Asianet News MalayalamAsianet News Malayalam

മഴ എന്നാല്‍ ഉമ്മ തന്നെ!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ശംഷാദ് എം ടി കെ എഴുതുന്നു
Rain notes Shamshad MTK
Author
First Published Jul 3, 2018, 5:21 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

Rain notes Shamshad MTK

മഴ നനഞ്ഞതാണ്. ഇടവപ്പാതിയിലെ ഇടമുറിയാത്ത മഴ! 

കാലത്തെ ഉറക്കച്ചടവോടെ രണ്ടിനേം എടുത്ത് ബ്രഷില്‍ പേസ്റ്റ് തേച്ച്  കയ്യില്‍ തന്ന് അടുക്കളയിലേക്ക് ഓടിയതായിരുന്നു ഉമ്മ. ഇന്നും ട്രൗസറില്‍ മുള്ളിയതിനുള്ള ഉമ്മയുടെ പതിവ് പിറുപിറുക്കലിന് ചെവി കൊടുക്കാന്‍ നിന്നില്ല.

പെങ്ങളെ കോക്രി കാട്ടിയുള്ള പല്ല് തേപ്പിനിടയില്‍ കുളിമുറിയിലെ ജനാലയിലൂടെ മഴച്ചില്ല് തെറിച്ചപ്പോഴാണ് പുറത്തേക്ക് ശ്രദ്ധിച്ചത്. ഇന്നും നല്ല മഴ തന്നെ!

പെരുവിരലിലൂന്നി കിണറ്റിലേക്കൊന്ന് ഏന്തി വലിഞ്ഞ് നോക്കി. കിണറ്റിന്‍ കരയിലെ തെങ്ങില്‍ നിന്നും വീണ ഒരു തൊണ്ട് വെള്ളത്തിലങ്ങനെ നീന്തി കളിക്കുന്നു.. തെങ്ങോലയില്‍ നിന്ന് കിണറ്റിലേക്ക് ഇറ്റിറ്റ് വീഴുന്ന മഴനൂലുകള്‍ കാണാന്‍ നല്ല ചേല്. 

തുള്ളി മുറിയാതെ പെയ്യുന്നത് കണ്ടപ്പോള്‍ ഉമ്മയുടെ കണ്ണ് വെട്ടിച്ച് മുറ്റത്തേക്കിറങ്ങി. തണുത്ത മഴയില്‍ നനയുമ്പോള്‍ മനസ്സിലും നിറയുന്ന മഴത്തണുപ്പ്. മണ്ണിന്റെ മണം അറിഞ്ഞൊന്നാസ്വദിച്ച് മൂക്കിലൂടെ വലിച്ച് കേറ്റി. ഹാ! നല്ല രസം.

'തോട്ടിലെ കണ്ണിക്കുറിയനെ കാണാന്‍ പോരുന്നോ?'

മഴയത്ത്  നനഞ്ഞകോഴി പോലേ നില്‍ക്കുന്ന എന്നെ വാ പൊളിച്ച് നോക്കുന്ന പെങ്ങളൂട്ടിയോട് ചോദിച്ച നിമിഷം കുഞ്ഞുചെരിപ്പുമിട്ട് അവള്‍ വാല് പോലേ പിന്നാലേ കൂടി. നേരെ പറമ്പിലെ കൈത്തോട്ടിന്‍ കരയിലേക്ക്.

പാതി കലങ്ങിയ വെള്ളത്തില്‍ വാലാട്ടിക്കളിക്കുന്ന രണ്ട് കണ്ണിക്കുറിയന് നേരേയവള്‍ വിരല്‍ ചൂണ്ടിയതും കിട്ടിയ കല്ലെടുത്ത് ഒറ്റക്കണ്ണില്‍ ഉന്നം പിടിച്ച് ഒരേറ്.. രണ്ടാമത്തെ ഏറിനായി കല്ല് തപ്പിയ എന്റെ കയ്യില്‍ തടഞ്ഞത് പെങ്ങളൂട്ടിയുടെ ചെരിപ്പ്. വലിച്ചൂരി കണ്ണിക്കുറിയന്റെ വെള്ളപ്പൊട്ട് നോക്കി ഒരേറ്. കൃത്യം! മീന്‍ അതിന്റെ പാട്ടിന് പോയി!

ഒരു ചെരിപ്പ് കൊണ്ട് ഒറ്റക്കാലില്‍ തിത്തെയ് കളിക്കുന്നവള്‍ കൈത്തോട്ടില്‍ വട്ടം ചുറ്റിക്കറങ്ങുന്ന ചെരിപ്പിനെ നോക്കി ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ വാശിയായി..  ഒന്നില്‍ പിഴച്ചാല്‍ മൂന്ന്. മൂന്നാം തവണ ഇമ്മിണി വലിയ കല്ലിന് പരതിയൊന്ന് തിരിഞ്ഞ് നിന്നതും മുന്നില്‍ ചൂലും പിടിച്ചെന്നെ തുറിച്ച് നോക്കുന്ന ഉമ്മ!

എന്തിനും തയ്യാറായുള്ള ഉമ്മയുടെ നില്‍പ്പിലുള്ള പന്തികേട് മണത്തതും 'മ്മാ... ന്റെ ചെരിപ്പ്'  എന്നും വിക്കി വിക്കി തോട്ടിലേക്ക് ചൂണ്ടി പെണ്ണ് കാറാന്‍ തുടങ്ങി. സീന്‍ അത്ര കണ്ട് വെടിപ്പല്ലെന്ന് മനസ്സിലായതും കള്ളക്കരച്ചിലില്‍ കണ്ണ് നിറക്കാന്‍ പാടു പെടുന്ന രണ്ടിനേം ചെവിക്ക് തൂക്കി ഉമ്മ കുളിമുറിയിലേക്ക് പോന്നു.

മഴ കൊണ്ടതിന് പിറുപിറുക്കുന്ന ഉമ്മയുടെ മുന്നില്‍ കുപ്പായക്കുടുക്കഴിച്ച് അനുസരണയോടെ നിന്ന് കൊടുത്തു. കാച്ചിയ എണ്ണ തലയില്‍ പൊത്തി സോപ്പ് തേപ്പിച്ച് ചൂട് വെള്ളത്തിലൊരു കുളി. തല തുവര്‍ത്തിത്തന്ന് കുട്ടിക്കൂറയില്‍ പൊതിഞ്ഞ് പുത്തനുടുപ്പിടീച്ച് കണ്ണാടിക്ക് മുന്നില്‍ വെച്ചപ്പോള്‍ രണ്ടിനും പതിനാലാം രാവിന്റെ മൊഞ്ച്! 

ഉച്ച തിരിയുമ്പോഴേക്കും തുമ്മലും ചീറ്റലും മുക്കീന്നൊലിക്കലിനുമൊപ്പം ചെറിയ പനിക്കോള് കൂടി കണ്ടപ്പോള്‍ രണ്ടിനേം എടുത്ത് ഓടിയതാണിവിടേക്ക്. 

ഓര്‍മ്മ വെച്ചത് മുതല്‍ അറിഞ്ഞൊന്ന് ആഞ്ഞ് തുമ്മിപ്പോയാല്‍ രണ്ടിനേം എടുത്ത് ഓടിയെത്തുന്നത് ഇങ്ങോട്ടാണ്. ആരോടും ചിരിക്കാത്ത ഗൗരവം നിറച്ച മുഖമുള്ള മുഹമ്മദ് ഡോക്ടര്‍.

മൂക്കത്ത് വെച്ച കണ്ണട നേരെയാക്കി മുഖമൊന്നുയര്‍ത്തി മൂപ്പരെന്നെയൊന്ന് നോക്കി. വലത് കൈത്തണ്ടയില്‍ പിടിച്ച് കണ്ണൊന്ന് ചൂണ്ടി നോക്കിയെന്റെ നെഞ്ചിടിപ്പ് അളന്നെടുക്കുമ്പോള്‍ ഗൗരവം വിടാതെ ഉമ്മയോട് പറഞ്ഞു. 'ഉള്ളില്‍ പനിയുണ്ട്'.

'അര വീതം മൂന്ന് നേരം. രണ്ട് പേര്‍ക്കും കൊടുക്കണം..പിന്നെ ഈ സിറപ്പും'.. കുറിപ്പടിയിലെ കുത്തിവരക്കിടയിലും മൂപ്പര് ഗൗരവം വിടുന്ന മട്ടില്ല. എന്തോ പറയാനൊരുങ്ങിയ ഉമ്മയെ നോക്കി ഡോക്ടറെന്റെ പുറത്ത് തട്ടി പറഞ്ഞു.

'അവള്‍ക്ക് പനി തുടങ്ങുമ്പോള്‍ കൊടുത്താല്‍ മതി.' അതാണ് കണക്ക്. പത്തു മാസം ചുമന്ന് പെറ്റ വയറിന്റെ പാതി വരെ പങ്കിട്ടെടുക്കാന്‍ പഠിച്ചത് മുതലുള്ള കണക്ക് . എന്തും പങ്ക് വെച്ച് കളയും. അതിപ്പോ പനിയായാലും!

തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും പനിച്ചൂടെന്നെ തളര്‍ത്തിയിരുന്നു.. കുറിപ്പടിയില്‍ കുറിച്ച് തന്ന മരുന്നിന് ഒന്നാന്തരം കാഞ്ഞിരത്തിന്റെ കയ്പ്പ് രുചി. കയ്ച്ചിട്ട് ഓക്കാനം വന്നതും ഉമ്മ വാ പൊത്തി. ഇഞ്ചി കടിച്ച കുരങ്ങനെ പോലേയിരിക്കുന്ന എന്നേ നോക്കി പെങ്ങള്‍ പല്ലിളിച്ച് ചിരിക്കുന്നു.

നേരമിരുട്ടുന്നതിനുമെപ്പെഴോ മുമ്പേ തളര്‍ന്നുറങ്ങിപ്പോയ എന്റെ നെറ്റിയിലൊരു തണുപ്പ് തട്ടിയപ്പോഴാണ് ബോധം വന്നത്. ഒരു കയ്യില്‍ കഞ്ഞിയും പിടിച്ച് ഉമ്മയെന്നെ താങ്ങി ഇരുത്തി. ചുട്ട പപ്പടം കൂട്ടിയുളള കഞ്ഞി കുടിക്കിടയില്‍ തൊട്ടരികത്ത് ചുരുണ്ട് കൂടിക്കിടക്കുന്ന പെങ്ങളൂട്ടിയുടെ ഉള്ളം കയ്യിലൊരു നുള്ള് വെച്ച് കൊടുത്തു.. ഇത്തിരി മുമ്പ് വരെ എന്നെ കൊഞ്ഞനം കുത്തിയവളുടെ മുഖത്തുള്ള വാട്ടം കണ്ടപ്പോള്‍ മനസ്സിനെന്തോ ഒരു... കുരുത്തക്കേടിലും കൂടപ്പിറപ്പിന്റെ മുഖമൊന്ന് വാടുമ്പോള്‍ ഉള്ളിലൊരു നീറ്റല്‍. പനിക്കോളാണ്, എന്റെ പകര്‍ന്നതാവും. പാവം! 

പകലന്തിയോളം ഇടമുറിയാതെ പെയ്യുന്ന മഴ ആരോടോ പക പോക്കാനെന്ന പോലേ ഇപ്പോഴും പേര്‍ത്തും പേര്‍ത്തും പെയ്യുന്നുണ്ട്. മഴത്തണുപ്പേറ്റ് പാതിയുറക്കത്തില്‍ ഞരങ്ങുന്ന രണ്ടിനേം ഇടവും വലവും ചേര്‍ത്തണച്ച് ഉമ്മ ഈണത്തില്‍ ചൊല്ലാന്‍ തുടങ്ങി..,

'ഹസ്ബീ റബ്ബീ ജല്ലള്ളാഹ്... '

പനിപ്പുതപ്പിനുള്ളില്‍ ഒന്നൂടെ ചുരുണ്ട് കാല്‍ച്ചോട്ടിലൊളിപ്പിച്ച സ്വര്‍ഗ്ഗത്തിലെ കടലോളം സ്‌നേഹം ആവോളം നുകര്‍ന്ന് ഉമ്മയുടെ ഓരം പറ്റിക്കിടക്കുമ്പോള്‍  പൊള്ളുന്ന പനിച്ചൂട് പതിയെ അലിഞ്ഞില്ലാതാവുന്നതറിഞ്ഞ ഞാന്‍ പാതിയുറക്കില്‍ മനസ്സില്‍ കണക്ക് കൂട്ടാന്‍ തുടങ്ങി.,

'ഇനി ഉപ്പ വിളിക്കുമ്പോള്‍ രണ്ട് പുള്ളിക്കുടക്ക് കൂടി പറയണം. നേരമൊന്ന് വെളുത്തോട്ടേ! നാളെ പെങ്ങളൂട്ടിയേം കൂട്ടി ഒന്നൂടെ മഴ നനയണം.. 
ദാ., ഇത് പോലേ'...

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!
 

Follow Us:
Download App:
  • android
  • ios