ഹോട്ടൽ മാലിന്യം എങ്ങനെ സംസ്കരിക്കും? ആശങ്കയൊഴിയാതെ കൊച്ചി നഗരത്തിലെ ഹോട്ടൽ ഉടമകൾ
ഒറ്റ മുറിയിൽ ഹോട്ടൽ നടത്തുന്നവർ, മാലിന്യം എവിടെ സംസ്കരിക്കുമെന്നാണ് ചോദ്യം

കൊച്ചി : ബ്രഹ്മപുരത്തെ തീയും പുകയും ഒതുങ്ങിയെങ്കിലും ആശങ്കയൊഴിയാതെ കൊച്ചി നഗരത്തിലെ ഹോട്ടൽ ഉടമകൾ. ഏപ്രിൽ 10ന് ശേഷം ഹോട്ടൽ മാലിന്യം സ്വയം സംസ്കരിക്കണമെന്ന സർക്കാർ നിർദ്ദേശമാണ് ആശങ്കയ്ക്ക് പിന്നിൽ. ഒറ്റ മുറിയിൽ ഹോട്ടൽ നടത്തുന്നവർ, മാലിന്യം എവിടെ സംസ്കരിക്കുമെന്നാണ് ചോദ്യം.
കൊച്ചി നഗരത്തിൽ മാത്രമുള്ളത് ആയിരത്തിലേറെ ഹോട്ടലുകൾ. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായ രണ്ടാം തീയതിയ്ക്ക് ശേഷം പ്ലാസ്റ്റിക് മാലിന്യം ഹോട്ടലുകളിൽ കെട്ടിക്കിടക്കുകയാണ്. അടുത്ത ഏപ്രിൽ 10ന് ശേഷം ജൈവ മാലിന്യവും ഹോട്ടലുകളിൽ നിന്ന് കൊച്ചി കോർപ്പറേഷൻ എടുക്കില്ല. ഹോട്ടലുടമകൾ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കണം. അല്ലെങ്കിൽ സ്വന്തം നിലയ്ക്ക് മാലിന്യം നീക്കാനുള്ള സംവിധാനം ഒരുക്കണം. ഇതാണ് ബ്രഹ്മപുരം തീപിടിത്തതിന് ശേഷം ഹോട്ടൽ മാലിന്യ നിർമാജനത്തിലെ സർക്കാർ നിലപാട്.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും നഗരത്തിലെ 30 ശതമാനം മറ്റ് ഹോട്ടലുകൾക്കും മാലിന്യം സ്വന്തമായി സംസ്കരിക്കാനുള്ള സംവിധാനങ്ങളുണ്ട്. ചെറുകിടക്കാർക്ക് ഇതില്ലാത്തതിനാൽ മാലിന്യ നീക്കത്തിനായി സ്വകാര്യ ഏജൻസികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഹോട്ടലുടമകളുടെ സംഘടന.
ഇതിൽ വൈകാതെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ജൈവ മാലിന്യം എടുക്കാൻ കിലോയ്ക്ക് അഞ്ച് രൂപയും പ്ലാസ്റ്റിക് മാലിന്യത്തിന് കിലോയ്ക്ക് ഏഴ് രൂപയുമാണ് ഹോട്ടലുടമകൾ കോർപ്പറേഷന് നൽകിയിരുന്നത്. പാചക വാതക വില വർദ്ധനയടക്കം പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് സ്വകാര്യ ഏജൻസികൾ മാലിന്യ നീക്കം ഏറ്റെടുത്താൽ അതിന് കൂടുതൽ പണം മുടക്കേണ്ടി വരുമോ എന്ന ആശങ്കയും സാധാരണ ഹോട്ടൽ ഉടമകൾക്കുണ്ട്.