വയനാട്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്. 

സ്ഥാപനം പൂട്ടാന്‍ സാമൂഹിക നീതി വകുപ്പ് നിർദേശം നല്‍കി. തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കോഴ്സുകളിലായി ഭിന്നശേഷിക്കാരായ 25 വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. ടീച്ചർമാരടക്കം 15 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. 
 
ട്രസ്റ്റ് അധികൃതരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് ഒൻപത് ജീവനക്കാരാണ് പരാതി നല്‍കിയത്. വിദ്യാർത്ഥികള്‍ ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതി, ജില്ലാ ലീഗല്‍സർവീസ് അതോറിറ്റി ജില്ലാപോലീസ് മേധാവിക്ക് കൈമാറി.

സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് പഞ്ചായത്ത് നല്‍കിയ റിപ്പോർട്ടില്‍ സ്ഥാപനത്തിന് നിയമപരമായി പ്രവർത്തനം തുടരാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കുന്നു. തുടർന്ന് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ആരോപണങ്ങള്‍ തൊഴില്‍ പരിശീലന കേന്ദ്രം ചെയർമാന്‍ നിഷേധിച്ചു.