ഐപിഎൽ തുടങ്ങുന്നതിന് മുൻപ് വിവാദ നായകനായി മാറിയിരുന്നു ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി കളിക്കാതെ താരം ഐപിഎല്ലിന് ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിച്ചു.
അഹമ്മദാബാദ്: ഐപിഎൽ പതിനേഴാം സീസണിൽ കൊൽക്കത്ത ഫൈനലിലേക്ക് കടക്കുമ്പോൾ നായകൻ ശ്രേയസ് അയ്യറിന് വിമർശർക്കുള്ള ചുട്ടമറുപടി കൂടിയാണ്. രഞ്ജി ട്രോഫിയിൽ കളിക്കാത്തതിന് ബിസിസിഐയുടെ അച്ചടക്ക നടപടി നേരിട്ടെങ്കിലും താൻ തളരില്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം.
ക്വാളിഫയറിൽ ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത ഫൈനലിലേക്ക് മുന്നേറിയതോടെ ഐപിഎൽ മൂന്നാം കിരീടത്തിന് ഒരൊറ്റ ജയം അകലെയാണ് ശ്രേയസും സംഘവും. തട്ടിമുട്ടി പ്ലേ ഓഫിലെത്തിയതല്ല. ഒന്നാം സ്ഥാനത്തിന്‍റെ തലപ്പൊക്കവുമായാണ് കെ കെ ആറിന്‍റെ മുന്നേറ്റം. ഐപിഎൽ ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം കൊൽക്കത്ത സ്വന്തമാക്കുന്നത്. ഈ സീസണിൽ പരാജയമറിഞ്ഞത് മൂന്ന് മത്സരങ്ങളിൽ മാത്രം. കൊൽക്കത്തയുടെ കുതിപ്പ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുമ്പോൾ നായകൻ ശ്രേയസ് അയ്യരും ശ്രദ്ധ നേടുകയാണ്.
ഐപിഎൽ തുടങ്ങുന്നതിന് മുൻപ് വിവാദ നായകനായി മാറിയിരുന്നു ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി കളിക്കാതെ താരം ഐപിഎല്ലിന് ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിച്ചു. ശ്രേയസ് പരിക്കുണ്ടെന്ന് കള്ളം പറഞ്ഞതായി ആരോപണം. ഒടുവിൽ ശ്രേയസിന് താക്കീത് നൽകി ബിസിസിഐ. വാർഷിക കരാറിൽ ഉൾപ്പെടുത്താതെ അച്ചടക്ക നടപടി. ട്വന്‍റി 20 ലോകകപ്പിലും താരം പടിക്ക് പുറത്തായി. ഇതിലൊന്നും താൻ തളരില്ലെന്ന് വ്യക്തമാക്കുകയാണ് ശ്രേയസ് അയ്യർ.
ഈ ഐപിഎല്ലിൽ സുനിൽ നരെയ്നും ഫിൽ സാൾട്ടിനും പിന്നിൽ കൊൽക്കത്തയ്ക്കായി ഏറ്റവും കൂടതൽ റൺസ് നേടിയത് ശ്രേയസ് ആണ്. ക്വാളിഫയറിലെ നിർണായക പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിച്ചതും നായകൻ തന്നെ. 24 പന്തിൽ 58 റൺസ്. 5 ബൗണ്ടറിയും 4 സിക്സും അടങ്ങുന്ന വെടിക്കെട്ട് ഇന്നിംഗ്സ്. കൊൽക്കത്തയുടെ ഫൈനൽ മുന്നേറ്റത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം ശ്രേയസ് പറഞ്ഞിരുന്നു. കൂട്ടായ ഉത്തരവാദിത്തം പ്രധാനമാണ്. ഞങ്ങൾ പരസ്പരം അത് ഏറ്റെടുത്തുവെന്നും ശ്രേയസ് അയ്യർ പറഞ്ഞിരുന്നു.
മെയ് 26 ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ കൊൽക്കത്ത ഐപിഎൽ കിരീടമുയര്‍ത്തിയാല്‍ അത് ശ്രേയസിന്‍റെ കരിയർ മാറ്റിമറിക്കുമെന്ന് കരുതുന്നവരാണ് ഏറെയും. ഹാർദിക് പാണ്ഡ്യ നിറം മങ്ങിയതിനാൽ ശ്രേയസ് അയ്യറിനെ ഇന്ത്യയുടെ അടുത്ത നായക സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം. കൂൾ ക്യാപ്റ്റനായ ശ്രേയസിനെ പിന്തുണക്കുന്ന മുൻ ക്രിക്കറ്റ് താരങ്ങളും നിരവധിയാണ്. ഇന്ത്യൻ ടീമീന്‍റെ അടുത്ത കോച്ചായി ഗൗതം ഗംഭീർ എത്തിയാൽ ശ്രേയസിന് മുന്നിൽ കൊട്ടിയടച്ച വാതിലുകൾ ഉടൻ തുറന്നേക്കാം.
