മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

By മാഹിറ മജീദ്First Published Jul 5, 2018, 11:02 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • മാഹിറ മജീദ് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.



പെയ്തിട്ടും പെയ്തിട്ടും തോരാതെ ഒന്നിനു പിറകെ ഒന്നൊന്നായി ആര്‍ത്തലച്ചു പെയ്യുന്ന മഴയ്ക്ക് ഇപ്പോഴും അവളുടെ അതേ ഗന്ധമാണ്. അവളുടെ അതേ നിറമാണ്. 

20 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇടവിടാതെ നിലം പതിക്കുന്ന ഓരോ മഴ നൂലിലും  പ്രതിഫലിക്കുന്നത്, പുത്തന്‍ മണം വിട്ട് മാറാത്ത പുള്ളിക്കുട ചൂടി, നാളെ കാണാം എന്നും പറഞ്ഞ്  യാത്ര പറഞ്ഞു പോയ, ആ രണ്ടാം ക്ലാസ്സുകാരിയുടെ ഛായയാണ്...

അന്ന് പതിവില്ലാത്ത വിധം മഴയായിരുന്നു. തൊട്ട് മുന്നിലുള്ള കാഴ്ചകള്‍ വരെ അവ്യക്തമാക്കി കോരിച്ചൊരിയുന്ന മഴ. തലേന്ന് രാത്രി മുതല്‍ പെയ്‌തൊഴിയാതെ മേഘങ്ങള്‍ ഉരുണ്ടു കൂടിത്തുടങ്ങിയതാണ്.

വീട്ടില്‍  നിന്നും ഒരു കിലോമീറ്ററോളം നടന്നു സ്‌കൂളില്‍ എത്തിയപ്പോഴേക്കും അരക്കു മുകളില്‍ വരെ നനഞ്ഞു കുതിര്‍ന്നിരുന്നു. സ്‌കൂള്‍ തുറന്നിട്ട് ആകെ മൂന്നു ദിവസമേ ആയിട്ടുള്ളൂ. സ്‌കൂളില്‍ എത്തിയ പാടെ നോക്കിയത് തലേന്ന് ഇത്താത്ത ഭംഗിയായി പൊതിഞ്ഞു തന്ന പുതിയ ബുക്കുകളില്‍ നനവ് പടര്‍ന്നിട്ടുണ്ടോ എന്നാണ്. 

എന്റെ അതെ അവസ്ഥയില്‍ നനഞ്ഞൊലിച്ച്  കയറി വന്ന നജുവിന്റെ സങ്കടം പുതിയ കുട കാറ്റില്‍ ആടി ഉലഞ്ഞതാണ്. എല്ലാവരുടെയും കുടകള്‍ മാറ്റി ഏറ്റവും സുരക്ഷിതമായ സ്ഥാനം തന്നെ അവളുടെ പുത്തന്‍ കുടക്ക് വേണ്ടി അവള്‍ തിരഞ്ഞു പിടിച്ചു.

ഒന്നാം ക്ലാസ്സിലെ കുട തന്നെ മതി രണ്ടാം ക്ലാസ്സിലേക്കും എന്ന് പറഞ്ഞതായിരുന്നു ഉമ്മ. പറ്റില്ല എനിക്ക് പുതിയത് തന്നെ വേണമെന്ന് വാശി പിടിച്ചപ്പോള്‍ ഇല്ലാത്ത പൈസയുണ്ടാക്കിയാണ് ഉപ്പയിത് വാങ്ങിത്തന്നതെന്നവള്‍  സങ്കടം പറഞ്ഞു. അതിനവള്‍ കാരണം പറഞ്ഞത് എന്റെ കയ്യിലുള്ള ഏ സിയുള്ള പോപ്പിക്കുടയായിരുന്നു... നിന്‍േറത് കണ്ടത് മുതല്‍ വല്ലാത്ത ആഗ്രഹമായിരുന്നു ഇതുപോലെ ഒന്നിനു വേണ്ടി എന്ന് പറഞ്ഞവള്‍ ചിരിച്ചു.

നനഞ്ഞൊട്ടിയ പാവാടയുടെ കുളിരില്‍ വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നു. സാലു ടീച്ചര്‍ ബുക്കെടുക്കാന്‍  പറഞ്ഞതൊന്നും മഴയുടെ രാഗത്തിനിടയില്‍ കേട്ടതേയില്ല..

'ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതെന്താടോ....

പാറപ്പുറത്തെ പങ്ങുണ്ണി പല്ലു തേക്കാത്ത കാരണം....'

ടീച്ചര്‍ ഈണത്തില്‍ പാടിയപ്പോഴാണ് നജുവത് പറഞ്ഞത്.

'അല്ല ബുക്കേ നീ ഇതൊന്നും കാണുന്നില്ലേ, പുറത്തു മഴ പെയ്യണതും തണുത്ത് വിറയ്ക്കുന്നതും?'

ഞാന്‍ ടീച്ചറോട് അതേറ്റുപറയുമ്പോള്‍ ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നിരുന്നു.

അന്ന് അവള്‍ പുതിയ കുട നനക്കുന്നതും മടിച്ചു ബാത്ത് റൂമിലേക്കും  ഉച്ചക്കഞ്ഞിക്ക് വരി നിന്നതും മഴ നനഞ്ഞു കൊണ്ടായിരുന്നു. നിന്റെ കുട എന്താ സ്വര്‍ണ്ണമൊന്നുമല്ലല്ലോ എന്നായിരുന്നു എന്റെ പക്ഷം. അത്‌കൊണ്ട് തന്നെ ഞാന്‍ എന്റെ കുടയിലും  നിര്‍ത്തിയില്ല.

ലാസ്റ്റ് പീരീഡ് ബെല്ലടിക്കാന്‍ നേരം അവള്‍ പറഞ്ഞു, മഴയ്ക്ക് ഒരു ശമനവുമില്ല, ചാറ്റല്‍ മഴയില്‍ പുള്ളിക്കുട ചൂടിപ്പോകാനാണെനിക്ക് ഇഷ്ടം.

പക്ഷെ സ്‌കൂള്‍ വിട്ടപ്പോള്‍ മഴയുടെ ശക്തി കൂടിയതല്ലാതെ കുറഞ്ഞിരുന്നില്ല. ബെല്ലടിച്ചു കൂട്ടം കൂട്ടമായി പോകുന്ന കുട്ടികള്‍ക്ക് ആര്‍ത്തു വിളിച്ചു മാര്‍ഗ നിര്‍ദേശം നല്‍കുന്ന അധ്യാപകര്‍. അന്നൊന്നും ഇന്നത്തെ പോലെ സ്‌കൂള്‍ ബസ് സൗകര്യമൊന്നുമില്ലല്ലോ. എത്ര ദൂരെ നിന്നായാലും എല്ലാവരും കാല്‍നടയായിട്ടായിരുന്നു സ്‌കൂളിലേക്ക് വന്നിരുന്നതും പോയിരുന്നതും.

റോഡിന്റെ രണ്ടു വശവും ചേര്‍ന്ന് വരി വരിയായിപ്പോകാന്‍ വീണ്ടും വീണ്ടും നാരായണന്‍ മാഷ് വിളിച്ചു പറയുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ലക്ഷ്യ സ്ഥാനം തേടി പായുന്ന കുരുന്നു കൂട്ടം.മഴയുടെ ശക്തിയെ ഭയന്നു  ചിലരെയൊക്കെ കൂട്ടിക്കൊണ്ടു പോകാന്‍ അമ്മമാര്‍ എത്തിയിരുന്നു. ഇത്തയുടെ കൈ പിടിച്ചു സ്‌കൂളിന്റെ ഗേറ്റ് കടന്നു  റോഡ് മുറിച്ചു കടക്കാന്‍ നേരം നജു ഒരിക്കല്‍ കൂടി ആ പുള്ളിക്കുടയെ കുറിച്ച് വേവലാതിപ്പെട്ടു.

പെട്ടന്നൊരു ശക്തമായ ശബ്ദവും കൂട്ട നിലവിളിയും.

നാളെക്കാണാം എന്നും പറഞ്ഞു യാത്ര പറഞ്ഞ് അവള്‍ തിരിഞ്ഞ് നടക്കുമ്പോള്‍ ഞാന്‍ അവളെയും അവളുടെ പുള്ളിക്കുട ചൂടിയുള്ള നടത്തവും കുറച്ചു നേരം കൂടി  അങ്ങനെ നോക്കി നിന്നു.

ഒന്ന് വേഗം നടക്കെന്ന് പറഞ്ഞ് ഇത്ത ശാസിച്ചപ്പോഴാണ് തിരിഞ്ഞ് നടന്നത്....

രണ്ട് മൂന്നടി  നടന്നിട്ടെയുള്ളൂ.

പെട്ടന്നൊരു ശക്തമായ ശബ്ദവും കൂട്ട നിലവിളിയും. എന്താണെന്നോ ഏതാണെന്നോ മനസ്സിലാവാതെ നിശ്ചലമായി നില്‍ക്കുമ്പോള്‍ കുറച്ചപ്പുറത്ത് അനാഥമായിക്കിടക്കുന്ന എന്റെ നജുവിന്റെ പുള്ളിക്കുട!

ഹൃദയ മിടിപ്പ് നിലച്ചു പോയ നിമിഷങ്ങള്‍.

സംഭവ സ്ഥലത്തേക്ക് ആളുകള്‍ ഓടിയടുക്കുന്നു. മഴ നില്ക്കാതെ തിമിര്‍ത്തു പെയ്യുന്നു. 

ഒന്നും വ്യക്തമാകുന്നില്ല. ഇടറിയ കാലടികളോടെ ഞാനും അങ്ങോട്ട് നടന്നടുത്തു,  എന്റെ നജുവിന് ഒന്നും സംഭവിക്കരുതെന്ന ഹൃദയം പൊട്ടിയുള്ള പ്രാര്‍ത്ഥനകളുമായി.

വട്ടം കൂടിയിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ഞാന്‍ നുഴഞ്ഞു കയറി. ഒരു നോട്ടമേ നോക്കിയുള്ളൂ.. തകര്‍ന്നു കിടക്കുന്നൊരു  ഓട്ടോറിക്ഷയുടെ മുന്നില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നൊരു രൂപം. ആരൊക്കെയോ നജുവിന്റെ പേര് വിളിച്ചു നിലവിളിക്കുന്നു.
 
റോഡിന്റെ ഇരു സൈഡിലുമായി നിര നിരയായി ബ്രേക്കിട്ട വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടി ശബ്ദം.

പൂര്‍വ്വാധികം ശക്തിയോടെ ആര്‍ത്തിരമ്പുന്ന മഴയുടെ നടുക്കം. എല്ലാം കൂടി ഒരു ഏഴു വയസ്സുകാരിയുടെ കാഴ്ചക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ആരൊക്കെയോ ചേര്‍ന്ന് അവളെയും വഹിച്ചു ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കുതിച്ചു.

ഹൃദയ സ്പന്ദനം നിലച്ച് വീട്ടിലെത്തിയപ്പോഴേക്കും ഒരു നാടൊന്നടക്കം ശോകമൂകമായിരുന്നു. ആര്‍ത്തലച്ച ആ മഴയുടെ താളത്തിനൊപ്പം ആ ഹൃദയ താളവും നിലച്ചിരുന്നു.

പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികള്‍. ഊണില്ലാത്ത പകലുകള്‍. തുറന്നാലും അടച്ചാലും മിഴികളിലൂടെ മിന്നി മറയുന്നത് ആ ഉള്ളം പിടക്കുന്ന രംഗം. എന്റെ നജുവിന്റെ പച്ച രക്തത്തിന്റെ ഗന്ധം. എന്റെ കുഞ്ഞു മനസ്സ് ആ ദുരന്തത്തോട് പൊരുത്തപ്പെടാന്‍ പിന്നെയും ഒരുപാട് കാലമെടുത്തു....

അതിനു ശേഷം ഒരു മഴയെയും ഞാന്‍ പ്രണയിച്ചിട്ടില്ല. ഒരു മഴയെയും ആസ്വദിച്ചിട്ടില്ല. എന്റെ കളിക്കൂട്ടുകാരിയെ കവര്‍ന്ന മഴയോട് കൂട്ട് കൂടിയിട്ടില്ല. കിന്നാരം പറഞ്ഞിട്ടില്ല.

20 വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ മഴക്കാലവും ഹൃദയം പൊട്ടി ഒലിക്കുന്ന ചുടുനിണങ്ങളുടെ സ്പര്‍ശമാണ് എനിക്ക് സമ്മാനിക്കുന്നത്.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

click me!