തിരുവനന്തപുരം: പോത്തൻകോട് നടുറോഡിൽ യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികള്‍ക്ക് മണിക്കൂറുകൾക്കകം ജാമ്യം നൽകി പൊലീസ് വിട്ടയച്ചു. കൊലപാതക ശ്രമത്തിന് ആദ്യ കേസെടുത്തിട്ടും ഈ വകുപ്പുകളെല്ലാം മാറ്റി നിസ്സാരകുറ്റങ്ങളുടേതാക്കി മാറ്റി. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്നാണ് പ്രതികളെക്കെതിരായ വകുപ്പുകള്‍ മാറ്റിയതെന്നാണ് ആക്ഷേപം.

വാഹനം വഴിമാറുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് നടുറോഡിൽ ഒരു സംഘമാളുകൾ യുവാവിനെ മ‍ർദ്ദിച്ചത്. അനൂപ് ചന്ദ്രൻ എന്ന ചെറുപ്പക്കാരനാണ് മർദ്ദനമേറ്റത്. അനൂപിനെ മ‍ർദ്ദിക്കുന്ന രംഗം ഒരു വഴിയാത്രക്കാരൻ ചിത്രീകരിച്ച്, ഇത് നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

അനിൽ ചന്ദ്രൻ, ഷിബു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ചേർത്ത ഷിബുവും കുടുംബവും ബൈക്കിൽ സഞ്ചരിക്കുന്നതിടെയാണ് തർക്കമുണ്ടായത്. പ്രതികള്‍ക്കെതിരെ ആദ്യം കൊലപാതക ശ്രമത്തിനാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. പിന്നീട് നിസ്സാരവകുപ്പുകള്‍ ചുമത്തി ഷിബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രണ്ടാം പ്രതിയെ ഇതുവരെ പിടികൂടിയിട്ടുമില്ല. എന്നാൽ പരസ്പരമുണ്ടായ വാക്കുതർക്കം പെട്ടെന്ന് അടിയിലേക്ക് കലാശിച്ചതാണെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നുമാണ് പൊലീസ് പറയുന്നത്.

വിശദമായ അന്വേഷണത്തിൽ കൊലപാതകശ്രമം നിലനിൽക്കാത്തതു കൊണ്ടാണ് പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയതെന്നാണ് പൊലീസ് ഭാഷ്യം. അടികൊണ്ട അനൂപാണ് ആദ്യം ഷിബുവിനെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.  എന്നാൽ പ്രതികള്‍ക്കുവേണ്ടി പൊലീസിലുണ്ടായ രാഷ്ട്രീയ ഇടപെടലാണ് വകുപ്പുകള്‍ മാറ്റാൻ കാരണമെന്നാണ് ഇപ്പോൾ ആരോപണമുയരുന്നത്.