Asianet News MalayalamAsianet News Malayalam

'തന്‍റെ വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്'; തിരക്കഥാകൃത്ത് മാറിനില്‍ക്കുമെന്ന് ആഷിഖ്

'തന്‍റെ ഉദ്ദേശശുദ്ധിയുടെ മേൽ സംശയത്തിന്‍റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്‍റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്..'

ramees will step back from variyamkunnan says aashiq abu
Author
Thiruvananthapuram, First Published Jun 27, 2020, 12:01 PM IST

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്ന'നില്‍ നിന്ന് തിരക്കഥാകൃത്തുക്കളിലൊരാള്‍ മാറിനില്‍ക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. ആഷിഖ് ദിവസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച സിനിമയുടെ രചയിതാക്കളായി രണ്ടുപേരുടെ പേരാണ് ഉണ്ടായിരുന്നത്. 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദിന്‍റെയും റമീസ് എന്ന മറ്റൊരാളുടേയും. പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചതിനു പിന്നാലെ റമീസിന്‍റെ ചില പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. രാഷ്ട്രീയനിലപാടുകളുടെ പേരില്‍ അവ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയും ചെയ്‍തു. ഇതിനു പിന്നാലെയാണ് റമീസ് പ്രോജക്ടില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുകയാണെന്ന് ആഷിഖ് അബു അറിയിച്ചിരിക്കുന്നത്. 

ആഷിഖ് അബു പറയുന്നു

റമീസിന്‍റെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്‍റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.

മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ് സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്‍റെ ഉദ്ദേശശുദ്ധിയുടെ മേൽ സംശയത്തിന്‍റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്‍റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

Follow Us:
Download App:
  • android
  • ios