വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ നിര്‍ണായകമായത് ഋഷഭ് പന്തിന്റെ റണ്ണൗട്ടായിരുന്നു. രണ്ടാംദിനം ആദ്യം ഇന്ത്യക്ക് ആദ്യം നഷ്ടമായ വിക്കറ്റും പന്തിന്റേത് തന്നെ. അഞ്ചിന് 122 എന്ന നിലയില്‍ രണ്ടാംദിനം ആരംഭിച്ച ഇന്ത്യക്ക് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ആദ്യവിക്കറ്റ് നഷ്ടമായി. അജാസ് പട്ടേലിന്റെ നേരിട്ടുള്ള ഏറില്‍ പന്ത് റണ്ണൗട്ടാവുകയായിരുന്നു. പിന്നീട് 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

രണ്ടാം ദിവസത്തെ ആദ്യ ഓവറില്‍ തന്നെ ഒരു സിക്‌സ് നേടി പന്ത് ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ റണ്ണൗട്ട് നിര്‍ഭാഗ്യകരമായ സംഭവമായി. അജിന്‍ക്യ രഹാനെയും പന്തും തമ്മില്‍ ആശയവിനിമയമില്ലാതെ പോയതാണ് പന്തിന്റെ വിക്കറ്റ് നഷ്ടത്തില്‍ അവസാനിച്ചത്. പന്ത് പോയിന്റിലേക്ക് തട്ടിയിട്ട രഹാനെ സിംഗിളാനായി ഓടുകയായിരുന്നു. എന്നാല്‍ പന്ത് വേണ്ടെന്ന് പറയുന്നുണ്ടായിരുന്നുവെങ്കിലും രഹാനെ പിച്ചിന്റെ മധ്യഭാഗം പിന്നിട്ടിരുന്നു. പന്താവട്ടെ മനസില്ലാ മനസോടെ ഓടുകയായിരുന്നു. പട്ടേലിന്റെ ത്രോ കൃത്യമായി ബെയ്ല്‍സ് ഇളക്കിയതോടെ പന്തിന് പുറത്തേക്ക് പോവേണ്ടിവന്നു. 

അവിടെ സിംഗിള്‍ ഉണ്ടായിയിരുന്നുവെങ്കിലും നോണ്‍ സ്‌ട്രൈക്കിലുള്ള വേണ്ടെന്ന് പറഞ്ഞത് രഹാനെ മാനിക്കണമായിരുന്നുവെന്നാണ്  ക്രിക്കറ്റ് ലോകം പറയുന്നത്. ആശയകുഴപ്പമുണ്ടാവാതെ നോക്കേണ്ടത് സീനിയര്‍ താരമായ രഹാനെയുടെ കടമയായിരുന്നുവെന്നും ക്രിക്കറ്റ് ആരാധകരുടെ പക്ഷം. ടെസ്റ്റ് ക്രിക്കറ്റില്‍ രഹാനെ ക്രീസില്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന ആദ്യ റണ്ണൗട്ട് സംഭവം കൂടിയാണിത്. വീഡിയോ കാണാം.