പൃഥ്വിരാജിനെ നായകനാക്കി താന്‍ പ്രഖ്യാപിച്ച 'വാരിയംകുന്നനി'ല്‍ നിന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് താല്‍ക്കാലികമായി പിന്മാറുകയാണെന്ന് ആഷിഖ് അബു അറിയിച്ചിരുന്നു. പ്രോജക്ട് പ്രഖ്യാപിച്ചതിനു പിന്നാലെ റമീസിന്‍റെ ചില മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊങ്ങിവരുകയും അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്‍തിരുന്നു. പിന്നാലെയാണ് റമീസ് പ്രോജക്ടില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണെന്ന വിവരം ആഷിഖ് അബു അറിയിച്ചത്. റമീസിന്‍റെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി യോജിപ്പില്ലെന്നും സ്വന്തം വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത റമീസിന്‍റേതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആഷിഖ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്‍റെ പിന്മാറ്റത്തെക്കുറിച്ച് വിശദീകരിക്കുകയാണ് 'വാരിയംകുന്നന്‍റെ' തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ്.

'വാരിയംകുന്നനി'ല്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് റമീസ്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്‍റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.

എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്‍റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.