ലണ്ടന്‍: ഈ ലോകകപ്പിലും സച്ചിൻ ടെൻഡുൽക്കറുടെ റൺവേട്ടയുടെ റെക്കോർഡിന് ഇളക്കം തട്ടിയേക്കില്ല. ഒരു ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ താരമെന്ന പെരുമ ഇനിയും സച്ചിനൊപ്പം ഉണ്ടാകാനാണ് സാധ്യത.

റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട രണ്ട് താരങ്ങളായിരുന്നു രോഹിത് ശർമ്മയും ഡേവിഡ് വാർണറും. ഇന്ത്യയും ഓസ്ട്രേലിയയും സെമിയിൽ തോറ്റതോടെ വമ്പന്‍ അടിക്കാരായ ഇരുവരും മടങ്ങി. രോഹിത് 648 റണ്‍സും വാർണർ 647 റണ്‍സും നേടിയാണ് മടങ്ങിയത്. സച്ചിന്‍റെ റെക്കോർഡ് മറികടക്കുമെന്ന് പ്രതീക്ഷ സമ്മാനിച്ച ഇരുവരും ലോകകപ്പില്‍ നിന്നും പുറത്തുപോയതോടെ സച്ചിന്‍റെ 673 റണ്‍സെന്ന റെക്കോര്‍ഡ് ഇപ്പോഴും തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു.

എങ്കിലും ആ റെക്കോർഡിന് ഇളക്കം തട്ടില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ല. 549 റൺസുള്ള ജോ റൂട്ടും 548 റൺസുള്ള കെയ്ൻ വില്യംസണും ഫൈനലിൽ പാഡുകെട്ടുന്നുണ്ട്. സച്ചിനെ മറികടക്കാൻ റൂട്ടിന് 125 റൺസും വില്യംസണിന് 126 റൺസുമാണ് വേണ്ടത്. തക‍ർപ്പൻ ഫോമിൽ കളിക്കുന്ന ഇവരിലൊരാൾ 673 എന്ന മാന്ത്രിക സംഖ്യ മറികടന്നാൽ അത്ഭുതപ്പെടാനില്ല.