ക്രൈസ്റ്റ്‌ചര്‍ച്ച്: ശനിയാഴ്ച തുടങ്ങുന്ന ന്യൂസിസന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓപ്പണറായി പൃഥ്വി ഷാ തുടരുമെന്ന സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി 30 റണ്‍സ് മാത്രമെടുത്ത ഷാ മായങ്ക് അഗര്‍വാളിനൊപ്പം മികച്ച തുടക്കം നല്‍കുന്നതില്‍ പരാജയപ്പെട്ടിരുന്നു. യുവതാരത്തിന് ഓപ്പണര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യമായ സമയവും ആത്മവിശ്വാസവും നല്‍കുമെന്നും തുറന്ന മനസോടെ കളിക്കാനിറങ്ങിയാല്‍ പൃഥ്വി ഷാ വിനാശികാരിയായ ഓപ്പണിംഗ് ബാറ്റ്സ്മാനാണെന്നും കോലി പറഞ്ഞു.

പിച്ചിന്റെ വേഗതയും സാഹചര്യങ്ങളും മനസിലാക്കി ബാറ്റ് ചെയ്യേണ്ട ആവശ്യമെയുള്ളു. അത് മനസിലാക്കി തുറന്ന മനസോടെ ബാറ്റിംഗിനിറങ്ങിയാല്‍ പൃഥ്വി അടിച്ചു തകര്‍ക്കും. തനിക്കതിന് കഴിയുമെന്ന് ഷാ വിശ്വസിച്ചു തുടങ്ങിയാല്‍ കളി മാറുമെന്നും കോലി പറഞ്ഞു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഷായ്ക്ക് കുറച്ച് സമയം അനുവദിക്കാന്‍ ടീം മാനേജ്മെന്റ് തയാറാണെന്നും റണ്‍സടിച്ചു തുടങ്ങിയാല്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ യുവതാരത്തിനാവുമെന്നും കോലി പറഞ്ഞു.

വലിയ സ്കോറുകള്‍ എങ്ങനെ നേടണമെന്ന് ഷായ്ക്ക് അറിയാം. കാരണം അയാള്‍ സ്വാഭാവിക സ്ട്രോക്ക് പ്ലേയറാണ്. ചെറിയ സ്കോറുകള്‍ എങ്ങനെ വലിയ സ്കോറുകളാക്കി മാറ്റാമെന്നും പൃഥ്വിക്ക് നല്ലപോലെ അറിയാം-കോലി പറഞ്ഞു. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.

പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കണമെന്ന് ആദ്യ ടെസ്റ്റിന് മുമ്പേ ആവശ്യമുയര്‍ന്നിരുന്നു. ഇന്ത്യ എക്കായി ന്യൂസിലന്‍ഡ്നെതിരെ മികച്ച പ്രകടനം നടത്തിയത് ശുഭ്മാന്‍ ഗില്ലിന് അനുകൂല ഘടകമാണ്. എന്നാല്‍ രണ്ടാം ടെസ്റ്റിലും പൃഥ്വിയെ തന്നെ പരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് കോലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.