അന്ന് പാക്കിസ്ഥാനില്‍ അഭയാര്‍ത്ഥി, ഇന്ന് സൂപ്പര്‍ താരം; ഇനി റാഷിദ് ഖാന്‍ ഇന്ത്യയില്‍?

By Web TeamFirst Published Jun 10, 2019, 11:07 PM IST
Highlights

അഫ്‌ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍റെ കുടുംബം ഏഴു വര്‍ഷത്തോളമാണ് പാക്കിസ്ഥാനില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞത്. പിന്നീട് റാഷിദ് ലോകോത്തര താരമായി വളര്‍ന്നു. ലോകകപ്പ് കഴിഞ്ഞാലുടന്‍ ഇന്ത്യയിലേക്ക് എത്തും റാഷിദ്. അതിനൊരു കാരണമുണ്ട്.

ലണ്ടന്‍: പരിക്കു മൂലം റാഷിദ് ഖാന്‍ അഫ്ഗാനിസ്ഥാന്റെ ശേഷിച്ച മത്സരങ്ങള്‍ കളിക്കുമോയെന്ന കാര്യം ഉറപ്പില്ല. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം. തീയില്‍ കുരുത്ത താരമാണ് റാഷിദ്. അത് വെയിലത്ത് വാടില്ല. ഏഴു വര്‍ഷത്തോളമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും കൈയില്‍ കിട്ടിയതൊക്കെ വാരിയെടുത്തു റാഷിദിന്റെ കുടുംബം പാക്കിസ്ഥാനില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞത്.

റാഷിദിനു പതിനേഴ് വയസു പൂര്‍ത്തിയായപ്പോള്‍ സിംബാബ്‌വേ പര്യടനത്തിലൂടെ ഏകദിന അരങ്ങേറ്റം നടത്തി. 62 മത്സരങ്ങളില്‍ നിന്നും ഇതുവരെ 128 വിക്കറ്റുകള്‍ കൊയ്തു കഴിഞ്ഞു. പ്രായമാവട്ടെ 21 പോലുമായിട്ടുമില്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാകപ്പിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തി ഈ അഫ്ഗാന്‍ താരം ഐസിസി ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ നമ്പര്‍ വണ്ണായി. അതു കൊണ്ടു തന്നെ ഐപിഎല്ലില്‍ ഹൈദരാബാദ് റാഷിദിനെ റാഞ്ചിയത് നാല് കോടി രൂപയ്ക്കാണ്.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ഗ്രാമപ്രദേശത്താണ് റാഷിദിന്റെ ജനനം. കുടുംബത്തില്‍ റാഷിദിനെ കൂടാതെ പത്തു സഹോദരങ്ങള്‍. അഫ്ഗാന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ കുടുംബത്തോടൊപ്പം പാക്കിസ്ഥാനില്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞു. പെഷവാറില്‍ എത്രകാലം അങ്ങനെ കഴിഞ്ഞുവെന്നത് റാഷിദിന് തന്നെയറിയില്ല. ആറോ ഏഴോ, ഇതിനിടയില്‍ മാതാപിതാക്കള്‍ അഫ്ഗാനിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തിരിച്ചുവന്നു. അവരുടെ വിജനമായ കൃഷിസ്ഥലങ്ങളില്‍ മുഴുവന്‍ ആ സമയത്ത് മൈനുകള്‍ പാകിയിരിക്കുകയായിരുന്നു.

അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ കാലത്ത് ഒരു ഗുണമുണ്ടായി. പാക്ക് സ്‌പിന്നര്‍ ഷാഫിദ് അഫ്രിദിയെ മനസാവരിച്ച് പന്തെറിയാന്‍ തുടങ്ങി. അങ്ങനെയായിരുന്നു തുടക്കം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ പോലും സ്വന്തമായൊരു പരിശീലകനവില്ലാത്ത താരമായിരുന്നു റാഷിദ്. എങ്കിലും അഫ്രിദിയുടെ ബൗളിങ് ആക്ഷന്‍ വിട്ടുകളയാന്‍ ഈ കൗമാരക്കാരന്‍ തയ്യാറായില്ല.

പെഷവാറില്‍ ക്യാമ്പുകളില്‍ ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. കൂട്ടത്തില്‍ ധനികര്‍ ഇസ്ലാമാബാദിലേക്ക് കുടിയേറിയപ്പോഴും പിറന്ന നാടു വിട്ട് മറ്റൊരു സ്ഥലത്ത് ബാല്യകാലം ചെലവഴിക്കാനായിരുന്നു റാഷിദിന്റെ യോഗം. പാക്കിസ്ഥാനില്‍ അന്ന് ക്രിക്കറ്റിന് നല്ലകാലമായിരുന്നു. അത് റാഷിദിനും ഗുണം ചെയ്തു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ റാഷിദ് ഒരു ഓള്‍റൗണ്ടറായാണ് മിന്നിയത്.

അഞ്ചു സഹോദരന്മാരെയും നാലു സഹോദരിമാരെയും റാഷിദിനെയും ക്യാമ്പില്‍ നിര്‍ത്തിയിട്ടു രണ്ടു സഹോദരന്മാരും മാതാപിതാക്കളും പെഷവാര്‍ വിട്ടപ്പോള്‍ ജീവിതം കൈവിട്ടതു പോലെയായിരുന്നുവെന്ന് റാഷിദ് ഓര്‍ക്കുന്നു. അന്നു വിശക്കുമ്പോഴും മാതാപിതാക്കളെ കാണണമെന്നു തോന്നുമ്പോഴും ക്രിക്കറ്റിലേക്കു ശ്രദ്ധ തിരിക്കുകയായിരുന്നുവത്രേ. റാഷിദിന്റെ കുടുംബത്തിന് ടയര്‍ ബിസിനസ്സായിരുന്നു. യുദ്ധത്തിന്റെ മുറിവുകള്‍ വീണ്ടും വേദനിച്ചപ്പോള്‍ മാതാപിതാക്കള്‍ തിരിച്ചു വന്നു, ക്യാമ്പില്‍ നിന്നും ഒരു ചെറിയ വീട്ടിലേക്ക് താമസം മാറ്റി.

പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, ജീവന്‍ പണയം വച്ച് റാഷിദ് ക്യാമ്പ് വിട്ടു. അപ്പോഴും രേഖകളില്‍ റാഷിദ് പെഷവാറുകാരനായിരുന്നു. ക്രിക്കറ്റ് പഠിച്ചതും പാക്കിസ്ഥാനിലായിരുന്നു. ടെന്നീസ് ബോളില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റി കൈക്കുഴ കൊണ്ട് പന്തുകള്‍ കറക്കിയെടുക്കുന്നതില്‍ വിദഗ്ധനായിരുന്ന റാഷിദിനു മുന്നില്‍ അഫ്ഗാന്‍ ക്രിക്കറ്റിന്റെ വാതിലുകള്‍ ഓരോന്നായി തുറക്കുകയായിരുന്നുവെന്നത് ചരിത്രം. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും റാഷിദിന്റെ പ്രകടനം ഏതൊരു അഫ്ഗാന്‍ താരത്തേക്കാളും മുന്നിലാണ്.

ലോകകപ്പ് കഴിഞ്ഞു തിരിച്ച് നാട്ടിലെത്തിയാലുടന്‍ ഇന്ത്യയിലേക്ക് എത്തും റാഷിദ്. ഡെറാഡൂണില്‍ പുതിയതായി വാങ്ങുന്ന വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കാന്‍. 

click me!