമൂഹത്തിന്‍റെ ആരോഗ്യം സുരക്ഷിതമാക്കുന്നതില്‍ അവര്‍ ഇന്ന് വാണിജ്യമായും വിജയിച്ച് കഴിഞ്ഞു. 


ത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ കഥയാണിത്. മാലിന്യത്തില്‍ നിന്നും കോടികള്‍ സമ്പാദിക്കുന്ന സന ഖാന്‍റെ വിജയകഥ. ഡോക്ടറാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ നഗരത്തിലെ മാലിന്യം നീക്കി, സമൂഹത്തിന്‍റെ ആരോഗ്യം സുരക്ഷിതമാക്കുന്നതില്‍ അവര്‍ ഇന്ന് വാണിജ്യമായും വിജയിച്ച് കഴിഞ്ഞു. മെഡിസിന്‍ പഠനത്തിന് ആഗ്രഹിച്ചെങ്കിലും എന്‍ട്രന്‍സ് പാസായില്ല. ഒടുവില്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. എഞ്ചിനീയറിംഗ് പഠനത്തിനിടെ ഒരു പ്രോജക്ടിന്‍റെ ഭാഗമായി മണ്ണിര കമ്പോസ്റ്റിംഗ് പ്രോജക്റ്റിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതാണ് സന ഖാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. “പ്രൊജക്റ്റ് സമയത്ത്, ഞാൻ പുഴുക്കളോടും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി. എന്തുകൊണ്ട് ഈ പദ്ധതി വലിയ തോതിൽ നടപ്പിലാക്കിക്കൂടെന്ന് ആലോചിച്ചു. അങ്ങനെ ഞാൻ ഈ പുഴുക്കളെ വളർത്താൻ തുടങ്ങി, ഈ ഉൽപ്പന്നം വാണിജ്യവൽക്കരിക്കാൻ തുടങ്ങി,” സന ദി ബെറ്റർ ഇന്ത്യയോട് പറയുന്നു.

സഹോദരന്‍റെ സാമ്പത്തിക പിന്തുണയോടെ 2014 ല്‍ എസ് ജെ ഓർഗാനിക്‌സ് മണ്ണിര കമ്പോസ്റ്റിംഗ് കമ്പനി എന്ന സ്ഥാപനം ആരംഭിച്ചു. ആദ്യ ശ്രമങ്ങള്‍ തന്നെ വിജയിച്ചു. തുടര്‍ന്ന് സന തന്‍റെ ബിസിനസ് വിപുലമാക്കാന്‍ തീരുമാനിച്ചു. അവര്‍, ജൈവികമായ മാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും ശേഖരിക്കാനും സംസ്കാരിക്കാനും കരാറുകാരെ നിയമിച്ചു. ഇന്ന് എസ്‌ജെ ഓർഗാനിക്‌സിലെ ഓരോ ബാച്ച് മണ്ണിര കമ്പോസ്റ്റും സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ലാബിൽ പരിശോധിക്കുന്നു. മാത്രമല്ല, മണ്ണ് പരിശോധിച്ച് അതിനനുസൃതമായ രീതിയില്‍ കമ്പോസ്റ്റുകളും നിര്‍മ്മിക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് അഥവാ അഴിമതിയും വിഷമലിനീകരണവും തലമുറകളെ ഇല്ലാതാക്കുന്ന വിധം

2020 ല്‍ കമ്പനി 500 ടൺ മാലിന്യമാണ് സംഭരിച്ചത്. പ്രതിമാസം 150 ടൺ മണ്ണിര കമ്പോസ്റ്റ് ഇന്ന് നിർമ്മിക്കുന്നു. പ്രതിവർഷം ഒരു കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള സ്ഥാപനമാണ് സനയുടെ എസ്‌ജെ ഓർഗാനിക്‌സ്. സ്ഥാപനത്തില്‍ 30-ലധികം പേർക്ക് തൊഴിലും നല്‍കുന്നു. പുതിയ തലമുറയ്ക്കുകൂടി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെയും ജൈവവളത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി മീററ്റിലെ നൂറിലധികം സ്കൂളുകളില്‍ എസ്‌ജെ ഓർഗാനിക്‌സിന്‍റെ കൺസൾട്ടൻസിക്ക് കീഴിൽ മണ്ണിര കമ്പോസ്റ്റിംഗ് സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പുതിയ സംരംഭകർക്ക് പരിശീലന പരിപാടികളും ഇവർ നടത്തുന്നു. മണ്ണിര കമ്പോസ്റ്റിംഗിനെക്കുറിച്ചുള്ള തന്‍റെ അറിവുകള്‍ പങ്കുവയ്ക്കുന്നതിലൂടെ രാജ്യത്തെമ്പാടും ജൈവകൃഷി രീതികൾ ജനപ്രിയമാക്കാൻ കഴിയുമെന്നും സന പ്രതീക്ഷപ്രകടിപ്പിച്ചു. 

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കത്തി, കൊച്ചിയുടെ ആകാശത്ത് ദിവസങ്ങളോളും പുക മൂടിയപ്പോള്‍ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെത്തുന്ന മാലിന്യത്തില്‍ ഏതാണ്ട് പകുതിയോളം മാലിന്യങ്ങളും ജൈവമാലിന്യങ്ങളാണെന്നുള്ള കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഉറവിട മാലിന്യ സംസ്കരണം ജൈവമാലിന്യ സംസ്കരണം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവയൊന്നും തന്നെ പ്രായോഗികമല്ലെന്നതാണ് കേരളത്തിലെ മാലിന്യ പ്രശ്നം ഇത്രയും രൂക്ഷമാകാന്‍ കാരണവും. 

കൂടുതല്‍ വായനയ്ക്ക്: ഹോട്ടൽ മാലിന്യം എങ്ങനെ സംസ്കരിക്കും? ആശങ്കയൊഴിയാതെ കൊച്ചി നഗരത്തിലെ ഹോട്ടൽ ഉടമകൾ