എറണാകുളം: ജില്ലയില്‍ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കൊല്ലം പരവുരില്‍ നിന്നും ഹരിപ്പാടുനിന്നും ആണ് ഇവരെ പിടികൂടിയത്. മാലമോഷണക്കേസിലെ പ്രതികള്‍ കോട്ടയം സ്വദേശി ജോബിന്‍ ജോസ് , തലയോലപ്പറമ്പ് സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്.

ജോബിന്‍ ജോസ് കഴിഞ്ഞ മൂന്ന് മാസമായി പുത്തന്‍കുളത്തെ ആനത്താവളത്തില്‍ രണ്ടാം പാപ്പാനായി ജോലി ചെയ്ത് വരികയായിരുന്നു. പൊലീസ് ഇറക്കിയ തിരച്ചില്‍ നോട്ടീസ് കണ്ട് സംശയം തോന്നിയ ആനയുടമ തന്നെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. 

തുടര്‍ന്ന് പരവൂര്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൂട്ടു പ്രതിയായ പ്രശാന്ത് ഹരിപ്പാട് ഒരിടത്ത് രണ്ടാം പാപ്പാനായി ജോലി ചെയ്യുന്ന വിവരം അറിയുന്നത്. ഹരിപ്പാടെത്തി ഇയാളേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ മുളന്തുരുത്തി പൊലീസിന് കൈമാറും.