കാര്‍ഡ് നേരിട്ട് ഉപയോഗിക്കാത്ത ഓണ്‍ലൈന്‍ അടക്കമുള്ള സി.എന്‍.പി ഇടപാടുകള്‍ക്കാണ് (Card Not Present) ഇപ്പോള്‍ ഒ.ടി.പി ഉപയോഗിക്കുന്നത്. ഇനി 2000 രൂപ വരെ കൈമാറാന്‍ ഇത് ആവശ്യമില്ല. എന്നാല്‍ എല്ലാവര്‍ക്കും ഇത് ബാധകമാക്കിയിട്ടുമില്ല. തങ്ങള്‍ക്ക് ഒ.ടി.പി ആവശ്യമില്ല എന്നുള്ള ഉടപാടുകള്‍ ഒരു തവണ കാര്‍ഡ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ കാര്‍ഡ് കൈകാര്യം ചെയ്യുന്ന കമ്പനി (വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ) നിങ്ങള്‍ക്ക് ഒരു പാസ്‍വേഡ് നല്‍കും. അടുത്ത തവണ മുതല്‍ ഇടപാട് നടത്തുമ്പോള്‍ നിങ്ങള്‍ നേരത്തെ സേവ് ചെയ്ത കാര്‍ഡ് വിവരങ്ങള്‍ ഒന്നാം ഘട്ട വെരിഫിക്കേഷനായും നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത പാസ്‍വേഡ് രണ്ടാം ഘട്ട വെരിഫിക്കേഷനായും ബാങ്ക് കണക്കാക്കും. ഇത്തരത്തില്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പഴയത് പോലെ തന്നെ ഒ.ടി.പി ഉപയോഗിച്ച് തന്നെയായിരിക്കും ഇടപാടുകള്‍ നടത്താനാവുന്നത്.

എന്നാല്‍ ഒരു ദിവസം ഇത്തരത്തിലുള്ള എത്ര ഇടപാടുകള്‍ അനുവദിക്കാം എന്നുള്ള കാര്യത്തില്‍ കാര്‍ഡ് നല്‍കുന്ന ബാങ്കിനോ കാര്‍ഡ് കൈകാര്യം ചെയ്യുന്ന ഏജന്‍സിക്കോ തീരുമാനമെടുക്കാം. ഒ.ടി.പി ഒഴിവാക്കിയത് കൊണ്ടുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ അതിനും ബാങ്കും ഏജന്‍സികളും ഉത്തരവാദികളായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2000 രൂപ എന്ന പരിധി കുറയ്ക്കാനും ബാങ്കുകള്‍ക്ക് അധികാരമുണ്ടാകും. ഒ.ടി.പി ഒഴിവാക്കാനുള്ള തീരുമാനം യൂബര്‍ അടക്കമുള്ള കമ്പനികള്‍ സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള തീരുമാനമെന്നാണ് യൂബര്‍ ഇന്ത്യ, പ്രസിഡന്റ് അമിത് ജെയിന്‍ വിശേഷിപ്പിച്ചത്.