തിരുവനന്തപുരം: എടിഎം കാര്‍ഡ് കൊണ്ട് പണം പിന്‍വലിക്കുക മാത്രമാണ് ഉപയോഗമെന്ന് മനസ്സിലാക്കിയിട്ടുള്ളവരാണ് സമൂഹത്തില്‍ ഭൂരിഭാഗവും. ക്രഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്ന എത്ര പേരുണ്ട്. ഡിജിറ്റല്‍ വാലറ്റുകള്‍ എത്ര പേര്‍ പ്രയോജനപ്പെടുത്തുന്നു.ക്യാഷ് ലെസ് ഇന്ത്യ സ്വപ്നം കാണുന്ന സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.

90 ശതമാനം പേരും പണം പിന്‍വലിക്കാന്‍ മാത്രം എടിഎം കാര്‍ഡുപയോഗിക്കുന്ന സംവിധാനമാണ് നമ്മുടേത്. എടിഎമ്മില്‍ ചെന്ന് പണം എടുത്ത് അതേ പണം കടയില്‍ കൊടുത്ത് സാധനം വാങ്ങി മടങ്ങുന്നു.കാര്‍ഡ് സംവിധാനത്തില്‍ പ്രയോജനം ഒരുപാടുണ്ടെന്നിരിക്കെ എന്തു കൊണ്ട് നമുക്ക് മാറി ചിന്തിച്ചു കൂടാ. നമ്മുടെ കയ്യിലുള്ള എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇത്തരത്തില്‍ പണം ഇടപാട് നടത്തിയാല്‍ സൗകര്യങ്ങള്‍ ഏറെയാണ്. കറന്‍സി കൈകൊണ്ട് തൊടേണ്ട സാഹചര്യം വരുന്നില്ല. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം നേരേ വ്യാപാരിയുടെ അക്കൗണ്ടിലേക്ക്.ഉപഭോക്താവ് നല്‍കേണ്ടത് ബില്‍ തുക മാത്രം.

ഡിജിറ്റല്‍ വാലറ്റുകളാണ് ഉപഭോക്താവിന് ഏറെ പ്രയോജനപ്രദമായ മറ്റൊരു സംവിധാനം. നിരവധി വാലറ്റുകള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്.മൊബൈല്‍ ഫോണില്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. അതേസമയം പൂര്‍ണമായും ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നതിനുള്ള ഭൗതികസാഹചര്യങ്ങള്‍ രാജ്യത്ത് അപൂര്‍ണമാണ്. പിഒഎസ് മെഷീനുകളുടെയും, അത് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെയും എണ്ണം കുറവാണെന്നത് തന്നെ കാരണം.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപഭോഗത്തില്‍ കുതിച്ചുചാട്ടമെന്ന പറയുമ്പോഴും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അറിയാം വ്യത്യാസം.ഇങ്ങനെയൊക്കെ ആണെങ്കിലും സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടെന്നാണ് കണക്കാക്കുന്നത്.