വിവിധ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അമൃത വിശ്വവിദ്യാപീഠം അമൃത എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (എഇഇഇ) നടത്തും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അമൃതപുരി (കൊല്ലം), കോയമ്പത്തൂർ, ബാംഗ്ലൂർ, ചെന്നൈ എന്നുവിടങ്ങളിലെ എഞ്ചിനീയറിംഗ് ക്യാമ്പസുകളിലേക്കുള്ള  പ്രവേശനം നടപ്പിലാക്കുക. റിമോട്ട് പ്രോക്റ്റേഡ് മോഡിലാകും പരീക്ഷ നടത്തുക. അതിനാൽ, വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നു തന്നെ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയും. പ്രവേശന പരീക്ഷയുടെയും പ്ലസ് ടു മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും സർവ്വകലാശാല റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ജെഇഇ മെയിൻസ് 2020 (ജനുവരി സെഷൻ) സ്കോർ അടിസ്ഥാനമാക്കി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് നിശ്ചിത ശതമാനം സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. 2019, 2020 വർഷങ്ങളിൽ സാറ്റിൽ പങ്കെടുത്തവർക്കും അപേക്ഷിക്കാം.

അഡ്മിഷൻ ഓഫീസും കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠവും ടെലിഗ്രാം ചാനൽ വഴി എല്ലാ ആഴ്ചയും ചാറ്റ് സെഷനുകളിലൂടെയും വെബിനാറുകളിലൂടെയും  അപേക്ഷകരുമായി ബന്ധപെടുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകളിലൂടെ അപേക്ഷകർക്കും രക്ഷിതാക്കൾക്കും അമൃതയിലെ അഡ്മിഷൻ കൗൺസിലർമാരുമായും ബന്ധപ്പെടാവുന്നതാണ്. പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ അഡ്മിഷൻ ഓഫീസ് നൽകും. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതുന്നതിനുവേണ്ട  എല്ലാ പിന്തുണയും ഉറപ്പാക്കുന്നതിന് പ്രവേശന കൗൺസിലർമാരെയും ഹെൽപ്പ്ലൈൻ നമ്പറുകളും സ്റ്റാഫുകളേയും സജ്ജമാക്കും. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ഒരു അപേക്ഷകന് പരീക്ഷയിൽ പങ്കെടുക്കാനോ വിജയകരമായി പൂർത്തിയാക്കാനോ കഴിയുന്നില്ലെങ്കിൽ മറ്റൊരു അവസരം നൽകാനും സർവ്വകലാശാല ശ്രമിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.ടെക് പ്രവേശന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: amrita.edu/btech