പഴങ്ങളുടെ തൊലിയും അവശിഷ്ടങ്ങളുമൊക്കെ ചേർത്ത് കംപോസ്റ്റ് ഉണ്ടാക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, വീഞ്ഞ് അഥവാ വൈനിന്റെ അവശിഷ്ടങ്ങൾ കംപോസ്റ്റിൽ ചേർക്കാമോ? കുടിച്ച് ബാക്കിയായ ഇത്തിരി വീഞ്ഞ് കംപോസ്റ്റിൽ ചേർത്താൽ കംപോസ്റ്റിനും മത്തുപിടിച്ച് മൊത്തത്തിൽ കൈവിട്ടുപോകുമോ എന്നതാണ് ​ഗവേഷകരുടെ ചോദ്യം. ചിലപ്പോൾ നിങ്ങൾ വാങ്ങിയ വീഞ്ഞ് ഉദ്ദേശിച്ച നിലവാരമില്ലാത്തതാണെങ്കിലോ ഒരുതരത്തിലും കഴിക്കാൻ പറ്റാത്തതാണെങ്കിലോ അത് കംപോസ്റ്റിങ്ങിന് ഉപയോ​ഗിക്കാം. 

കംപോസ്റ്റിങ് എന്ന പ്രക്രിയയെ വീഞ്ഞ് ബാധിക്കില്ല എന്നാണ് ഒരുകൂട്ടം ​ഗവേഷകരുടെ കണ്ടെത്തൽ. പക്ഷെ, ഇവിടെയും എത്ര അളവ് വീഞ്ഞ് കംപോസ്റ്റിൽ ചേർക്കുന്നു എന്നത് പ്രധാനമാണ്. നല്ല രീതിയിൽ നിലനിൽക്കുന്ന കംപോസ്റ്റിന് ജൈവപ്രവർത്തനങ്ങൾ നടക്കാൻ ഈർപ്പം ആവശ്യമുണ്ട്. ആവശ്യത്തിനു ജലാംശമില്ലാതെ പോയാൽ കംപോസ്റ്റ് വരളും. അത് വരണ്ടാൽ വെള്ളത്തിന്റെ സാന്നിദ്ധ്യത്തിൽ അല്ലെങ്കിൽ ഈർപ്പാംശമുള്ളിടത്ത് മാത്രം പ്രവർത്തിക്കുന്ന ബാക്ടീരിയ ചത്തുപോവും. ഇത്തരം സാഹചര്യത്തിലാണ്, വീഞ്ഞ് കംപോസ്റ്റിൽ എത്തുന്നതെങ്കിൽ ഒരു കാര്യം ഉറപ്പ്. ദ്രാവകരൂപത്തിലാണെന്നതിനാൽ കംപോസ്റ്റിനകത്താണെങ്കിലും വീഞ്ഞ് വെള്ളത്തിന്റെ ​ഗുണം ചെയ്യും. വെള്ളമടിക്കുന്നവർക്ക് സ്റ്റാർട്ടർ എന്നതുപോലെ കംപോസ്റ്റിങ്ങിനും സ്റ്റാർട്ടർ ആയി വൈൻ ഉപയോ​ഗിക്കാം എന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്. ജൈവ വിഘടന പ്രവർത്തനങ്ങൾക്കുള്ള സ്റ്റാർട്ടർ. 

വീഞ്ഞിനകത്തെ യീസ്റ്റിന്റെ സാന്നിദ്ധ്യം തടിയോ മരമോ ചെടിക്കമ്പുകളോ പോലുള്ള സസ്യാവശിഷ്ടങ്ങളുടെ വിഘടനത്തിനു സഹായിക്കുമെന്നാണ് കണ്ടെത്തൽ. മാത്രമല്ല, വീഞ്ഞിനകത്തെ നൈട്രജൻ കാർബൺ അടിസ്ഥാനമായുള്ള ജൈവ തന്മാത്രകളെ വിഘടിപ്പിക്കാനും സഹായിക്കും.

സ്വന്തമായി വീട്ടിൽ വീഞ്ഞുണ്ടാക്കുന്നവരാണെങ്കിൽ, അത് ഉണ്ടാക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ ഒരു മടിയും കൂടാതെ കംപോസ്റ്റിങ്ങിന് ഉപയോ​ഗിക്കാം എന്നുമുണ്ട് കണ്ടെത്തൽ. ബീയറിന്റെ അവശിഷ്ടങ്ങളും എന്തിനേറെ, വീഞ്ഞുകുപ്പിയുടെ അടപ്പായി കാണുന്ന മരത്തിന്റെ കോർക്കുവരെ കംപോസ്റ്റിങ്ങിനുപയോ​ഗിക്കാം എന്നാണ് കണ്ടെത്തൽ.  

എന്നുവച്ച് ഒരു കുഞ്ഞു കൂന കംപോസ്റ്റിൽ ഒരു ​ഗാലൻ വീഞ്ഞൊഴിക്കുന്ന പരിപാടി ചെയ്യരുത്. അത് ആൽക്കഹോൾ ലെവൽ കൂട്ടി, ബാക്ടീരിയകളെ നശിപ്പിച്ച്, കംപോസ്റ്റിങ് പ്രക്രിയയെ തന്നെ തകിടം മറിക്കും. ഇത്തിരിയിത്തിരിയായി പലഘട്ടങ്ങളിൽ ചേർത്ത് കംപോസ്റ്റിങ്ങിനെ ത്വരിതപ്പെടുത്തുന്നതാണ് ബുദ്ധി എന്നാണ് ഇക്കാര്യത്തിലും ​ഗവേഷകരുടെ അഭിപ്രായം.