കോട്ടയം; സിനിമയില്‍ അഭിനയിക്കാന്‍ യുവതികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന മെഡിക്കല്‍ ലാബുകളിലെത്തി സ്ത്രീകളെ കടന്നുപടിച്ചയാള്‍ അറസ്റ്റില്‍. നിങ്ങളെ പോലെയുള്ളവരായാണ് സിനിമയിലേക്ക് തേടുന്നതെന്ന് പറഞ്ഞാണ് യുവതികളെ ഇയാള‍് കടന്നുപിടിച്ചത്. മല്ലപ്പള്ളി സിയോന്‍പുരം ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ്ജിനെയാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പാറത്തോട്ടിലും മറ്റ് പ്രദേശങ്ങളും യുവതികള്‍ തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി സിനിമാ കാസ്റ്റിങ്ങെന്ന പേരില്‍ യുവതികളുടെ അളവെടുക്കണമെന്ന് പറയുന്നതായിരുന്നു ഇയാളുടെ രീതി. തുടര്‍ന്ന് അളവെടുക്കുന്നുവെന്ന തരത്തില്‍ യുവതികളെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്യും. പലരും പരാതി പറയാന്‍ തയ്യാറാകാത്തത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഇത്തരം കുറ്റകൃത്യങ്ങള്‍ പതിവാക്കിയ ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, കാഞ്ഞിരപ്പള്ളി, പാറത്തോട്, പൊടിമറ്റം ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെത്തിയാണ് ഇയാള്‍ യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചത്. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതായും മോഷണക്കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കുറ്റകൃത്യം നടത്തിയ ശേഷം പെട്ടെന്നു തന്നെ കടന്നു കളയുന്ന ഇയാളെ പൊലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. എസ്ഐ മുകേഷ് ടിഡി, സിപിഒ റിച്ചാര‍്ഡ്, ഷാജി ചാക്കോ, എഎസ്ഐ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാള്‍ വീട്ടിലെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.