തിരുവനന്തപുരം: പൃഥിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വിവാദം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാനുള്ള തീരുമാനവുമായി മുന്നോട്ടെന്ന് അറിയിച്ച് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദും രംഗത്തെത്തി. വാരിയംകുന്നത്ത് സിനിമ നേരത്തെ തീരുമാനിച്ചതാണെന്നും പി ടി കുഞ്ഞുമുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അലി അക്ബറും ഇബ്രാഹിം വെങ്ങരയുമാണ് സിനിമ പ്രഖ്യാപിച്ച് രംഗത്തുവന്ന മറ്റ് രണ്ട് പേർ. 

തന്‍റെ മനസിൽ വളരെ മുമ്പ് തന്നെയുള്ള ആശയമാണ് വാരിയംകുന്നത്ത് സിനിമയെന്നും, പല കാരണങ്ങൾ കൊണ്ട് നടക്കാതിരുന്ന പദ്ധതിയിലേക്ക് ഇപ്പോൾ സജീവമായി ഇറങ്ങുകയാണെന്നും പി ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. അടുത്ത വർഷം ആദ്യം തന്നെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. 

ഒരു വിഷയത്തെ പല തരത്തിൽ സിനിമയാക്കമെന്നും തന്‍റെ സിനിമ മറ്റൊരു രീതിയിലായിരിക്കുമെന്നുമാണ് പിടി കുഞ്ഞുമുഹമ്മദിന്റെ നിലപാട്. 
വാരിയുംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിയാണ് അലി അക്ബർ ചിത്രം പ്രഖ്യാപിച്ചിട്ടുള്ളത്. 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജാണ് നായകന്‍. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നൻ’ എന്ന പേരിലാണ് സിനിമയാക്കുന്നത്. 2021 ൽ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സിക്കന്ദർ, മോയ്തീൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.