മധ്യനിരയില്‍ ശിവം ദുബെയെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കുകയാണെങ്കില്‍ അതിനെക്കാള്‍ നല്ലത് മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കുന്നതാണെന്ന് ശ്രീശാന്ത്.

ടെക്സാസ്: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ആദ്യ മൂന്ന് കളികളിലും പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ കളിച്ചത്. ഓപ്പണിംഗില്‍ വിരാട് കോലി-രോഹിത് ശര്‍മ സഖ്യം തിളങ്ങിയില്ലെങ്കിലും വരും മത്സരങ്ങളിലും ഇരുവരും തുടരുന്നതാണ് നല്ലതെന്ന് മുന്‍ ഇന്ത്യന്‍ പേസറായ എസ് ശ്രീശാന്ത് പറഞ്ഞു. വലം കൈ-ഇടം കൈ ഓപ്പണര്‍മാരാണ് വേണ്ടതെന്നായിരുന്നു തന്‍റെ ആദ്യ നിലപാടെങ്കിലും രോഹിത്തും കോലിയും തമ്മിലുള്ള സാഹോദര്യം കാണുമ്പോള്‍ ഇരുവരും തന്നെ തുടരുന്നതാണ് നല്ലതെന്നാണ് എന്‍റെ അഭിപ്രായം. 2022ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കോലി വിജയം സമ്മാനിച്ചപ്പോള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ രോഹിത് കോലിയെ എടുത്തുയര്‍ത്തിയ ദൃശ്യം ഇപ്പോഴും മറക്കാനാവില്ല. ഇരുവരും ചേര്‍ന്ന് മികച്ച സ്ട്രൈക്ക് റേറ്റില്‍ 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്.

ലോകകപ്പിലെ പാക്കിസ്ഥാന്‍റെ പുറത്താകലിന് കാരണം ടീമിലെ തമ്മിലടി; ക്യാപ്റ്റന്‍സിക്കായി പോരടിച്ച് 3 താരങ്ങള്‍

മധ്യനിരയില്‍ ശിവം ദുബെയെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കുകയാണെങ്കില്‍ അതിനെക്കാള്‍ നല്ലത് മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കുന്നതാണെന്നും ശ്രീശാന്ത് പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് കളിക്കാന്‍ സഞ്ജുവിനാവും. തുടക്കത്തില്‍ മൂന്നോ നാലോ വിക്കറ്റ് പോയാല്‍ നങ്കൂരമിട്ട് കളിച്ച് ഹാര്‍ദ്ദിക്കിനും ജഡേജക്കുമൊപ്പം ഫിനിഷ് ചെയ്യാന്‍ സഞ്ജുവിനാവും. അടിച്ചു തകര്‍ക്കേണ്ട ഘട്ടത്തില്‍ ആദ്യ പന്തുമുതല്‍ തകര്‍ത്തടിക്കാനും സഞ്ജുവിനാവുമെന്നും ശ്രീശാന്ത് പറഞ്ഞു. ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയ ശിവം ദുബെ അമേരിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 35 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. അമേരിക്കക്കെതിരെ ഒരോവര്‍ മാത്രം പന്തെറിഞ്ഞ ദുബെ 11 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക