ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങൾക്കില്ലെങ്കിൽ നിങ്ങളൊരു മോശം മനുഷ്യനാണ്: മുഹ്‌സിന്‍ പരാരി

By Web TeamFirst Published Jun 28, 2020, 7:37 PM IST
Highlights

രാഷ്‌ട്രീയ വിവാദങ്ങള്‍ തുടരുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ കോ ഡയറക്ടറായ മുഹ്‌സിന്‍ പരാരി

കോഴിക്കോട്: പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച 'വാരിയംകുന്നന്‍' വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇതിനിടെ ചില മുന്‍കാല ഫേസ്‌ബുക്ക് പോസ്റ്റുകള്‍ക്കെതിരായ വിമര്‍ശനങ്ങളെ തുടര്‍ന്ന് 'വാരിയംകുന്നനി'ല്‍ നിന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് താല്‍ക്കാലികമായി പിന്മാറിയിരുന്നു. രാഷ്‌ട്രീയ വിവാദങ്ങള്‍ തുടരുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ കോ ഡയറക്ടറായ മുഹ്‌സിന്‍ പരാരി. 

മുഹ്‌സിന്‍ പരാരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങൾക്കില്ലെങ്കിൽ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകൾ തമ്മിൽ കലാപത്തിലേർപ്പെടുന്നതിനേക്കാൾ മനോഹരം അവ തമ്മിലുള്ള സർഗാത്മകമായ കൊടുക്കൽ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ‘ഭിന്നതകളുടെ സൗഹൃദം ‘(friendship of disagreements) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തിൽ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു.

പ്രതിലോമപരമായ ആശയങ്ങളും വിദ്വേഷപ്രചാരണവും മാത്രം ഉൽപാദിപ്പിക്കുന്ന ഘട്ടത്തിൽ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേർത്ത് വക്കുന്നു'.

 

വാരിയംകുന്നന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ റമീസിന്‍റെ ചില മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊങ്ങിവരുകയും അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്‍തിരുന്നു. പിന്നാലെയാണ് റമീസ് പ്രോജക്ടില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണെന്ന വിവരം സംവിധായകന്‍ ആഷിഖ് അബു അറിയിച്ചത്. 

വിവാദങ്ങളില്‍ പ്രതികരിച്ച് റമീസും

'എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്‍റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും. വിവാദങ്ങള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയതിനാല്‍ താല്‍ക്കാലികമായി മാറിനില്‍ക്കുന്നതായി നിര്‍മ്മാതാക്കളെ അറിയിച്ചു' എന്നുമായിരുന്നു റമീസിന്‍റെ വാക്കുകള്‍. 

'വിവാദത്തെക്കുറിച്ച് എനിക്കു ചിലത് പറയാനുണ്ട്'; 'വാരിയംകുന്നനി'ല്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് റമീസ്

'രണ്ട് ദിവസത്തില്‍ ലഭിച്ചത്'; 1921 പശ്ചാത്തലമാക്കുന്ന സിനിമയ്ക്ക് കിട്ടിയ സംഭാവന വെളിപ്പെടുത്തി അലി അക്ബര്‍

'തന്‍റെ വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്'; തിരക്കഥാകൃത്ത് മാറിനില്‍ക്കുമെന്ന് ആഷിഖ്

മലബാർ വിപ്ലവം സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്, സംവിധാനം ആഷിഖ് അബു

വാരിയംകുന്നത്തിനെക്കുറിച്ചുള്ള സിനിമ നേരത്തെ തീരുമാനിച്ചത്; പിടി കുഞ്ഞുമുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട്

പൃഥിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി: വാരിയം കുന്നനെ ചൊല്ലി സിനിമയിലും പുറത്തും വിവാദം

click me!