കൊച്ചി: ചരിത്രപുരുഷൻ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ചൊല്ലി മലയാള സിനിമയിലും രാഷ്ട്രീയത്തിലും വിവാദം കനക്കുന്നു. പൃഥിരാജിനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ആഷിക് അബു ഇന്നലെ പുതിയ ചിത്രം പ്രഖ്യാപിച്ചതോടെയാണ് ഇതേക്കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്.  

ആഷിഖ് അബു - പൃഥിരാജ് ചിത്രത്തിന് പിന്നാലെ പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബ‍ർ എന്നിവരും വാരിക്കുന്നത് അഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി സിനിമ നി‍ർമ്മിക്കും എന്ന് പ്രഖ്യാപിച്ചു. അതേസമയം വാരിയൻ കുന്നൻ സിനിമ ചരിത്രത്തിൻ്റെ അപനി‍ർമ്മിതിയാണെന്നും ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും പൃഥിരാജ് പിന്മാറണമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി. 

വാരിയം കുന്നൻ എന്ന പേരിട്ടിരിക്കുന്ന ആഷിഖ് അബു ചിത്രത്തിൽ മുഖ്യകഥാപാത്രമായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി താൻ അഭിനയിക്കുന്ന കാര്യം നടൻ പൃഥിരാജ് തന്നെയാണ് ഇന്നലെ പുറത്തുവിട്ടത്. നേരത്തെ സംവിധായകൻ ആഷിഖ് അബുവും വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം ചലച്ചിത്രമാക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നു. 

''ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'' പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

വാരിയം കുന്നൻ സിനിമയുടെ പ്രഖ്യാപനം വന്നതിന് പിറകേ പരദേശിയടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനായ പിടി കുഞ്ഞുമുഹമ്മദ് താനും വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനുമായി രം​ഗത്ത് എത്തി. വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം വലിയൊരു ചരിത്രമാണെന്നും ഇതൊരു ചലച്ചിത്രമാക്കണമെന്ന് വളരെ നേരത്തെ തീരുമാനിച്ചതാണെന്നും പിടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കുന്നു.

ഇതിനു പിന്നാലെ പ്രശ്സത നാടകപ്രവ‍ർത്തകനായ ഇബ്രാഹിം വേങ്ങരയും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കി സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. 

കുറെകാലം പഠനം നടത്തി എഴുതിയ സിനിമ കഥയാണ് "വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജി. അതിൻ്റെ വൺലൈൻ എടുത്തു എൻ്റെ സുഹൃത്ത് അലി അരങ്ങാടത്തിന് വേണ്ടി ഒരു ഏകപാത്ര നാടകം എഴുതി കൊടുത്തു. അദേഹം വിജയകരമായി ആ നാടകം കേരളത്തിനകത്തും, ഇന്ത്യയ്ക്ക് പുറത്തും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജി യുടെ സിനിമ പേര് "ദി ഗ്രേറ്റ് വാരിയം കുന്നത്ത്" എന്നാണ്. ഇതിന്റെ തിരക്കഥ രണ്ടു, മൂന്നു പേര്‍ക്ക് കൈമാറിയിട്ടുണ്ട്. മാത്രമല്ല അതിന്റെ വാർത്ത മീഡിയയിൽ വന്നിട്ടുണ്ട്. അതിൻ്റെ മറ്റു വർക്കു കൾ നടന്നുവരുന്നു. അതിൻ്റെ പ്രാധാന ലൊക്കേഷൻ കണ്ണൂര്‍ ജില്ലയിലെ പൈതൽ മലയാണ്. അഭിനേതാക്കൾ മലയാള നടൻമാർ കൂടാതെ മറ്റ് ഇതര ഭാഷാഭിനേതാക്കളും, കഥാനായിക ആഫ്രിക്കന്‍ നടിയുമാണ്... അനുഗ്രഹിക്കുക - ഇബ്രാഹിം വേങ്ങര തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. 

ഇതിനെല്ലാം പിന്നാലെയാണ് സംവിധായകനും ബിജെപി നേതാവുമായ അലി അക്ബ‍റും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി ചലച്ചിത്രമൊരുക്കുമെന്ന് പ്രഖ്യാപിച്ചത്. ചരിത്രത്തെ വളച്ചൊടിക്കുന്നതിനാലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചതെന്നും മലബാ‍ർ കലാപത്തിൻ്റെ നൂറാം വാ‍ർഷികമായ 2021-ൽ പുതിയ ചിത്രം റിലീസ് ചെയ്യുമെന്നും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയെ മഹാത്മാവായി ചിത്രീകരിക്കാനുള്ള ശ്രമം തകർക്കുമെന്നും അലി അക്ബർ പറയുന്നു. 

അവരാണ് ഹീറോകൾ, മതം മാറാൻ തയ്യാറാവാതെ രാമനാമം ജപിച്ചു ശത്രുവിന് തലനീട്ടിക്കൊടുത്തവർ. അവസാനനിമിഷം വരെ പൊരുതിയവർ. തിളച്ച വെള്ളമൊഴിച്ചു തൊലിയുരിക്കപ്പെട്ടു വഴിയിൽ തൂങ്ങിക്കിടന്നാടിയവർ. മാപ്പിളമാർ അണ്ണാക്കിലേക്ക്
സ്വന്തം പശുവിന്റെ മാംസം കുത്തിയിറക്കിയിട്ടും കഴിക്കാതെ പട്ടിണി കിടന്നു മരിച്ചവർ... കണ്മുന്നിൽ സ്വന്തം മകളേ പീഢിക്കപ്പെടുന്നത് കാണാനാവാതെ കണ്ണു പറിച്ചെറിഞ്ഞവർ... ആത്മാക്കൾ.... ഗതികിട്ടാതെ അലയുന്ന ആത്മാക്കൾ... അവരുടെ ശബ്ദമായിരിക്കണം...
അതേ അവരുടെ ആരും കേൾക്കാത്ത ശബ്ദം.... അതുയരട്ടെ.... 2021ൽ.... നേരിന് നേരെ പിടിച്ച കണ്ണാടിയായി.. - പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് അലി അക്ബ‍ർ ഫേസ്ബുക്കിൽ കുറിച്ചു. 

വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയുടെ പേരിൽ നാല് ചലച്ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് പൃഥിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി രം​ഗത്തു വന്നത്. ആഷിക് അബുവിൻ്റെ വാരിയം കുന്നൻ സിനിമ ചരിത്രത്തിൻ്റെ അപനി‍ർമ്മിതിയാണെന്നും പൃഥിരാജ് ചരിത്രം പഠിക്കുകയും പരിശോധിക്കുകയും വേണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആ‍ർ.വി.ബാബു പറഞ്ഞു. പൃഥിരാജ് ഈ ചിത്രത്തിൽ നിന്നും പിന്മാറണമെന്നും കേരളത്തിലെ ഹിന്ദു സംഘടനകളുടെ പൊതുനിലപാട് ഇതാണെന്നും പറഞ്ഞ ആ‍ർവി ബാബു പൃഥിരാജിനോട് നേരിട്ട് സംസാരിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും വ്യക്തമാക്കി. 

അതേസമയം ആഷിക് അബു- പൃഥിരാജ് ചിത്രം വാരിയൻ കുന്നനെ പിന്തുണച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ രം​ഗത്ത് എത്തി. 
വാരിയൻ കുന്നൻ എന്ന ചലച്ചിത്രം ഒരു കലാകാരൻ്റെ അവകാശമാണ്. ചരിത്രത്തെ വ്യാഖ്യാനിക്കാൻ കലാകാരന് അവകാശമുണ്ട്. ഒരു വിഷയത്തിൽ നാലു സിനിമകൾ എന്നത് പോസിറ്റീവ് ആയി കാണുന്നുവെന്നും ആരെതിർത്താലും മികച്ച സിനിമകൾ ജനം സ്വീകരിക്കുമെന്നും ബി. ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.