ബിഹാർ നിയമസഭയ്ക്കുള്ളിൽ പൊലീസ് ലാത്തിച്ചാർജ്ജ്, സ്ഥിതിഗതികൾ വഷളായത് ഇങ്ങനെ

By Web TeamFirst Published Mar 24, 2021, 11:47 AM IST
Highlights

പൊലീസ് ഉദ്യോഗസ്ഥർ എംഎൽഎമാരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.

പട്‌ന : പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഇന്ന് പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെ, "ഇന്നലെ ബിഹാർ നിയമസഭയുടെ സമ്മേളനം നടക്കുന്നതിനിടെ ഭരണപക്ഷം ഒരു കരിനിയമം പാസ്സാക്കാൻ ശ്രമിച്ചു. അതിനെ ഞങ്ങൾ നഖശിഖാന്തം എതിർത്തു. എന്നാൽ, ബീഹാറിന്റെ എന്നല്ല, ഇന്ത്യയുടെ തന്നെ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായി, നിയമസഭാതലത്തിലേക്ക് പൊലീസിനെ ക്ഷണിച്ചു വരുത്തുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. പൊലീസ് സൂപ്രണ്ടും, ജില്ലാ മജിസ്‌ട്രേട്ടും നേരിട്ടാണ് നിയമസഭംഗങ്ങളെ മർദ്ദിക്കാനും, വലിച്ചിഴച്ച്, കഴുത്തിന് കുത്തിപ്പിടിച്ച് അവരെ സഭയ്ക്ക് പുറത്തേക്ക് തള്ളാനും നേതൃത്വം നൽകിയത്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട നിയമസഭംഗമായ അനിതാ ദേവിയുടെ മുടിക്ക് കുത്തിപ്പിടിച്ച്, സാരി വലിച്ചഴിച്ച്, നിലത്തുകൂടി വലിച്ചിഴച്ചാണ് അവരെ പുറത്താക്കിയത്. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കരിദിനമായി ഇന്നത്തെ ദിവസം ഓർക്കപ്പെടും"

പൊലീസ് ഉദ്യോഗസ്ഥർ എംഎൽഎമാരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ഈ അക്രമങ്ങളിൽ രണ്ടു വനിതാ അംഗങ്ങൾ അടക്കം പന്ത്രണ്ടു നിയമസഭംഗങ്ങൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. 

WATCH: The man who’s being thrashed here is not a roadside goon or something. He is an elected MLA from the . What’s happening in Bihar? How can police thrash a public representative like this?? Police thrashing an MLA in the premises of VIDHAN SABHA! pic.twitter.com/sKxIkAIkPm

— Prashant Kumar (@scribe_prashant)


കരിനിയമത്തിനെതിരെയുള്ള പ്രതിഷേധം

കഴിഞ്ഞ കുറെ ദിവസങ്ങളായി സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ഉരസലുകൾ നടക്കുന്നുണ്ട് എങ്കിലും, ഇന്ന് രംഗങ്ങൾ ഇത്രകണ്ട് വഷളാകാനുള്ള കാരണം, 'ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ - 2021' എന്ന പേരിൽ പുതിയൊരു നിയമം സഭ പാസ്സാക്കാൻ ശ്രമിച്ചതാണ്. ഈ നിയമം പാസ്സാക്കപ്പെടുന്നതോടെ, വിശേഷിച്ച് ഒരു കോടതി വാറണ്ടും കൂടാതെ, കേവലം സംശയത്തിന്റെ പുറത്ത് പൊലീസിന് ആരെയും പിടിച്ച് അകത്തിടാനുള്ള സവിശേഷ അധികാരങ്ങൾ കൈവരും എന്നും, അതിന്റെ വ്യാപകമായ ദുരുപയോഗത്തിനു സാധ്യതയുണ്ട് എന്നും ആരോപിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇതിനെ എതിർത്തുകൊണ്ട് സഭാതലത്തിലേക്കിറങ്ങിയത്. എന്നാൽ, ഈ നിയമം സായുധ പൊലീസിന് മാത്രം ബാധകമായതാണ് എന്നും ക്രമസമാധാന പാലനത്തെയോ, ദൈനംദിന പോലീസിങ്ങിനെയോ ഒന്നും സംബന്ധിക്കുന്നതല്ല എന്നുമാണ് ഭരണപക്ഷത്തിന്റെ വാദം. 

ഇങ്ങനെ ഒരു കരിനിയമം പാസ്സാക്കി സംസ്ഥാനത്തെ പൊലീസിനെ തങ്ങളുടെ സ്വകാര്യ ഗുണ്ടാ സംഘമാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നത് എന്ന് തേജസ്വി യാദവ് ബിബിസിയോട് പറഞ്ഞു. "ഹിറ്റ്ലറുടെ മനോനിലയാണ് ഇപ്പോൾ നിതീഷ് കുമാറിനുള്ളത്. ഈ നിയമം നിലവിൽ വന്നാൽ പൊലീസ് അവരുടെ പരിധിവിട്ട് പെരുമാറും എന്നും അത് പൊതുജനഹിതത്തിന് എതിരാണ് എന്നും പറഞ്ഞുകൊണ്ടാണ് ഞങ്ങൾ പ്രതിഷേധിച്ചത്. അതേ ഞങ്ങൾക്ക് നേരെ പൊലീസുകാരെ കയറൂരി വിട്ടുകൊണ്ട് ഏറെക്കുറെ ഞങ്ങളുടെ വാദം ശരിവെക്കുകയാണ് അവർ ഇപ്പോൾ ചെയ്തിട്ടുള്ളത്" തേജസ്വി പറഞ്ഞു. 

 

നിയമസഭയ്ക്ക് അകത്ത് സംഘർഷം നടക്കുന്നതിനു മുമ്പുതന്നെ മാർച്ച് 23 -ന് ഏതാണ്ട് ഉച്ചയോടെ പൊലീസും ആർജെഡി പ്രവർത്തകരും തമ്മിൽ തെരുവിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഈ പുതിയ പൊലീസ് നിയമത്തിനു പുറമെ, വിലക്കയറ്റം, തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങളിലുള്ള വർദ്ധനവ്, അഴിമതി എന്നിവ ചൂണ്ടിക്കാണിച്ച്, വലിയൊരു റാലി തന്നെ നടത്താനും, നിയമസഭ വളയാനും പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു. ഈ മാർച്ചിന് ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു എങ്കിലും, തേജസ്വി യാദവ് തന്റെ അണികൾക്കൊപ്പം ജാഥ തുടങ്ങിയിരുന്നു. ഇവരെ പൊലീസ് തടഞ്ഞതാണ് സംഘർഷങ്ങളുടെ തുടക്കം. പൊലീസ് ജലപീരങ്കിയും മറ്റും പ്രയോഗിച്ചു എങ്കിലും, സമരക്കാർ പ്രക്ഷോഭങ്ങൾ തുടർന്നു. ഇരുഭാഗത്തും നിന്നും തുടർന്ന് ശക്തമായ കല്ലേറ് നടന്നു. പ്രതിഷേധക്കാരെ പൊലീസ് ഓടിച്ചിട്ട് ലാത്തിച്ചാർജ് ചെയ്തു. തേജസ്വി യാദവും, തേജ് പ്രതാപ് സിങ്ങും ഒക്കെ റാലിയിൽ നിൽക്കെ ആണ് ഇത്ര വ്യാപകമായ തോതിൽ അവിടെ അക്രമങ്ങളും പൊലീസ് ആക്ഷനും ഒക്കെ നടന്നത്. 
 

പുറത്ത് നേതാക്കൾ റാലി നയിച്ചുകൊണ്ടിരുന്ന നേരത്ത് സഭയ്ക്കകത്ത്  ആർജെഡി എംഎൽഎമാർ കാര്യമായ പ്രതിഷേധങ്ങളിൽ ഏർപ്പെടുകയായിരുന്നു. ഈ ബഹളങ്ങൾ നിയമസഭയുടെ കാര്യപരിപാടികൾ ഇടയ്ക്കിടെ തടസ്സപ്പെടാൻ കാരണമായി. ബഹളം വെച്ചുകൊണ്ട് സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ വരെ എത്തി. സ്പീക്കറുടെ കയ്യിൽ നിന്ന് ബില്ലിന്റെ പകർപ്പ് വാങ്ങി പ്രതിപക്ഷം നെടുകെ കീറി സഭാതലത്തിൽ വിതറി. ഇത്രയും പ്രതിഷേധം പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടും അത് വകവെക്കാതെ ഭരണപക്ഷം പ്രസ്തുത ബിൽ പാസ്സാക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴേക്കും പ്രതിപക്ഷം സ്പീക്കറുടെ നടപടികൾ തടസപ്പെടുത്തികൊണ്ട് ധർണ തുടങ്ങി. 

തുടർന്ന് സ്പീക്കർ സഭയ്ക്കുള്ളിലേക്ക് പൊലീസിനെ വിളിച്ചു വരുത്തുന്നു. വന്ന സംഘത്തിൽ  പട്‌ന എസ്പിയും ഡിഎമ്മും ഉണ്ടായിരുന്നു. സഭയ്ക്കുള്ളിൽ പൊലീസ് സാന്നിധ്യം കണ്ടതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇരട്ടിച്ചു. ഒടുവിൽ ഈ പ്രതിഷേധങ്ങൾ സംഘർഷത്തിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ബലപ്രയോഗത്തിലും ആണ് ചെന്നവസാനിച്ചത്. തുടർന്നാണ് ഇരു പക്ഷത്തുനിന്നും കായികമായ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഉടലെടുത്തത്. 

ഈ അനിഷ്ട സംഭവങ്ങളെത്തുടർന്ന് സഭ വീണ്ടും സമ്മേളിച്ചപ്പോൾ, പ്രതിപക്ഷം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി എങ്കിലും, പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ തന്നെ 'ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ' പാസ്സാക്കപ്പെടുകയും ചെയ്തു. 

click me!