മെല്‍ബണ്‍: ഐസിസി ടി20 വനിതാ ലോകകപ്പില്‍ ഫൈനല്‍ വരെ ഇന്ത്യന്‍ പെണ്‍പട നടത്തിയ പോരാട്ടം കാഴ്ചക്കാരുടെ എണ്ണത്തിലും പ്രതിഫലിച്ചു. ഫൈനല്‍ വരെ ഇന്ത്യ എത്തിയതോടെ ടൂര്‍ണമെന്റിന് ലഭിച്ചത് റെക്കോര്‍‍ഡ് കാണികള്‍. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടുവരെ നടന്ന ടൂര്‍ണമെന്റ് ടെലിവിഷനിലും ഹോട്ട് സ്റ്റാറിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലുമായി ലോകത്താകെ കണ്ടത് 110 കോടി ആളുകളാണ്. 2019ലെ പുരുഷന്‍മാരുടെ ഏകദിന ലോകകപ്പ് കഴിഞ്ഞാല്‍ ഐസിസിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലോകകപ്പെന്ന ഖ്യാതിയും ഇതോടെ വനിതാ ടി20 ലോകകപ്പിന് ലഭിച്ചു.

2018ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 വനിതാ ലോകകപ്പിന് ലഭിച്ചതിന്റെ ഇരുപതിരിട്ടി അധികം പ്രേക്ഷകര്‍ ഇത്തവണ ടെലിവിഷനിലൂടെയും മൊബൈലിലൂടെയും ലോകകപ്പ് കണ്ടു. 2017ലെ വനിതകളുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയപ്പോള്‍ കണ്ടതിനേക്കാള്‍ പത്തിരട്ടി അധികം കാഴ്ചക്കാര്‍ ഇത്തവണ വനിതാ ടി20 ലോകകപ്പിനുണ്ടായി. ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ 86,174 കാണികളാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരം നേരിട്ട് വീക്ഷിച്ചത്.

ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിന് മാത്രം ടെലിവിഷനില്‍ 1.78 ബില്യണ്‍ വ്യൂവിംഗ് മിനുട്ട് ലഭിച്ചു. 2018ലെ ടി20 വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ചതിന്റെ 59 ഇരട്ടിയാണിത്. ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ മാത്രം ടെലിവിഷനില്‍ 92 ലക്ഷം കാഴ്ചക്കാരാണ് ലൈവായി കണ്ടത്. ഫൈനല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുകല്‍ പേര്‍ കണ്ടത് ടൂര്‍ണമെന്റിലെ ഇന്ത്യ-ഓസ്ട്രേലിയ ഗ്രൂപ്പ് മത്സരമായിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ സമയത്ത് ഹോട്ട് സ്റ്റാറില്‍ മാത്രം 31 ലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. ഓസ്ട്രേലിയയിലാകട്ടെ ഇത് 12 ലക്ഷമായിരുന്നു.