ആ മഴ ഇനിയും തോര്‍ന്നിട്ടില്ല റീന പി ടി എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

എന്റെ മഴയോര്‍മ്മയിലൂടെ ഒഴുകിനടക്കുന്നത് വെളുത്ത നിറത്തില്‍ നീലവള്ളികളുള്ള പാരഗണ്‍ ചെരുപ്പാണ്. കൂട്ടുനഷ്ടപ്പെട്ട ഒറ്റച്ചെരുപ്പ് ഏതാണ്ടൊരു വര്‍ഷത്തോളം തന്റെയിണ എന്നെങ്കിലും തിരിച്ചു വരുമെന്ന കണക്കു കൂട്ടലില്‍ തൊഴുത്തിലെ ഉത്തരത്തിനടിയില്‍ അതു കാത്തിരുന്നിരുന്നു. 

ഞാനന്ന് അഞ്ചാംക്ലാസില്‍ പഠിക്കുന്നു. പാടവും തോടുകളും വെള്ളത്തില്‍ മുങ്ങി നില്‍ക്കുകയാണ്. വീടിനടുത്തുള്ള ചേട്ടന്മാര്‍ മഴവെള്ളം തെറിപ്പിച്ച് കളിച്ചുല്ലസിക്കുന്നതു കണ്ടപ്പോള്‍ അച്ഛന്‍ തലേന്നു വാങ്ങിത്തന്ന പുതിയ ചെരുപ്പുമിട്ട് പതുക്കെ പുറത്തേയ്ക്കിറങ്ങി. പുതിയ ചെരുപ്പ് മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഒന്ന് വലുതാവുകയെന്ന ഗൂഢലക്ഷ്യം കൂടി മനസ്സിലുണ്ടായിരുന്നുവെന്നത് രഹസ്യം. അങ്ങനെ വെളുവെളുത്ത ചെരുപ്പിനേക്കാള്‍ വെളുക്കെച്ചിരിച്ച് തെല്ലൊരഹങ്കാരത്തോടെ ചേട്ടന്മാരുടെ കൂടെ ഞാനും കൂടി മഴവെള്ളം തട്ടിത്തെറിപ്പിച്ചും ബഹളം കൂട്ടിയും അവരോടൊപ്പം ചേര്‍ന്നു. കളിച്ചു തിമര്‍ക്കുന്നതിനിടയില്‍ എന്റെ കാഞ്ഞ ബുദ്ധിയിലൊരാശയമുദിച്ചു. നമുക്ക് തോട്ടിനപ്പുറത്തുള്ള പാടത്തേക്കു പോയാലോ? കുളത്തില്‍ നിന്ന് മീനുകള്‍ പാടത്തേക്കു കയറിക്കാണും. നമുക്ക് മീന്‍ പിടിക്കാന്‍ പോയാലോ?'

കേള്‍ക്കേണ്ട താമസം, കുട്ടിപ്പട്ടാളം റെഡി.

കൂട്ടത്തില്‍ കുസൃതിയും പ്രായത്തിലിളയവളുമായ എനിക്കു ചേട്ടന്മാരനുവദിച്ചുതന്ന വാത്സല്യം മുതലാക്കുന്നതില്‍ പിശുക്കു കാട്ടാത്ത എന്റെ അതിബുദ്ധിയില്‍ രണ്ടു കാര്യങ്ങളാണ് തെളിഞ്ഞത്. ഒന്ന് വീടിനു മുമ്പിലെ പാടത്തുള്ള കളി അമ്മയുടേയോ അച്ഛന്റേയോ കണ്ണില്‍പ്പൊട്ടാലൊരു പക്ഷേ അവസാനിച്ചേക്കാം.
രണ്ട്. പാടത്തു നിന്ന് ചേട്ടന്മാര്‍ പിടിച്ചെടുക്കുന്ന മീനുമായ് വീട്ടില്‍ ചെന്നൊന്നു ഷൈന്‍ ചെയ്യാം.

അങ്ങനെ തോടും ചാടിക്കടന്ന് ആ പാടമൊരു യുദ്ധക്കളമാക്കി മീന്‍പിടുത്തം തകൃതിയായ് നടക്കുന്നതിനിടക്ക് മഴ കനത്തു പെയ്തുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ മെല്ലെ വീടുകളിലേക്കു തിരിച്ചു. ഏറ്റവും പിന്നിലായ് കൂട്ടത്തിലേക പെണ്‍തരിയായ ഞാനും. തോടു ചാടിക്കിടക്കുന്നതിനിടയില്‍ തലേന്നുമാത്രം വാങ്ങിയ ആ വെളുവെളുത്ത് നീലവള്ളികളുള്ള പുതിയ വള്ളിച്ചെരുപ്പ് കാലില്‍ നിന്നൂര്‍ന്ന് തോട്ടിലെ ശക്തമായ ഒഴുക്കിലൂടെ എന്നില്‍ നിന്നകന്നകന്നു പോകുന്നതു നോക്കിനില്‍ക്കാനേ എനിക്കായുള്ളൂ.

കാലില്‍ അവശേഷിച്ച ഒറ്റച്ചെരുപ്പുമായി, വീട്ടിലറിഞ്ഞാല്‍ കേള്‍ക്കാന്‍ സാധ്യതയുള്ള ചീത്തയും ഇട്ടു കൊതിതീരാത്ത ഒറ്റച്ചെരുപ്പുമായി ഇതികര്‍ത്തവ്യമൂഢയായ് നില്‍ക്കുന്ന ആ പത്തുവയസ്സുകാരിയുടെ സങ്കടത്തോളം വലിയൊരു മനോദുഃഖം ജീവിതത്തിലൊരിക്കല്‍പ്പോലും ഞാനനുഭവിച്ചിട്ടില്ല. ഇന്നുമെന്റെ മഴയോര്‍മ്മകളില്‍ ആ പാരഗണ്‍ ചെരുപ്പ് ഒരു നോവുപോലെ, വെളുവെളുത്ത നീലവള്ളിയുള്ള ചെരുപ്പ് ഗൃഹാതുരത്വസ്മരണയായെന്റെ മഴയോര്‍മ്മകളില്‍ നിറഞ്ഞു നില്ക്കുന്നു.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും​