മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെ പ്രാധാന്യം വിലകുറച്ച് കാണരുതെന്ന് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യന്‍ മധ്യനിരക്ക് അനിവാര്യമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ധോണിയുടെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളും ഇന്ത്യ തോറ്റിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് പരമ്പരയില്‍ 2-0 ലീഡെടുത്ത ഇന്ത്യ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങള്‍ തോറ്റാണ് പരമ്പര അടിയറവെച്ചത്.

ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുശേഷം ധോണിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചതിനെതിരെ മുന്‍ താരങ്ങള്‍ അടക്കം രംഗത്തുവന്നിരുന്നു. ധോണിയുടെ അഭാവത്തില്‍ കോലിയുടെ ക്യാപ്റ്റന്‍സിയും വിമര്‍ശന വിധേയമായിരുന്നു.