ഉപഭോക്താക്കൾക്കായി ടയറുകളുടെ വാറണ്ടി കാലാവധി കൂട്ടി നൽകി പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് ടയേഴ്‍സ്. ലോക്ക്‌ഡോൺ മൂലം ഉപഭോക്താക്കൾക്ക് വാഹനം ഉപയോഗിക്കാൻ സാധിക്കാതിരുന്നതിനാൽ ആണ് ഇത്തരമൊരു ഓഫർ കമ്പനി നൽകുന്നത്.

മാർച്ച് ഒന്നിനും മെയ് 31 നും ഇടയിൽ കാലാവധി കഴിയുന്ന ടയറുകൾക്കാണ് മൂന്ന് മാസത്തെ കാലാവധി കൂടുതൽ നൽകുന്നത്. ടയർ നിർമ്മിച്ച ആഴ്ചയും വർഷവും ടയറിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും,  ഇത് അനുസരിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ ടയർ വാറണ്ടി കഴിഞ്ഞോ ഇല്ലയോ എന്ന് ഉറപ്പുവരുത്താൻ ആകും. ഈ കാലയളവിൽ കാലാവധി തീരുന്ന സിയറ്റിന്റെ എല്ലാ ശ്രേണിയിൽപെട്ട വാഹന ടയറുകൾക്കും ഈ ഓഫർ ബാധകമാണ്.

'ഉപഭോക്താക്കളുടെ സുരക്ഷാ ഞങ്ങളുടെ അവകാശമാണ്. കമ്പനി സർക്കാർ അനുശാസിക്കുന്ന എല്ലാവിധ ശുചിത്വ നിയമങ്ങളും പാലിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്ന വാറണ്ടി മുഴുവനായി ലഭിക്കുന്നുണ്ടെന്നു  ഞങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതുണ്ട് 'എന്ന് സിയറ്റ്  കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അർണബ് ബാനർജി വ്യക്തമാക്കി.